ടെസ്റ്റ് ക്രിക്കറ്റിൽ ടൈ സംഭവിച്ചോ :ക്രിക്കറ്റ്‌ പ്രേമികളെ ഞെട്ടിച്ച സംഭവം ഇതാണ്

First ever tied test match

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ സംഭവിച്ച ആദ്യ ടൈയെ പറ്റി ക്രിക്കറ്റ് പ്രാന്തന്‍മാര്‍ ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗമായ സുരേഷ് വാരിയത്ത് എഴുതുന്നു.

ടൈ- ക്രിക്കറ്റിലെ ഏറ്റവും ആവേശഭരിതവും ഉദ്വേഗജനകവുമായ മുഹൂർത്തങ്ങളിലൊന്ന്. ട്വൻ്റി-ട്വൻ്റി യിൽ ടൈ വന്നാൽ സൂപ്പർ ഓവറിലേക്ക് ആവേശം മുന്നേറുമെന്നിരിക്കേ ഏകദിന മത്സരങ്ങളിൽ സുപ്രധാന ICC ടൂർണമെൻ്റുകളിലെ നോക്കൗട്ട് സ്റ്റേജുകളിലൊഴികെ മത്സരഫലം ടൈ എന്നു തന്നെ രേഖപ്പെടുത്തുന്നു (2019 ലോകകപ്പ് ഫൈനൽ ഓർക്കുക)….. ടെസ്റ്റിൽ അവസാന ഇന്നിങ്ങ്സിൽ ചെയ്സ് ചെയ്യുന്ന ടീം വിജയത്തിന് ഒരു റൺ പിന്നിൽ സ്കോർ തുല്യമായാൽപ്പോലും ഓൾ ഔട്ട് ആയില്ലെങ്കിൽ അത് സമനിലയായി കണക്കാക്കും (ഉദാ:- 2011 ൽ ഇന്ത്യാ X വിൻഡീസ് മുബൈ ടെസ്റ്റ് , കളിയുടെ അവസാന പന്തിൽ ഒമ്പതാം വിക്കറ്റ് വീഴുമ്പോൾ ഇന്ത്യ വിജയത്തിന് ഒരു റൺ പുറകിലായിരുന്നു). ലോക പുരുഷ ടെസ്റ്റ് ചരിത്രത്തിൽ കളിച്ച 4842 കളികളിൽ 2 എണ്ണം മാത്രമാണ് ടൈയിൽ കലാശിച്ചത്…. ആ ചരിത്രത്തിലേക്ക് ഒരെത്തി നോട്ടം

1960 ഡിസംബർ ….. ഇന്നത്തെപ്പോലെ അക്കാലത്തും വർഷാവസാനം ഒരു ടീം ഓസ്ട്രേലിയയിലെത്തുന്ന പതിവുണ്ട്. ഡിസംബർ 9 ന് റിച്ചി ബെനഡിൻ്റെ ഓസീസിനെ ആദ്യ ടെസ്റ്റിൽ നേരിടാൻ ഗാരി സോബേഴ്സും റോഹൻ കൻഹായ് യും വെസ് ഹാളുമടങ്ങിയ സർ ഫ്രാങ്ക് വൊറേലിൻ്റെ വെസ്റ്റിൻഡീസ് ബ്രിസ്ബേനിലെ ഗാബയിലിറങ്ങി.ടോസ് നേടി ബാറ്റു ചെയ്ത വിൻഡീസ് സോബേഴ്‌സിൻ്റെ 132, ഫ്രാങ്ക് വൊറേലിൻ്റെ 65, കീപ്പർ ജെറി അലക്സാണ്ടറുടെ 60, ഹാളിൻ്റെ 50 മികവിൽ അലൻ ഡേവിസൻ്റെ അഞ്ച് വിക്കറ്റ് പ്രകടനത്തെ മറികടന്ന് 453 റൺസ് പടുത്തുയർത്തി. മറുപടിയായി പക്ഷേ ബോബ് സിംസൺ 92 ഉം നോം ഒ’നീൽ 181 ഉം നേടിയപ്പോൾ വെസ് ഹാളിൻ്റെ ( 4 വിക്കറ്റ് ) ശക്തമായ വെല്ലുവിളിയെ അതിജീവിച്ച് ഓസീസ് 505 റൺസ് നേടി. രണ്ടാമിന്നിംഗ്‌സിൽ ആറു വിക്കറ്റുമായി വീണ്ടും അലൻ ഡേവിസൻ വിൻഡീസ് നിരയെ ചിതറിച്ചപ്പോൾ ഫ്രാങ്ക് വൊറേലിൻ്റെ 65 ഉം കൻഹായിടെ 54 ഉം ചേർന്ന് അവർ ഒരു വിധം 284 റൺസ് ഒപ്പിച്ചു

