സിക്സ് അടിച്ചതിനുള്ള മധുരപ്രതികാരം : ബൗണ്ടറി ലൈനില്‍ പറന്നു പിടിച്ച് ഫാബിയന്‍ അലന്‍

ക്രിക്കറ്റ് പ്രേമികളെ എല്ലാം വളരെ ഏറെ ആവേശത്തിലാക്കിയാണ് പഞ്ചാബ് കിങ്‌സ് :രാജസ്ഥാൻ റോയൽസ് കളി അബുദാബിയിൽ നടക്കുന്നത്. ക്രിക്കറ്റ് ലോകം ആവേശപൂർവ്വം കാത്തിരുന്ന സഞ്ജു സാംസൺ :ലോകേഷ് രാഹുൽ പോരാട്ടം കൂടിയായ മത്സരത്തിൽ ഏറെ മികച്ച ഒരു തുടക്കമാണ് രാജസ്ഥാൻ റോയൽസ് ടീമിന് ലഭിച്ചത്.

എവിൻ ലൂയിസ് വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി കളം നിറഞ്ഞപ്പോൾ പഞ്ചാബ് ബൗളർമാർക്ക്‌ ഉത്തരം ഇല്ലാതെ പോയി എങ്കിലും മിഡിൽ ഓവറുകളിൽ ആരാധകരെ ഞെട്ടിച്ച ഒരു പ്രകടനമാണ് യുവതാരം അർഷ്ദീപ് സിങ് പുറത്തെടുത്തത്. അപകടകാരിയായ ലൂയിസ്, ലിവിങ്സ്റ്റൺ എന്നിവരെ തന്റെ ഓവറുകളിൽ പുറത്താക്കിയാണ് പഞ്ചാബ് ടീമിനെ മത്സരത്തിലേക്ക് വീണ്ടും കൊണ്ടുവന്നത്.

എന്നാൽ രാജസ്ഥാൻ റോയൽസ് ടീം വളരെ അധികം പ്രതീക്ഷകളോടെ സ്‌ക്വാഡിൽ എത്തിച്ച ലിവിങ്ങ്സ്റ്റണിന്‍റെ വിക്കറ്റാണ് ഇപ്പോൾ ഐപിൽ ക്രിക്കറ്റ് ആരാധകർ ഏറ്റെടുക്കുന്നത്. പറക്കും ക്യാച്ചുമായി വെസ്റ്റ് ഇൻഡീസ് താരം ഫാബിയൻ അലൻ ആരാധകരെ എല്ലാം ബൗണ്ടറി ലൈനിൽ ഞെട്ടിച്ചു.അർഷ്ദീപ് സിങ്ങിന്‍റെ ഓവറിൽ ബൗണ്ടറി ലൈനിന്‍റെ അരികിൽ നിന്നാണ് ഫാബിയൻ അലൻ അതിവേഗ ഷോട്ട് ക്യാച്ചാക്കി മാറ്റിയത്.17 പന്തിൽ 2 സിക്സും ഒരു ഫോറും നേടിയ താരം 25 റൺസ് നേടി.

ആ ഓവറില്‍ തന്നെ ഒരു 97 മീറ്റര്‍ സിക്സ് ലിവിങ്ങ്സ്റ്റോണ്‍ അടിച്ചിരുന്നു. പിന്നീടും ബൗണ്ടറി നേടാനുള്ള ശ്രമമാണ് ഫാബിയന്‍ അലന്‍റെ കൈകളില്‍ ഒതുങ്ങിയത്.