ആ ക്യാച്ച് നഷ്ടപെടുത്തിയപ്പോള്‍ ഫൈനല്‍ നഷ്ടമായെന്നു കരുതി. ടിം സൗത്തി വെളിപ്പെടുത്തുന്നു

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാന്‍ റിഷഭ് പന്തിന്‍റെ അനായാസമായ ക്യാച്ച് നഷ്ടപ്പെടുത്തിയപ്പോള്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ നഷ്ടപ്പെട്ടതായാണ് തോന്നിയതെന്ന് ന്യൂസിലന്‍റ് പേസര്‍ ടിം സൗത്തി വെളിപ്പെടുത്തുന്നു. സതാംപ്ടണില്‍ നടന്ന ഫൈനലിലെ റിസര്‍വ് ദിനത്തിലാണ് റിഷഭ് പന്തിന്‍റെ ക്യാച്ച് കൈവിട്ടത്.

സ്കോര്‍ 5 ല്‍ നില്‍ക്കുമ്പോഴാണ് കെയില്‍ ജയ്മിസണിന്‍റെ പന്തില്‍ എഡ്ജ് ചെയ്ത് രണ്ടാം സ്ലിപ്പില്‍ നിന്ന ടിം സൗത്തിയുടെ കൈകളില്‍ എത്തിയത്. എന്നാല്‍ അനായാസമായ ക്യാച്ച് ടിം സൗത്തി നഷ്ടപ്പെടുത്തി. 82 ന് 4 എന്ന നിലയില്‍ ഇന്ത്യ തകരുമ്പോഴായിരുന്നു ഈ ക്യാച്ച് നഷ്ടപ്പെട്ടത്. നിമിഷനേരം കൊണ്ട് കളിയുടെ ഗതി മാറ്റാന്‍ കഴിയുന്ന റിഷഭ് പന്തിന്‍റെ ക്യാച്ച് നഷ്ട്ടപെടുത്തിയത് മത്സരത്തിലെ നിര്‍ണായക നിമിഷങ്ങളില്‍ ഒന്നായിരുന്നു.

New Zealand 1

ആ ക്യാച്ച് കൈവിട്ടതിനെക്കുറിച്ച് പിന്നീട് ചിന്തിച്ചില്ല എന്ന് പറഞ്ഞാല്‍ അത് നുണയാകും. അതിന് കാരണം റിഷഭ് പന്തിന്റെ ബാറ്റിംഗ് ശൈലി തന്നെയാണ്. അഞ്ചോ ആറോ ഓവറില്‍ മത്സരത്തിന്റെ ഗതിതന്നെ മാറ്റാന്‍ പന്തിനാവും. കടുത്ത പോരാട്ടമായതിനാല്‍ ആ ക്യാച്ച് കൈവിട്ടതോടെ എന്റെ തലയിലൂടെ പല ചിന്തകളും വരാന്‍ തുടങ്ങി. മത്സരം തന്നെ കൈവിട്ടോ എന്നുവരെ ചിന്തിച്ചു. പക്ഷെ അതെല്ലാം മാറ്റിവെച്ച് എനിക്ക് അടുത്ത ഓവറില്‍ പന്തെറിയണമായിരുന്നു’

‘കുറച്ചുനേരത്തേക്ക് പന്തിന്റെ ക്യാച്ച് കൈവിട്ടതിനെക്കുറിച്ചുള്ള ചിന്തകള്‍ എന്നെ അലട്ടി എന്നത് ശരിയാണ്. പക്ഷെ അതില്‍ നിന്ന് പുറത്തുകടന്നല്ലേ മതിയാവു. 41 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായ റിഷഭ് പന്ത് ഒടുവില്‍ ബോള്‍ട്ടിന്റെ പന്തില്‍ പുറത്തായപ്പോള്‍ ഏറ്റവും കൂടുതല്‍ ആശ്വസിച്ചത് ഞാനായിരുന്നു. കാരണം ക്രിക്കറ്റില്‍ ക്യാച്ച് കൈവിടുക എന്നത് എല്ലായ്‌പ്പോഴും വലിയ ദുരന്തമാണ്. ക്യാച്ച് കൈവിടുമ്പോള്‍ നിങ്ങള്‍ സ്വന്തം ടീം അംഗങ്ങളെയാണ് കൈവിടുന്നത്’ സൗത്തി പറഞ്ഞു.

pant test championship final

രണ്ടാം ഇന്നിംഗ്സില്‍ 170 റണ്‍സിനാണ് ഇന്ത്യ പുറത്തായത്. 139 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍റ് 2 വിക്കറ്റ് നഷ്ടത്തില്‍ ആദ്യ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സ്വന്തമാക്കി. ശ്രീലങ്കക്കെതിരായ ടെസ്റ്റില്‍ തോറ്റാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡ് തുടങ്ങിയത്. എന്നാല്‍ പിന്നീടുള്ള പരമ്പരകളില്‍ മികവു കാട്ടാനായാതാണ് ഫൈനലില്‍ പ്രവേശനം സാധ്യമാക്കിയതെന്നും അതില്‍ ചെറിയ രീതിയില്‍ ഭാഗ്യവും തുണച്ചുവെന്നും സൗത്തി പറഞ്ഞു.