കോഹ്ലി മോശം ഫോമിൽ തന്നെ പക്ഷേ ആരും വിഷമിക്കേണ്ട :കാരണം വിശദമാക്കി മുൻ പാക് താരം

ക്രിക്കറ്റ്‌ ലോകത്തും ഇന്ത്യൻ ക്രിക്കറ്റിലെ പ്രിയ ആരാധകരിലും എല്ലാം ചർച്ചയായി മാറുന്നത് ഇന്ത്യൻ നായകനും വിശ്വസ്ത ബാറ്റ്‌സ്മാനുമായ വിരാട് കോഹ്ലിയുടെ മോശം ബാറ്റിങ് പ്രകടനമാണ്. താരം അവസാന ടെസ്റ്റ് പരമ്പരകളിൽ എല്ലാം മോശം ബാറ്റിങ്ങിന്റെ പേരിൽ രൂക്ഷമായ വിമർശനങ്ങളാണ് കേൾക്കുന്നത്. താരം ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ റൺസ് ഒന്നും നേടാതെ നേരിട്ട ആദ്യ പന്തിൽ തന്നെ തന്റെ വിക്കറ്റ് നഷ്ടമാക്കിയിരുന്നു. ഇംഗ്ലണ്ട് പേസർ അൻഡേഴ്സൺ പന്തിൽ പുറത്തായ വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിലെ ചില നാണക്കേടിന്റെ റെക്കോർഡുകളും സ്വന്തം പേരിലാക്കി. ഇംഗ്ലണ്ടിനെതിരെ മൂന്നാം തവണയാണ് കോഹ്ലി ഗോൾഡൻ ഡക്കിൽ പുറത്താകുന്നത്. കൂടാതെ ഈ വർഷം നാലാം തവണയാണ് കോഹ്ലി ഡക്കിൽ പുറത്താകുന്നത്.

എന്നാൽ കോഹ്ലിയുടെ മോശം ബാറ്റിങ് ഫോം ഇംഗ്ലണ്ടിന് എതിരായ 5 ടെസ്റ്റുകൾ ഉൾപ്പെട്ട ഈ പരമ്പരയിൽ ഒരു കനത്ത തിരിച്ചടിയായി മാറുമോയെന്നുള്ള വൻ ആശങ്ക ആരാധകരിൽ സജീവമാണ്. പക്ഷേ ഈ വിഷയത്തിൽ തന്റെ ഉറച്ച ആത്മവിശ്വാസം വിശദീകരിക്കുകയാണ് മുൻ പാകിസ്ഥാൻ താരം സൽമാൻ ബട്ട്.

“നിങ്ങൾക്ക് ഒരിക്കലും കോഹ്ലിയെ ഈ മോശം ഫോമിന്റെ കാലയളവിൽ പോലും കളിയാക്കുവാൻ കഴിയില്ല . എല്ലാ ക്രിക്കറ്റ്‌ നേട്ടങ്ങളും സ്വന്തമാക്കുവാൻ വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ കഴിഞ്ഞ താരമാണ് വിരാട് കോഹ്ലി . കഴിഞ്ഞ രണ്ട് വർഷത്തിൽ അധികമായി നമ്മൾ എല്ലാം പ്രതീക്ഷിക്കുന്ന ഒരു പ്രകടനം അവന്റെ ബാറ്റിൽ നിന്നും പിറക്കുന്നില്ല പക്ഷേ ഇന്നും ലോകത്തെ ഏറ്റവും മികച്ച ഒരു ബാറ്റ്‌സ്മാനാണ് കോഹ്ലി. എഴുപത് സെഞ്ച്വറികൾ സ്വന്തമാക്കിയ അവന്റെ കഴിവിൽ ഇന്നും ആർക്കും സംശയമില്ല. ഫോമിലേക്ക്‌ എല്ലാ വെല്ലുവിളികളെയും മറികടന്ന് കോഹ്ലി തിരിച്ചുവരുമെന്നാണ് എല്ലാവരെയും പോലെ ഞാനും ഉറച്ച് വിശ്വസിക്കുന്നത് “ബട്ട് തന്റെ അഭിപ്രായം വ്യക്തമാക്കി