എന്റെ ചിരിക്ക് കാരണം അതാണ്‌ :രഹസ്യം തുറന്ന് പറഞ്ഞ് ജസ്‌പ്രീത് ബുറ

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാണ് ഇന്ത്യൻ താരം ബുറ. തന്റെ തീപ്പൊരി പന്തുകളാൽ ക്രിക്കറ്റ്‌ ലോകത്ത് അതിവേഗം സുപരിചിതനായ ബുറ ഇന്ന് ഏതൊരു എതിരാളികളും ഭയക്കുന്ന ഒരു താരമാണ്. ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന താരം ഇന്ന് ഐസിസി റാങ്കിങ്ങിൽ പോലും മുൻ നിരയിൽ സ്ഥാനം ഉറപ്പിക്കുന്നു.എന്നാൽ ബൗളിംഗിന് ഒപ്പം ക്രിക്കറ്റ്‌ പ്രേമികൾ ബുറയിൽ ഇഷ്ടപെടുന്ന മറ്റൊരു പ്രധാന ഘടകമാണ് അദേഹത്തിന്റെ ടീമിലെ സഹതാരങ്ങളോടുള്ള പെരുമാറ്റം.ഏറെ ചിരിയോടെ മാത്രം കാണുന്ന ബുറ അധികം ദേഷ്യപെടുന്ന സ്വഭാവക്കാരനല്ല എന്നത് ആരാധകർക്കെല്ലാം പൊതുവേ അറിയാവുന്ന കാര്യമാണ്.ഇപ്പോൾ തന്റെ ചിരിക്കുന്ന സ്വഭാവത്തിന് പിന്നിലെ കാരണം വിശദമാക്കുകയാണ് ബുറ തന്നെ.

നേരത്തെ ഐസിസി ടെസ്റ്റ് ലോകകപ്പ് ഫൈനൽ കളിക്കുവാനായി ഇംഗ്ലണ്ടിലെ സതാംപ്ടണിൽ എത്തിയ ശേഷം താരം ഐസിസി പാനലിന് അനുവദിച്ച ഒരു പ്രത്യേക ആഭിമുഖത്തിലാണ് തന്റെ ചിരിക്കുന്ന സ്വഭാവത്തിന് പിന്നിലെ ആരും അറിയാത്ത കാരണം വിശദമാക്കിയത്. താൻ പണ്ട് വളരെയേറെ കോപത്തിൽ വരുന്ന ഒരു താരമായിരുന്നു എന്ന് പറഞ്ഞ ബുറ തന്റെ കരിയറിൽ വളരെയേറെ ദോഷമായി മാറിയെന്നും വിശദമാക്കി. താൻ ക്രിക്കറ്റിനെ ഏറെ ആസ്വദിക്കാൻ പഠിച്ചിട്ടുള്ള താരമെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.

“മുൻപൊക്കെ ഞാൻ കളിക്കളത്തിൽ ഏറെ ദേഷ്യക്കാരനായിരുന്നു. പലപ്പോഴും ഞാൻ ചെറിയ കാര്യത്തിന് വരെ അമിത ദേഷ്യം കാണിച്ചിരുന്നു. എന്നാൽ എനിക്ക് അത് യാതൊരു ഗുണവും കരിയറിൽ തന്നിട്ടില്ലയെന്നതാണ് സത്യം. പിന്നീട് എല്ലാ കാര്യങ്ങളിലും സമാധാനത്തോടെ പെരുമാറുവാൻ പഠിച്ചു.ഇപ്പോൾ ടീമിനായി കളിക്കുമ്പോൾ ചിരിച്ചുകൊണ്ടാണ് എല്ലാം നിർവഹിക്കുന്നത് എങ്കിലും എന്നിൽ ആ ആവേശം പഴയ പോലെ എല്ലാ സമയവും ഉണ്ട് “താരം അഭിപ്രായം വിശദമാക്കി. കരിയറിൽ ലങ്കൻ ഇതിഹാസ താരം ലസിത് മലിംഗ നൽകിയ ഉപദേശങ്ങൾ ഉപകാരമായതായി പറഞ്ഞ ബുറ പക്ഷേ അദ്ദേഹത്തെ അനുകരിക്കാൻ താൻ ശ്രമിച്ചിട്ടില്ല എന്നും വിശദമാക്കി.