ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയെ അങ്ങേയറ്റം പ്രശംസിച്ച് മുൻ ഓസ്ട്രേലിയൻ താരം ആദം ഗിൽക്രിസ്റ്റ്. ഓസ്ട്രേലിയയുടെ ഇതിഹാസ ബാറ്റർമാരിൽ ഒരാളായ സർ ഡോൺ ബ്രാഡ്മാനെ പോലും വിറപ്പിക്കാൻ ശേഷിയുള്ള പേസറാണ് ബൂമ്ര എന്നാണ് ആദം ഗിൽക്രിസ്റ്റ് പറഞ്ഞിരിക്കുന്നത്. 2024 കലണ്ടർ വർഷത്തിൽ ഇന്ത്യയുടെ വിജയങ്ങളിൽ പ്രധാന സാന്നിധ്യമായിരുന്നു ജസ്പ്രീത് ബുമ്ര. 2024ലെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് വിജയത്തിൽ പ്രധാന പങ്കു വഹിച്ചതും ബൂമ്ര തന്നെയാണ്. ഇതിന് ശേഷമാണ് ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ, ബൂമ്രയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
ഓസ്ട്രേലിയയുടെ ഇതിഹാസ താരം ആയിരുന്നുവെങ്കിലും ഡോൺ ബ്രാഡ്മാൻ അടക്കമുള്ള താരങ്ങൾ ബൂമ്രയ്ക്കെതിരെ ഒരുപാട് ബുദ്ധിമുട്ടിയേനെ എന്നാണ് ഗിൽക്രിസ്റ്റ് പറയുന്നത്. ബ്രാഡ്മാന് തന്റെ കരിയറിൽ ഉണ്ടായിരുന്നത് 99.94 എന്ന ശരാശരി ആയിരുന്നു. പക്ഷേ ബൂമ്രയ്ക്കെതിരെ ഇത്തരമൊരു ശരാശരി കൊണ്ട് യാതൊരു കാര്യവുമില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഗിൽക്രിസ്റ്റ്. ഇത്തരത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നതിനാൽ തന്നെ ബുമ്രയ്ക്ക് കേവലം റേറ്റിംഗ് മാത്രം നൽകാൻ താൻ തയ്യാറാവുന്നില്ല എന്നും ഗിൽക്രിസ്റ്റ് കൂട്ടിച്ചേർത്തു.
“ഒരിക്കലും ജസ്പ്രീത് ബുമ്രയെ ഞാൻ റേറ്റ് ചെയ്യുന്നില്ല. കാരണം നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബോളറാണ് അവൻ. ഒരു നമ്പരും അവന് ചേർന്നതല്ല എന്നാണ് എന്റെ കണക്കുകൂട്ടൽ. ഒരുപക്ഷേ ഡോൺ ബ്രാഡ്മാൻ പോലും ബൂമ്രയുടെ മുൻപിൽ പിടിച്ചുനിൽക്കാൻ ഒരുപാട് ബുദ്ധിമുട്ടിയേനെ. 99ലധികം ബാറ്റിംഗ് ആവറേജ് ബ്രാഡ്മാനുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ ചില സമയങ്ങളിൽ ഇതുകൊണ്ട് യാതൊരു കാര്യവുമില്ല. ബുമ്രയ്ക്കെതിരെ ഇത് ഒരുപാട് വലുതാണെന്ന് എനിക്ക് തോന്നുന്നുമില്ല.”- ഗില്‍ക്രിസ്റ്റ് പറഞ്ഞു.
ഇന്ത്യയുടെ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിൽ തകർപ്പൻ പ്രകടനങ്ങൾ തന്നെയായിരുന്നു ബുമ്ര കാഴ്ചവച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കിയപ്പോൾ ബൂമ്ര ആയിരുന്നു താരമായി മാറിയത്. 72 റൺസ് മാത്രം വിട്ടുനൽകി 8 വിക്കറ്റുകൾ ബൂമ്ര മത്സരത്തിൽ നേടി. ശേഷം രണ്ടാം മത്സരത്തിൽ 94 റൺസ് വിട്ടുനൽകി 9 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. മെൽബണിൽ നടന്ന മത്സരത്തിലും 9 വിക്കറ്റുകൾ നേടി ഓസ്ട്രേലിയയുടെ വേരറുക്കാൻ ബുമ്രയ്ക്ക് സാധിച്ചിരുന്നു. പരമ്പരയിലെ താരമായി തിരഞ്ഞെടുത്തതും ബുമ്രയെ തന്നെയാണ്.