“നീ കളിച്ചത് ടെസ്റ്റ്‌ മാച്ചാണോ?”, നേഹൽ വധേരയ്ക്കെതിരെ ആക്രമണവുമായി പഞ്ചാബ് ആരാധകർ.

2025 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ മോശം ബാറ്റിംഗ് പ്രകടനം പുറത്തെടുത്തതിന് പിന്നാലെ പഞ്ചാബ് താരം നേഹൽ വദേരയ്ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത ആക്രമണം. പഞ്ചാബിനെതിരായ ഫൈനൽ മത്സരത്തിൽ 6 റൺസിന്റെ തകർപ്പൻ വിജയമായിരുന്നു ബാംഗ്ലൂർ സ്വന്തമാക്കിയത്. 18 വർഷങ്ങൾക്ക് ശേഷമാണ് ബാംഗ്ലൂരിന് ഒരു ഐപിഎൽ കിരീടം ലഭിക്കുന്നത്. എന്നാൽ ഈ സമയത്ത് പഞ്ചാബിനായി മോശം ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച വദേരയെ സാമൂഹ്യ മാധ്യമങ്ങളിൽ നേരിടുകയാണ് ഒരുകൂട്ടം ആരാധകർ.

മത്സരത്തിന്റെ നിർണായക സമയത്ത് പഞ്ചാബിനായി ക്രീസിലെത്തിയ വദേരയ്ക്ക് വേണ്ട രീതിയിൽ തിളങ്ങാൻ സാധിച്ചില്ല. 18 പന്തുകൾ മത്സരത്തിൽ നേരിട്ട വദേര ഒരു സിക്സറടക്കം 15 റൺസ് മാത്രമാണ് സ്വന്തമാക്കിയത്. ഒരു ടെസ്റ്റ് മത്സരത്തിന് സമാനമായ രീതിയിലാണ് വദേരയുടെ ഇന്നിംഗ്സ് പിറന്നത്. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ വലിയ ആക്രമണവുമായി പഞ്ചാബ് ആരാധകർ രംഗത്തെത്തിയത്. “താങ്കൾ പഞ്ചാബിന്റെ താരമല്ല, ബാംഗ്ലൂരിന്റെ താരമായാണ് മത്സരത്തിൽ കളിച്ചത്” എന്ന് ഒരു ആരാധകൻ വദേരയുടെ കമന്റ് ബോക്സിൽ കുറിക്കുകയുണ്ടായി.

ഇത്തരത്തിൽ വധേര മോശം പ്രകടനം കാഴ്ചവച്ചതാണ് മറുവശത്തുള്ള ബാറ്റർമാരിൽ സമ്മർദ്ദമുണ്ടാകാൻ കാരണമെന്നും ആരാധകർ പറയുന്നു. “ബാംഗ്ലൂർ ടീമിനായി നിങ്ങൾ നന്നായി കളിച്ചു” എന്ന ട്രോളുകളും വദേരയുടെ കമന്റ് ബോക്സിൽ കാണാൻ സാധിക്കും. ഇത്തരത്തിൽ പൂർണ്ണമായും പഞ്ചാബ് ആരാധകർ വദേരക്കെതിരെ ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണ്. മത്സരത്തിലേക്ക് കടന്നുവന്നാൽ ടോസ് നേടിയ പഞ്ചാബ് ബാംഗ്ലൂർ ടീമിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ ബാംഗ്ലൂർ കാഴ്ചവച്ചത്. നിശ്ചിത 20 ഓവറുകളിൽ 190 റൺസ് ആണ് മത്സരത്തിൽ ബാംഗ്ലൂർ നേടിയത്.

മറുപടി ബാറ്റിംഗിൽ പല സമയത്തും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചെങ്കിലും പഞ്ചാബ് 6 റൺസകലെ വീഴുകയായിരുന്നു. പഞ്ചാബിനായി ബാറ്റിംഗിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത് ശശാങ്ക് സിങ് ആണ്. 30 പന്തുകളിൽ 61 റൺസ് നേടിയ ശശാങ്ക് പുറത്താവാതെ നിന്നു. എന്നാൽ മറ്റു ബാറ്റർമാർ പ്രതീക്ഷക്കൊത്ത് ഉയരാതെ വന്നതോടെ 6 റൺസിന്റെ പരാജയം പഞ്ചാബ് ഏറ്റു വാങ്ങുകയായിരുന്നു. ഇത് രണ്ടാം തവണയാണ് പഞ്ചാബ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനലിൽ പരാജയപ്പെടുന്നത്.