ഓപ്പണിങ്ങിലെ രാജാവ് ധവാൻ തന്നെ :ഗബ്ബാർ സ്വന്തമാക്കിയത് അപൂർവ്വ റെക്കോർഡുകൾ

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണർ എന്ന ഖ്യാതി  ബാറ്റിംഗ് മികവാൽ സ്വന്തമാക്കിയ താരമാണ് ശിഖർ ധവാൻ .ഇത്തവണയും ഡൽഹി   ക്യാപിറ്റൽസ് ടീമിന്റെ വിശ്വസ്ത ബാറ്സ്മാനായ ധവാൻ മികച്ച ബാറ്റിംഗ് ഫോമിലാണ് .ഐപിഎല്ലിന്റെ 14ാം സീസണില്‍ ധവാന്റെ മാരക ഫോം തുടരുകയാണ്. ഇതിനകം തന്നെ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ താരം കളിച്ച 4 മത്സരങ്ങളിൽ നിന്നും ഇതുവരെ  അടിച്ചെടുത്തത് 231 റണ്‍സാണ്. 57.75 ശരാശരിയില്‍ 148.07 സ്‌ട്രൈക്ക് റേറ്റോടെയാണ് സീസണിൽ മുന്നേറുന്നത്

ഇന്നലെ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരേയുള്ള  ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ 6 വിക്കറ്റ് വിജയത്തിൽ നിർണായക പങ്ക് വഹിച്ചത് ധവാന്റെ ബാറ്റിംഗ് പ്രകടനമായിരുന്നു .
45 റൺസ് അടിച്ച താരം ഡൽഹിയെ വിജയതീരത്ത് എത്തിച്ച ശേഷമാണ് മടങ്ങിയത് .മത്സരത്തിൽ മറ്റൊരു ബാറ്റിംഗ് റെക്കോർഡും താരം സ്വന്തം പേരിലാക്കി .ഐപിഎല്ലിൽ ഒരു ഓപ്പണിങ് താരത്തിന്റെ അപൂർവ്വ റെക്കോർഡാണ്  ശിഖർ ധവാൻ സ്വന്തമാക്കിയത് .

ഐപിൽ ചരിത്രത്തിൽ ഓപ്പണറായി 5000 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യ ബാറ്റ്‌സ്മാനായി ഗബ്ബാര്‍ ഇന്നലെ  മാറി.
ഐപിഎല്ലിൽ 180 മത്സരങ്ങളിൽ നിന്നായി 5400 അധികം റൺസ് നേടിയ ധവാൻ ഓപ്പണറായി 5000  റൺസ് എന്ന നേട്ടമാണ് ഇന്നലെ പൂർത്തിയാക്കിയത് .
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനും ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവുമായ ഡേവിഡ് വാര്‍ണര്‍  പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട് .
ഓസീസ് താരം 4692 റൺസ് ഇതിനകം  അടിച്ചിട്ടുണ്ട് .പഞ്ചാബിന്  വേണ്ടി  ഇപ്പോൾ മൂന്നാം നമ്പറില്‍ കളിക്കുന്ന ഗെയ്ല്‍ ഓപ്പണറായി ഐപിഎല്ലിൽ  4480 റണ്‍സുമെടുത്തിട്ടുണ്ട് .