ഏകദിന ക്രിക്കറ്റിൽ ഇതാദ്യം, അത്യപൂർവ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട്. ആരും സ്വന്തമാക്കാത്ത റെക്കോർഡ്.

2023 ഏകദിന ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ തന്നെ ഒരു അത്യപൂർവ്വ റെക്കോർഡ് സൃഷ്ടിച്ച് ഇംഗ്ലണ്ട് ബാറ്റിംഗ് നിര. അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്റ്റേഡിയത്തിൽ ന്യൂസിലാൻഡിനെതിരെ നടന്ന മത്സരത്തിലാണ് ഒരു അപൂർവ്വ നേട്ടം ഇംഗ്ലണ്ട് സ്വന്തമാക്കിയത്. മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റിങ് നിരയിലെ 11 ബാറ്റർമാരും രണ്ടക്ക സ്കോർ നേടുകയുണ്ടായി. ഇതോടെയാണ് ചരിത്രം മാറ്റി കുറിച്ച റെക്കോർഡ് ഇംഗ്ലണ്ട് പേരിൽ ചേർത്തത്. ഇത് ആദ്യമായിട്ടാണ് ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു ടീമിലെ എല്ലാ ബാറ്റർമാരും രണ്ടക്കം കാണുന്നത്. ഇതുവരെ 4658 ഏകദിന മത്സരങ്ങളാണ് നടന്നിട്ടുള്ളത്. പക്ഷേ ഇത്തരം ഒരു അത്യപൂർവ്വം നേട്ടം മറ്റൊരു ടീമിനും സ്വന്തമാക്കാൻ സാധിച്ചിട്ടില്ല.

ഈ നേട്ടം സ്വന്തമാക്കാൻ ഇംഗ്ലണ്ടിന് കരുത്തേകിയത് വാലറ്റത്തിന്റെ മികച്ച ബാറ്റിംഗ് പ്രകടനം ആയിരുന്നു. എട്ടാം നമ്പർ മുതൽ പതിനൊന്നാം നമ്പർ ബാറ്റർ വരെ നേടിയത് 53 റൺസാണ്. മത്സരത്തിൽ തങ്ങളുടെ ബാറ്റിങ് നിര തകർന്നു വീഴുന്ന സമയത്താണ് വാലറ്റ ബാറ്റർമാരിൽ നിന്ന് ഇത്തരത്തിൽ ഒരു പൊരുതൽ ഉണ്ടായത്. ഇതോടെ ഇംഗ്ലണ്ടിന് മത്സരത്തിൽ ശക്തമായ ഒരു നിലയിലെത്താനും സാധിച്ചിട്ടുണ്ട്. എന്തായാലും തങ്ങളുടെ ബാറ്റിംഗ് കരുത്ത് വിളിച്ചോതുന്ന തരത്തിലാണ് ഇംഗ്ലണ്ട് മത്സരത്തിൽ പ്രകടനം കാഴ്ചവച്ചത്. എന്നിരുന്നാലും ഇംഗ്ലണ്ടിന്റെ വമ്പൻ താരങ്ങളെല്ലാം മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലെടുക്കാതെ കൂടാരം കയറിയത് ടീമിന് തലവേദന ഉണ്ടാക്കുന്നു.

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഹമ്മദാബാദിലെ പിച്ചിൽ മികച്ച രീതിയിൽ തന്നെയാണ് ബെയർസ്റ്റോ(33) ആരംഭിച്ചത്. മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ ഒരു സിക്സർ നേടിയാണ് ബെയർസ്റ്റോ ലോകകപ്പിന് തുടക്കം കുറിച്ചത്. പിന്നാലെ മികച്ച ഷോട്ടുകൾ ബെയർസ്റ്റോയുടെ ബാറ്റിൽ നിന്ന് വന്നു. പിന്നീട് മൂന്നാമനായെത്തിയ ജോ റൂട്ട് ക്രീസിലുറച്ചതോടെ ഇംഗ്ലണ്ട് ഒരു വമ്പൻ സ്കോറിലേക്ക് കുതിക്കുകയായിരുന്നു. 86 പന്തുകളിൽ 74 റൺസാണ് റൂട്ട് നേടിയത്. നായകൻ ബട്ലർ 42 പന്തുകളിൽ 43 റൺസ് നേടി. എന്നാൽ ഈ താരങ്ങളൊക്കെയും വമ്പൻ ഇന്നിങ്സ് കാഴ്ചവെയ്ക്കാതിരുന്നത് ഇംഗ്ലണ്ടിന് തിരിച്ചടിയായി മാറുകയായിരുന്നു.

മത്സരത്തിൽ നിശ്ചിത 50 ഓവറുകളിൽ 282 റൺസാണ് ഇംഗ്ലണ്ട് നേടിയത്. ന്യൂസിലാൻഡിനായി മാറ്റ് ഹെൻട്രി മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡിന്റെ ഓപ്പണർ വിൽ യങ്ങിനെ തുടക്കത്തിൽ തന്നെ കൂടാരം കയറ്റാൻ സാം കരന് സാധിച്ചു. എന്നാൽ പിന്നീട് മൈതാനത്ത് കണ്ടത് ഒരു ന്യൂസിലാൻഡ് താണ്ഡവം തന്നെയാണ്. ഓപ്പണർ കോൺവെയും റെജിൻ രവീന്ദ്രയും ന്യൂസിലാൻഡിനായി ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനം മത്സരത്തിൽ കാഴ്ചവച്ചു. ഇതോടെ ന്യൂസിലാൻഡ് മത്സരത്തിൽ വിജയത്തിലേക്ക് അടുക്കുകയായിരുന്നു.