കൊഹ്‌ലിയെ കൂടി വിശ്രമത്തിന് പറഞ്ഞുവിടൂ : രോഹിത്തിന് ആദ്യ ടി:20 വിശ്രമം അനുവദിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി സെവാഗ്‌

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടി20 ഇന്ന് മൊട്ടേറ   സ്റ്റേഡിയത്തിൽ നടക്കാനിരിക്കെ ഏവരും ഏറെ ആകാംഷയോടെ നോക്കുന്നത് സ്റ്റാർ ഓപ്പണർ രോഹിത്  ശര്‍മ ടീമിലേക്ക് തിരിച്ചെത്തുമോ എന്നാണ്. ആദ്യ മത്സരത്തില്‍ രോഹിത്തിന് വിശ്രമം അനുവദിച്ചിരുന്നു. ഇന്ത്യ 8 വിക്കറ്റിന്റെ ദയനീയ തോൽവി ആദ്യ ടി:20യിൽ ഏറ്റുവാങ്ങിയതോടെ രോഹിത്തിന് വിശ്രമം അനുവദിച്ച തീരുമാനത്തെ ഏവരും വിമർശിച്ചിരുന്നു .

ഇപ്പോൾ രോഹിതിനെ ആദ്യ 2 ടി:20യിൽ  പുറത്തിരുത്താനുള്ള തീരുമാനത്തെ രൂക്ഷ ഭാഷയിൽ വിമർശിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്‌. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകണമെന്നും രോഹിതിന് വിശ്രമം നല്‍കിയപോലെ വിരാട് കോലിക്കും  ടീം വിശ്രമം നല്‍കണമെന്നാണ് മുൻ ഇന്ത്യൻ ഓപ്പണർ സെവാഗ് ആവശ്യപ്പെടുന്നത് .

“രോഹിത് ശര്‍മക്ക് പരമ്പരയിലെ  ഒന്ന് രണ്ട് മത്സരങ്ങളിൽ ടീം  വിശ്രമം   നല്‍കുമെന്നാണ്  കോഹ്ലി ആദ്യ മത്സരത്തിൽ പറഞ്ഞത്. എന്നാല്‍ ഈ നിയമം വിരാട് കോലിക്കും നിങ്ങൾ  ബാധകമാക്കാന്‍ തയ്യാറാണോ. കോലി ഞാന്‍ ഒന്നോ രണ്ടോ മത്സരത്തില്‍ വിശ്രമം എടുക്കുകയാണെന്ന് പറയുമെന്ന് എനിക്ക് തോന്നുന്നില്ല. കോലി സ്വന്തമായി ഒരുവട്ടം പോലും  ഇടവേളയെടുത്തതായി ഞാന്‍ ഓര്‍ക്കുന്നില്ല. നായകന്‍ വിശ്രമം എടുക്കുന്നില്ലെങ്കില്‍ ടീമിലെ മറ്റുള്ളവര്‍ക്ക് എങ്ങനെയാണ് വിശ്രമം നല്‍കുക.പലപ്പോഴും ഓരോ  താരങ്ങള്‍ക്കനുസരിച്ചാണ് ഈ നിയമം വരാറുള്ളത് .ഇത് ഒരിക്കലും മികച്ച ഒന്നല്ല” സെവാഗ്  തന്റെ അഭിപ്രായം തുറന്ന് പറഞ്ഞു.

“നേരത്തെ നാല് ടെസ്റ്റുകളും കളിച്ച രോഹിത് ഫോമിലുമാണ്. ടെസ്റ്റില്‍ മികച്ച പ്രകടനവും അവന്‍ കാഴ്ചവെച്ചിരുന്നു. അതിനാല്‍ അവന്‍ ടി20യില്‍ കളിക്കാന്‍ കാത്തിരിക്കുകയായിരുന്നു  .ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ രോഹിത് ഒരു അസാധ്യ ബാറ്സ്മാനാണ് .ടെസ്റ്റ് ക്രിക്കറ്റില്‍ താരങ്ങള്‍ക്ക് തങ്ങളുടേതായ ശൈലിയില്‍ കളിക്കുന്നതിന് പരിമിതിയുണ്ട്. വെള്ളബോള്‍ ക്രിക്കറ്റ് വരുമ്പോള്‍ താരങ്ങള്‍ ചിന്തിക്കാറ് തങ്ങളുടെ ശൈലി കാട്ടാനും കൂടുതല്‍ ഫ്രീയായി ബാറ്റ് ചെയ്യാമെന്നുമാണ്. സിക്‌സുകളും ബൗണ്ടറികളും നേടി സ്വയം ആസ്വദിക്കാനും കാണികളെ ആസ്വദിപ്പിക്കാനുമാണ് അവര്‍ ചിന്തിക്കുന്നത് “വീരു തന്റെ അഭിപ്രായം വിശദമാക്കി .