ഇന്ത്യക്ക് ഒപ്പമുണ്ട് എല്ലാ അഫ്ഘാൻ ജനതയും : വൈറലായി റാഷിദ് ഖാന്റെ വീഡിയോ സന്ദേശം

ഇന്ത്യയിൽ കോവിഡ്  വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇപ്പോൾ പുരോഗമിക്കുന്ന ഐപിൽ മത്സരങ്ങളെ അത് ബാധിക്കുമോയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം .


എന്നാൽ ഇന്ത്യക്ക് പിന്തുണയുമായി അഫ്ഘാൻ ക്രിക്കറ്റര്‍ റാഷിദ് ഖാൻ രംഗത്തെത്തി .ഇപ്പോഴത്തെ ഈ വലിയ  പ്രതിസന്ധിഘട്ടത്തില്‍ ഇന്ത്യക്കൊപ്പം  അഫ്‌ഗാനിസ്ഥാനിലെ എല്ലാവരും  അണിനിരക്കുന്നു എന്നാണ് റാഷിദ് ഖാന്‍ ട്വിറ്ററില്‍  പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്.”കഴിവതും  എല്ലാവരും സുരക്ഷിതരായി ഇരിക്കുക, വീടുകളില്‍ കഴിയുക . മാസ്ക് ധരിക്കുക , സാമൂഹ്യഅകലം പാലിക്കുക ” താരം കൂട്ടിച്ചേര്‍ത്തു.  

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ  സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ പ്രധാന സ്പിന്നർമാരിലൊരാളായ റാഷിദ് മികച്ച ഫോമിലാണ് .ചെന്നൈ സൂപ്പർ കിങ്‌സ് എതിരായ അവസാന മത്സരത്തിൽ താരം മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു .

അതേസമയം ഐപിൽ ഫ്രാഞ്ചൈസി ടീമുകളും ചില കളിക്കാരും ഇന്ത്യക്ക് സഹയാഹസ്തവുമായി എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു .ക്രിക്കറ്റ് ഇതിഹാസം  സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒരു കോടി രൂപയാണ് മിഷന്‍ ഓക്‌സിജന്‍ പദ്ധതിക്കായി നൽകിയത് .കൂടാതെ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിൻസ് ആശുപത്രികള്‍ക്കാവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങാനായി 50,000 ഡോളര്‍ ഇന്ത്യയുടെ പി എം കെയേര്‍സ് ഫണ്ടിലേക്ക് സഹായധനം നൽകിയിരുന്നു .മുൻ ഓസീസ് പേസ് ബൗളർ ബ്രെറ്റ് ലീ ഏകദേശം 41 ലക്ഷം രൂപയുടെ സഹായവും പ്രഖ്യാപിച്ചു .

അതേസമയം ഐപിൽ ടൂർണമെന്റിലെ  ഫ്രാഞ്ചൈസികളയ രാജസ്ഥാൻ റോയൽസ് ഏഴ് കോടി രൂപയും ഡൽഹി ക്യാപിറ്റൽസ് ഒന്നര കോടി രൂപയും സംഭാവന നൽകി. ഇന്ത്യയിൽ കോവിഡ് രണ്ടാം വരവ് ഏറെ വെല്ലുവിളിയാണ് സൃഷ്ഠിക്കുന്നത് .ദിനംപ്രതി മൂന്നര ലക്ഷത്തിൽ അധികം പുതിയ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട് .