ജയിക്കാൻ 233 എന്ന ലക്ഷ്യവുമായി ഇറങ്ങിയ ഓസീസിനെ വെസ് ഹാൾ വീണ്ടും ഞെട്ടിച്ചു. 49 റൺസ് നേടുമ്പോഴേക്കും ഹാളിന് നാലു വിക്കറ്റ് സമ്മാനിച്ച അവർ ഒരു ഘട്ടത്തിൽ 6 ന് 92 എന്ന നിലയിൽ പരാജയം മുന്നിൽ കണ്ടു. ഏഴാം വിക്കറ്റിൽ ക്യാപ്റ്റൻ റിച്ചി ബെനഡിനൊപ്പം ഒത്തുചേർന്ന അലൻ ഡേവിസൺ ഇത്തവണ ബാറ്റു കൊണ്ടും അവരുടെ രക്ഷകനായി. 134 റൺസ് ഏഴാം വിക്കറ്റിൽ ചേർത്ത് ഡേവിസൻ (80) റൺ ഔട്ടായപ്പോൾ രണ്ടു റൺ കൂടി ചേർത്ത് ബെനാഡും (52) വെസ് ഹാളിൻ്റെ അഞ്ചാം വിക്കറ്റായതോടെ അവരുടെ വിജയ സ്വപ്നങ്ങൾ ഇരുട്ടിലായി

See also  "മാതൃകയാക്കിയത് ധോണിയെയും കോഹ്ലിയേയും"- വമ്പൻ ഇന്നിങ്സിന് ശേഷം ബട്ലർ..

കളിയുടെ അവസാന ഓവർ… കളി ഓസ്ട്രേലിയയിൽ ആയതിനാൽ അക്കാലത്ത് ഒരു ഓവർ എന്നാൽ 8 പന്തുകളാണ്. വെസ് ഹാൾ ബൗളിങ് ആരംഭിച്ചു. ഓസ്ട്രേലിയക്ക് ജയിക്കാൻ വേണ്ടത് ആറു റൺസ്. ആദ്യ പന്തിൽ സിംഗിളെടുത്ത വാലി ഗ്രൗട്ട് റിച്ചി ബെനഡിന് സ്ട്രൈക്ക് കൈമാറി. ഇനി ഏഴു പന്തിൽ അഞ്ച് റൺസ്. അടുത്ത പന്തിൽ പക്ഷേ ബെനാഡ് കീപ്പർ പിടിച്ച് പുറത്ത്. പത്താമൻ ഇയാൻ മക്കിഫിന് മൂന്നാം പന്തിൽ റൺ നേടാൻ പറ്റാതായതോടെ അഞ്ചു പന്തിൽ അഞ്ചു റൺസ് എന്ന പ്രഷർ സിറ്റ്വേഷൻ ……… നാലാം പന്തിൽ മക്കിഫ് ഒരു ബൈ നേടിയതോടെ ഇനി വേണ്ടത് നാലിൽ നാല് . അഞ്ചാം പന്തിൽ ഉറപ്പായ ക്യാച്ച് സ്ക്വയർലെഗിൽ കൻഹായിയും വെസ് ഹാളും തമ്മിലുള്ള ആശയക്കുഴപ്പത്തിൽ കൈവിടുമ്പോൾ ഗ്രൗട്ടിനും ഓസീസിനും ഒരു റൺ, ഇനി വേണ്ടത് മൂന്ന് പന്തിൽ മൂന്ന്. ആറാം പന്ത് വലിച്ചടിച്ച മക്കിഫ് ഗ്രൗട്ടുമൊത്ത് രണ്ടു റൺ ഓടി മൂന്നാം റണ്ണിനും വിജയത്തിനും ശ്രമിക്കവേ ഡീപ് മിഡ് വിക്കറ്റ് ബൗണ്ടറിയിൽ തകർപ്പൻ ത്രോ കീപ്പറുടെ ഗ്ലൗസിൽ എത്തുമ്പോൾ മക്കിഫ് ക്രീസിൽ നിന്ന് ഒരു വാര പുറകിലായിരുന്നു

ഏഴാം പന്ത്, അവസാന ബാറ്റ്സ്മാൻ ലിൻസേ ക്ലിൻ ക്രീസിൽ… ജയിക്കാൻ ഒരു റൺ, രണ്ടു പന്തു ബാക്കി… വെസ് ഹാളെന്ന അതികായനായ ആറടി രണ്ടിഞ്ചുകാരൻ കളിയവസാനിപ്പിക്കാൻ ഡെലിവറി സ്ട്രൈഡിലേക്ക് ഓടിയെത്തുന്നു… സ്ക്വയർലെഗിലേക്ക് കളിച്ച പന്തിൽ പക്ഷേ ഒരു റൺ ഉണ്ടായിരുന്നില്ല. ഒറ്റ സ്റ്റംപ് ലക്ഷ്യം വച്ച് 12 മീറ്റർ അകലെ നിന്ന് ജോ സോളമൻ കൃത്യമായി എറിയുമ്പോൾ മക്കിഫ് ക്രീസിൽ നിന്നും ഏതാനും ഇഞ്ച് പുറകിലായിരുന്നു….. അവിടെ പിറന്നത് ടെസ്റ്റിലെ ആദ്യ ടൈ.

Scroll to Top