കോഹ്ലിയെ ‘ക്രിക്കറ്റ്‌ കിംഗ്’ എന്ന് വിളിക്കരുത്, പാകിസ്ഥാൻ താരം വ്യക്തമാക്കുന്നു.

virat kohli massive century

ആധുനിക ക്രിക്കറ്റിലെ ബാറ്റിംഗ് ഇതിഹാസമാണ് ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി എന്ന് നിസംശയം പറയാൻ സാധിക്കും. അന്താരാഷ്ട്ര ക്രിക്കറ്റിൽ 16 വർഷങ്ങൾ പൂർത്തിയാക്കിയ വിരാട് കോഹ്ലി വലിയ നേട്ടങ്ങൾ തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത്. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ ആരും തകർക്കില്ലെന്ന് കരുതിയ 49 ഏകദിന സെഞ്ച്വറികൾ എന്ന റെക്കോർഡടക്കം ഇന്ത്യയുടെ ഈ സൂപ്പർ സ്റ്റാർ മറികടന്നു കഴിഞ്ഞു.

അതുകൊണ്ട് തന്നെ പലരും വിരാട് കോഹ്ലിയെ ക്രിക്കറ്റിലെ കിംഗ് എന്നാണ് വിളിക്കുന്നത്. എന്നാൽ ഇത്തരത്തിൽ കോഹ്ലിയെ ക്രിക്കറ്റിലെ രാജാവ് എന്ന് വിളിക്കുന്നത് ശരിയല്ല എന്ന് പ്രസ്താവിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം ബാസിത് അലി. ഇത്തരമൊരു പേര് കോഹ്ലി അർഹിക്കുന്നില്ല എന്നാണ് ബാസിത് അലി പറയുന്നത്.

“ക്രിക്കറ്റിലെ രാജാവ് എന്ന് തന്നെ വിളിക്കുന്നതിനോട് വിരാട് കോഹ്ലിക്ക് പോലും അത്ര തൃപ്തി ഉണ്ടാവില്ല. ആരെങ്കിലും തന്നെ ഇത്തരത്തിൽ അഭിസംബോധന ചെയ്താൽ അങ്ങനെ വിളിക്കരുത് എന്നാണ് കോഹ്ലി പറയേണ്ടത്. കാരണം ക്രിക്കറ്റ് തന്നെയാണ് ഏറ്റവും വലിയ രാജാവ്. മറ്റെന്തിനെക്കാളും വലുത് ക്രിക്കറ്റ് ആണ്. അതിനാൽ തന്നെ ക്രിക്കറ്റിലെ രാജാവ് എന്ന വിളി കോഹ്ലിയ്ക്ക് പോലും ഇഷ്ടപ്പെടാൻ സാധ്യതയില്ല. ക്രിക്കറ്റിൽ നേടുന്ന റൺസിനെയും ബാറ്റിംഗ് ശൈലിയുമൊക്കെയാണ് കോഹ്ലി ഇഷ്ടപ്പെടുന്നത്. അല്ലാതെ രാജാവ് എന്ന വിളിയെ കോഹ്ലി ഇഷ്ടപ്പെടുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല. നിലവിലെ ക്രിക്കറ്റിലെ മികച്ച ബാറ്റർ കോഹ്ലി തന്നെയാണ്.”- ബാസിത് അലി പറഞ്ഞു.

കോഹ്ലി മാത്രമല്ല ഡോൺ ബ്രാഡ്മാനും സുനിൽ ഗവാസ്ക്കറും സച്ചിൻ ടെണ്ടുൽക്കറും ക്രിക്കറ്റിലെ രാജാവ് എന്ന വിളി കേട്ടവരാണ് എന്ന് ബാസിത് അലി ചൂണ്ടിക്കാട്ടുന്നുണ്ട്. പകരം വയ്ക്കാൻ സാധിക്കാത്ത ബാറ്ററാണ് കോഹ്ലിയെങ്കിലും ഇത്തരം വിശേഷണങ്ങൾ താരത്തെ മോശമായി ബാധിക്കും എന്നും ബാസിത് പറഞ്ഞു. ഇന്നത്തെ സൂപ്പർ താരമായി കോഹ്ലി മാറാൻ കാരണം സീനിയർ താരങ്ങളുടെ പിന്തുണയാണ് എന്ന് ബാസിത് തുറന്നു പറഞ്ഞു. ഇതിൽ പ്രധാന പങ്കുവഹിച്ചത് ധോണിയാണ് എന്നും ബാസിത് അലി വെളിപ്പെടുത്തി.

Read Also -  അവസാന ഓവറിൽ സൽമാൻ നിസാറിന്റെ ഉഗ്രൻ സേവ്. തൃശൂരിനെ ത്രില്ലറിൽ പൂട്ടി കാലിക്കറ്റ്.

“അന്താരാഷ്ട്ര ക്രിക്കറ്റിൽ 16 വർഷങ്ങൾ പൂർത്തീകരിക്കാൻ വിരാട് കോഹ്ലിയ്ക്ക് സാധിച്ചിട്ടുണ്ട്. ക്രിക്കറ്റിലേക്ക് കാലെടുത്തുവെച്ച് കേവലം ചുരുങ്ങിയ സമയം കൊണ്ട് തന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാൻ കോഹ്ലിയ്ക്ക് കഴിഞ്ഞു. കോഹ്ലിയുടെ വളർച്ചയിൽ പ്രധാന വഴിത്തിരിവായത് സീനിയർ താരങ്ങളായ മഹേന്ദ്ര സിംഗ് ധോണിയുടെയും യുവരാജ് സിംഗിന്റെയും സഹായമാണ്.”- ബാസിത് അലി കൂട്ടിച്ചേർക്കുന്നു.

“എല്ലായിപ്പോഴും ഇന്ത്യൻ ക്രിക്കറ്റ്‌ ഇത്തരത്തിൽ യുവതാരങ്ങളെ പിന്തുണയ്ക്കാറുണ്ട്. എന്നാൽ പാക്കിസ്ഥാൻ ടീമിൽ നമുക്ക് ഇത്തരം കാര്യങ്ങൾ കാണാൻ സാധിക്കില്ല. മാത്രമല്ല വിരാട് കോഹ്ലിയുടെ ക്രിക്കറ്റിനോടുള്ള താല്പര്യം വളരെ അത്ഭുതപ്പെടുത്തുന്ന ഘടകം തന്നെയാണ്.”- ബാസിത് പറഞ്ഞുവെക്കുന്നു. കഴിഞ്ഞ സമയങ്ങളിലെല്ലാം ഇന്ത്യക്കായി തട്ടുപൊളിപ്പൻ പ്രകടനങ്ങൾ പുറത്തെടുത്തായിരുന്നു വിരാട് കോഹ്ലി രംഗത്ത് എത്തിയത്. 2024 ട്വന്റി20 ലോകകപ്പിന്റെ ഫൈനൽ മത്സരത്തിലും നിർണായകമായ പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചിരുന്നു. ലോകകപ്പോട് കൂടി ട്വന്റി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ക്രിക്കറ്റിന്റെ മറ്റു ഫോർമാറ്റുകളിൽ സജീവമായി മുന്നോട്ടു പോകാനാണ് കോഹ്ലിയുടെ തീരുമാനം.

Scroll to Top