വീണ്ടും അൻഡേഴ്സൺ മാജിക്‌ :മറ്റൊരു അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി പേസർ

ആധുനിക ക്രിക്കറ്റിൽ അൻഡേഴ്സൺ എന്ന പേസ് ബൗളറോളം മികച്ച മറ്റൊരു താരമില്ല.ഏതൊരു എതിരാളികളെയും ഭയപ്പെടുത്തുന്ന സ്വിങ്ങ് ബൗളിംഗ് കരുത്ത് കാഴ്ചവെക്കുന്ന അൻഡേഴ്സൺ ഇന്ന് കരിയറിൽ മറ്റൊരു റെക്കോർഡ് കൂടി കരസ്ഥമാക്കി.കിവീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് പ്ലെയിങ് ഇലവനിൽ ഇടം കണ്ടെത്തിയ താരം ഇംഗ്ലണ്ട് ടീമിനായി ഏറ്റവും അധികം ടെസ്റ്റുകൾ കളിക്കുന്ന താരമായി മാറി.ഇന്ന് എഡ്ജ്ബാസ്റ്റനിൽ നടക്കുന്ന ടെസ്റ്റിൽ കളിക്കുന്ന താരം ഇതോടെ കരിയറിലെ 162 ആം ടെസ്റ്റ് മത്സരമാണ് കളിച്ചത്‌.

ഇംഗ്ലണ്ട് ഇതിഹാസ ഓപ്പണറും മുൻ നായകനുമായ അലിസ്റ്റർ കുക്ക് മുൻപ് ഇംഗ്ലണ്ട് ടീമിനായി 161 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിരുന്നു. ഈ റെക്കോർഡാണിപ്പോൾ അൻഡേഴ്സൺ മറികടന്നത്.കഴിഞ്ഞ ടെസ്റ്റിന് ശേഷം കുക്കിന്‌ ഒപ്പം 161 ടെസ്റ്റ് എന്നൊരു നേട്ടത്തിൽ എത്തിയിരുന്ന താരം ടെസ്റ്റ് കരിയറിൽ 616 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.നേരത്തെ പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയിൽ കലാശിച്ചു.

അതേസമയം രണ്ടാം ടെസ്റ്റിൽ ആദ്യ ദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ടീമിന് ബാറ്റിംഗ് തകർച്ച.ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇംഗ്ലണ്ട് ടീം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 258 റൺസ് നേടി.67 റൺസ് നേടി പുറത്താവാതെ നിൽക്കുന്ന ഡാനിയൻ ലോറൻസ് ക്രീസിലുണ്ട്.81റൺസ് അടിച്ച സ്റ്റാർ ഓപ്പണർ റോറി ബെൺസ് ടോപ് സ്കോർറാണ് ആദ്യ ദിവസം. ഇംഗ്ലണ്ട് നിരയിൽ സിബ്ലി (35), ഒലി പോപ്പ് (19) എന്നിവർ പൊരുതി.