പിങ്ക് ടെസ്റ്റിൽ പക വീട്ടുവാനൊരുങ്ങി ഇംഗ്ലണ്ട് ടീം : ശേഷിക്കുന്ന പരമ്പരയിലെ മത്സരങ്ങൾക്കായി പ്രമുഖർ ടീമിൽ

ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അത്യന്തം ആവേശകരമായ രീതിയിലാണ് മുൻപോട്ട് പോകുന്നത് . പരമ്പരയിലെ ആദ്യ ടെസ്റ്റ് ജയിച്ച റൂട്ടിന്റെ  ഇംഗ്ലണ്ട്  ടീം ഇന്ത്യയെ ഞെട്ടിച്ചെങ്കിലും ചെപ്പോക്കിലെ രണ്ടാം ടെസ്റ്റിൽ പടുകൂറ്റൻ വിജയം
നേടി കോഹ്ലിപട പരമ്പരയിലേക്ക് മനോഹരമായി തിരികെ വന്നു .
ഇരുടീമുകളും ഓരോ  ടെസ്റ്റ് മത്സരം വീതം ജയിച്ച് പരമ്പരയിൽ  1-1 ഒപ്പത്തിനൊപ്പം ആണിപ്പോൾ .

അതേസമയം പരമ്പരയിൽ വീണ്ടും വിജയവഴിയിൽ തിരികെ  വരുവാനുള്ള തയ്യാറെടുപ്പിലാണ് ഇംഗ്ലണ്ട് ടീം  മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ അവർ  പ്രഖ്യാപിച്ച്  കഴിഞ്ഞു .ഈമാസം 24 മുതൽ  28 വരെ മൊട്ടേര സ്റ്റേഡിയത്തില്‍ നടക്കുന്ന പിങ്ക് ബാള്‍ ടെസ്റ്റിനുള്ള ടീമിനെയാണ് ഇംഗ്ലണ്ട് ടീം  പ്രഖ്യാപിച്ചത്. ചെന്നൈ ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത മൊയീന്‍ അലി നാട്ടിലേക്ക് തിരിക്കും. ആദ്യ രണ്ട് ടെസ്റ്റിലും വിശ്രമത്തിലായിരുന്ന ജോണി ബെയര്‍സ്‌റ്റോ, മാര്‍ക് വുഡ് എന്നിവര്‍ ടീമിനൊപ്പം മൂന്നാം ടെസ്റ്റിനായി ഇപ്പോൾ തന്നെ  ചേർന്നിട്ടുണ്ട്  .സ്പിന്നിനെ നല്ല രീതിയിൽ കളിക്കുന്ന ബെയർസ്‌റ്റോ  പ്ലയിംഗ് ഇലവനില്‍ ഇടം  നേടുവാനാണ് സാധ്യത .

അതേസമയം ചെപ്പോക്കിലെ രണ്ടാം ടെസ്റ്റിൽ കളിക്കാതിരുന്ന ജയിംസ് ആന്‍ഡേഴ്‌സണ്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ മൂന്നാം ടെസ്റ്റിൽ  പ്ലയിംഗ് ഇലവനിൽ  തിരിച്ചെത്തിയേക്കും .
ജോഫ്രെ  ആർച്ചർ  പരിക്കിൽ നിന്ന് മുക്തനായിട്ടുണ്ട് .  ടീമിന്റെ റൊട്ടേഷൻ  പോളിസി  പ്രകാരം രണ്ടാം ടെസ്റ്റില്‍ പുറത്തിരുന്ന ആൻഡേഴ്സണും മൂന്നാം ടെസ്റ്റ് കളിക്കും .മോയിൻ അലി നാട്ടിലേക്ക് മടങ്ങുന്നതിനാൽ രണ്ടാം ടെസ്റ്റില്‍ പുറത്തിരുന്ന ഡൊമിനിക് ബെസ്സും മൂന്നാം ടെസ്റ്റ്  കളിക്കാന്‍
സാധ്യതയേറെയാണ്.

ഇംഗ്ലണ്ട് ടീം: ജോ റൂട്ട് (ക്യാപ്റ്റന്‍), ജയിംസ് ആന്‍ഡേഴ്‌സണ്‍, ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍സ്‌റ്റോ, ഡോമിനിക് ബെസ്സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, സാക് ക്രൗളി, ബെന്‍ ഫോക്‌സ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ഒല്ലി പോപ്, ഡോം സിബ്ലി, ബെന്‍ സ്‌റ്റോക്‌സ്, ക്രിസ് വോക്‌സ്, മാര്‍ക് വുഡ്.

ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 317 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഒപ്പമെത്തി. മൂന്നാം ടെസ്റ്റ്  24 മുതല്‍ 28 വരെ അഹമ്മദാബാദില്‍ നടക്കും. മോട്ടേറയിലെ പുതുക്കി പണിത സ്റ്റേഡിയത്തിലാണ് മത്സരം .പിങ്ക് പന്തിൽ നടക്കുന്ന ഡേ :നൈറ്റ്‌ ടെസ്റ്റ്  മത്സരത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ .