എറിഞ്ഞു വീഴ്ത്തി പേസര്‍മാര്‍. കരുതലോടെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍.

ഇംഗ്ലണ്ട് – ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനു തുടക്കമായി. ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 183 റണ്‍സിനെതിരെ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സെടുത്തട്ടുണ്ട്. 9 വീതം റണ്‍സെടുത്ത രോഹിത് ശര്‍മ്മ – കെല്‍ രാഹുല്‍ എന്നിവരാണ് സ്കോറില്‍. ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിംഗ്സ് സ്കോറിനു 162 റണ്‍സ് ഇനി കുറവാണുള്ളത്

ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ്

Jasprit Bumrah vs England

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനു അത്ര ശുഭകരമായിരുന്നില്ലാ.ആദ്യ ഓവറില്‍ തന്നെ ഇന്‍സ്വിംഗറില്‍ ബേണ്‍സിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി ജസ്പ്രീത് ബൂംറക്ക് ഇന്ത്യക്കായി മികച്ച തുടക്കം നല്‍കി. സാക്ക് ക്രൗളിയും – സിബ്ലിയും ചേര്‍ന്ന് കരുതലോടെ പുനരാരംഭിച്ചെങ്കിലും സിറാജിന്‍റെ പന്തില്‍ ക്രൗളിയെ (27) പന്തിന്‍റെ കൈകളില്‍ എത്തിച്ച് 42 റണ്‍സ് കൂട്ടുകെട്ട് അവസാനിപ്പിച്ചു.

ക്യാപ്റ്റന്‍ ജോ റൂട്ട്, ഡോം സിബ്ലിയുമൊത്ത് ഇന്നിംഗ്സ് പടുത്തുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും മുഹമ്മദ് ഷാമി സിബ്ലിയെ (18) മിഡ് വിക്കറ്റില്‍ രാഹുലിന്‍റെ കൈകളില്‍ എത്തിച്ചു. ക്യാപ്റ്റനോടൊപ്പം ബെയര്‍സ്റ്റോ എത്തിയതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സ് 100 കടന്നു. ബെയര്‍സ്റ്റോ 29 റണ്‍സ് നേടി പുറത്തായതിനു ശേഷം പിന്നീട് ഇംഗ്ലണ്ട് ബാറ്റസ്മാന്‍മാരുടെ ഘോഷ യാത്രയാണ് കണ്ടത്. ലോറന്‍സും ബട്ട്ലറും റണ്ണൊന്നുമെടുക്കാതെ പുറത്തായപ്പോള്‍ ഇംഗ്ലണ്ട് 145 ന് 6 എന്ന നിലയിലേക്ക് വീണു.

Root and Buttler

ഒരു ഓവറില്‍ അര്‍ദ്ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ജോ റൂട്ടിനെയും (64) റോബിന്‍സണിനെയും (0) പുറത്താക്കി ഇംഗ്ലണ്ടിനെ കനത്ത ദുരിതത്തിലേക്ക് താക്കൂര്‍ തള്ളിവിട്ടു. ബ്രോഡിനെ (4) ജസ്പ്രീത് ബൂംറ വിക്കറ്റിനു മുന്നില്‍ കുരുക്കി. പതിവുപോലെ വാലറ്റത്തേ കൂട്ടുപിടിച്ചു റണ്‍സ് ഉയര്‍ത്താന്‍ സാം കറന്‍ ( 37 പന്തില്‍ 27 ) ശ്രമിച്ചെങ്കിലും മറുവശത്ത് കാഴ്ച്ചക്കാരനാക്കി ജയിംസ് ആന്‍ഡേഴ്സണിന്‍റെ (1) കുറ്റി തെറിപ്പിച്ചു ബൂംറ ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിപ്പിച്ചു.

ഇന്ത്യന്‍ നിരയിലെ ഏക സ്പിന്നറയായ ജഡേജ മൂന്നു ഓവറാണ് എറിഞ്ഞത്. ഇംഗ്ലണ്ടിലെ പച്ചപുല്ലില്‍ ഇന്ത്യന്‍ പേസര്‍മാര്‍ പൂണ്ടു വിളയാടുന്നതാണ് കണ്ടത്. ഇന്ത്യക്കു വേണ്ടി ബൂംറ 4 വിക്കറ്റ് നേടിയപ്പോള്‍ ഷാമി 3 വിക്കറ്റ് നേടി. ടാക്കൂര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സിറാജ് ഒരു വിക്കറ്റ് സ്വന്തമാക്കി.