അഞ്ചാം ദിനം ബാറ്റിങ്ങിൽ തകർന്നടിഞ്ഞ് ഇന്ത്യ : ചെപ്പോക്കിൽ ഇംഗ്ലീഷ് വിജയത്തേര്

AI1078JPG

ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ്  ടെസ്റ്റില്‍ ടീം ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി. 227 റണ്‍സിനാണ് ജോ റൂട്ടും സംഘവും ഇന്ത്യയെ  തകർത്ത് തരിപ്പണമാക്കിയത് .ഒന്നാം ടെസ്റ്റിലെ  അവസാനദിനം ഒന്‍പത് വിക്കറ്റുകള്‍ കയ്യിലിരിക്കേ 381 റണ്‍സ് എന്ന പടുകൂറ്റൻ  വിജയലക്ഷ്യം തേടി  ഇറങ്ങിയ  ടീം ഇന്ത്യയെ ആന്‍ഡേഴ്‌സണിന്‍റേയും ലീച്ചിന്‍റേയും ബൗളിംഗ് ആക്രമണത്തില്‍ വെറും 192 റണ്‍സില്‍ അവസാന ദിവസം ഇംഗ്ലീഷ് പട  പുറത്താക്കികയായിരുന്നു .  ഇടംകൈയൻ സ്പിന്നർ ലീച്ച് നാലും ആന്‍ഡേഴ്‌സണ്‍ മൂന്നും വിക്കറ്റ് വീഴ്ത്തി . സ്‌കോര്‍: ഇംഗ്ലണ്ട്-578 & 178, ഇന്ത്യ-337 & 192. ഇതോടെ നാല് മത്സരങ്ങളുടെ   ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി.

അവസാന ദിനം ഇന്ത്യക്ക് ജയിക്കാന്‍ 381 റണ്‍സ് വേണമെന്നിരിക്കെ . 39/1 എന്ന നിലയില്‍ അഞ്ചാംദിനം  ഇന്ത്യൻ ടീം ബാറ്റിംഗ് പുനരാരംഭിക്കുമ്പോള്‍  ഓപ്പണർ ശുഭ്‍മാന്‍ ഗില്ലും (15*), ചേതേശ്വർ പൂജാരയുമായിരുന്നു (12*) ക്രീസില്‍. പൂജാരയെ 15 റണ്‍സില്‍ നില്‍ക്കേ സ്റ്റോക്‌സിന്‍റെ കൈകളില്‍ ലീച്ച് എത്തിച്ചു. പിന്നാലെ അര്‍ധ സെഞ്ചുറിയുമായി ഗില്‍ സ്‌കോറുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 27-ാം ഓവറില്‍ ആൻഡേഴ്‌സന്റെ  ഇന്‍-സ്വിങര്‍ ഗില്ലിന്  വൈകാതെ ഡ്രസിങ് റൂമിലേക്ക്‌ വഴിയൊരുക്കി .

27 ആം ഓവറിൽ രണ്ടാം പന്തില്‍ ഗില്ലും (50), അഞ്ചാം പന്തില്‍ രഹാനെയും (0) ക്ലീൻ  ബൗള്‍ഡ്  ആക്കിയ ആൻഡേഴ്സൺ ഇന്ത്യക്ക് ഇരട്ട പ്രഹരമാണ് നൽകിയത് .എന്നാൽ ആദ്യ ഇന്നിംഗ്‌സില്‍ അതിവേഗം സ്‌കോര്‍ കണ്ടെത്തിയ റിഷഭ് പന്തിനെ 33-ാം ഓവറിലെ മൂന്നാം പന്തില്‍ കവര്‍‌ഡ്രൈവിന് ക്ഷണിച്ച് റൂട്ടിന്‍റെ കൈകളില്‍ എത്തിച്ച ഇംഗ്ലീഷ്  സ്റ്റാര്‍ പേസർ ഇന്ത്യയെ വീണ്ടും ഞെട്ടിച്ചു .  റിഷാബ് പന്തിന്‍റെ  രണ്ടാം ഇന്നിങ്സിലെ സമ്പാദ്യം വെറും  11 റണ്‍സ്. തൊട്ടടുത്ത ഓവറില്‍ ബെസ്, സുന്ദറിനെ (0) വിക്കറ്റിന് പിന്നില്‍ ബട്‌ലറുടെ കൈകളില്‍ എത്തിച്ചതോടെ ഇന്ത്യ 117-6 എന്ന നിലയിൽ  അതീവ  പരുങ്ങലിലായി. ഇതോടെ  വിരാട് കോലി-രവിചന്ദ്ര അശ്വിന്‍ സഖ്യത്തിലായി  ഇന്ത്യയുടെ മുഴുവൻ പ്രതീക്ഷയും .പക്ഷേ അർച്ചറുടെ ബൗൺസറുകളെ സധൈര്യം നേരിട്ട അശ്വിൻ  ലീച്ചിന് വിക്കറ്റ് നൽകി മടങ്ങിയതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ നായകൻ കൊഹ്‌ലിയിലേക്കായി .

See also  അബദ്ധം കാട്ടരുത്, കാർത്തിക്കിനെ ഇന്ത്യ ലോകകപ്പിൽ ഉൾപെടുത്തരുത്. മറ്റൊരു കീപ്പറെ നിർദ്ദേശിച്ച് ഇർഫാൻ.

46 പന്ത് നേരിട്ട അശ്വിന്‍ ഒന്‍പത് റണ്‍സാണെടുത്തത്. താരത്തിന് ഒരുപാട് തവണ ബാറ്റിങിനിടയിൽ പരിക്കേറ്റിരുന്നു .74 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച കോലി ഒരറ്റത്ത് നിലയുറപ്പിച്ചതൊന്നും ഗുണം ചെയ്തില്ല. സ്റ്റോക്‌സ് 55-ാം ഓവറില്‍ കോലിയുടെ വിക്കറ്റ് തെറിപ്പിച്ചു. 104 പന്തില്‍ 72 റണ്‍സാണ് കോലിയുടെ സമ്പാദ്യം. തൊട്ടടുത്ത ഓവറില്‍ നദീമിനെ(0) കൂടി ലീച്ച് മടക്കി. അധികം വൈകാതെ ബുമ്രയെ (4) ആര്‍ച്ചറും മടക്കിയതോടെ ഇന്ത്യ തോല്‍വി സമ്മതിച്ചു. 

പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ ഇന്ത്യക്ക്  എതിരെ വിജയം സ്വന്തമാകുവാൻ സാധിച്ചത് ഇംഗ്ലണ്ട് ടീമിന് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ് .ആദ്യ ഇന്നിങ്സിൽ ഇരട്ട സെഞ്ച്വറി നേടിയ നായകൻ ജോ റൂട്ട് ആണ് ഇംഗ്ലീഷ്  ടീമിന്റെ  വിജയത്തിന് അടിത്തറ പാകിയത് .താരം തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് .

Scroll to Top