ഇന്ത്യന്‍ ഓള്‍റൗണ്ടറെ മറുവശത്ത് സാക്ഷിയാക്കി ഫിനിഷിങ്ങുമായി ദീപക്ക് ചഹര്‍. സല്യൂട്ടുമായി രോഹിത് ശര്‍മ്മ

ന്യൂസിലന്‍റിനെതിരെയുള്ള അവസാന ടി20 മത്സരത്തില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത് അവസാന നിമിഷം ദീപക്ക് ചഹര്‍ നടത്തിയ ചെറിയ വെടിക്കട്ടാണ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കു വേണ്ടി മികച്ച തുടക്കമാണ് ഇഷാന്‍ കിഷന്‍ – രോഹിത് ശര്‍മ്മ സംഖ്യം നല്‍കിയത്. ഇരുവരും ചേര്‍ന്ന് 6.2 ഓവറില്‍ 69 റണ്‍സാണ് കൂട്ടിചേര്‍ത്ത്.

പിന്നീട് ഇടവേളകളില്‍ ന്യൂസിലന്‍റ് വിക്കറ്റ് വീഴ്ത്തിയതോടെ ഇന്ത്യന്‍ ഇന്നിംഗ്‌സ് പതുക്കെയായി. എന്നാല്‍ ഇത്തവണ ഫിനിഷിങ്ങ് ദൗത്യം ഏറ്റെടുത്ത ദീപക്ക് ചഹര്‍ ഇന്ത്യന്‍ സ്കോര്‍ 180 കടത്തി. ഇന്ത്യ 162 ന് 7 എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു ദീപക്ക് ചഹറിന്‍റെ വരവ്.

ഇന്ത്യന്‍ ലോവര്‍ ഓഡര്‍ ബാറ്റസ്മാന്‍ ക്രീസില്‍ എത്തിയപ്പോള്‍ ബാക്കി ഉണ്ടായിരുന്നത് 9 പന്തുകള്‍. അതില്‍ 8 പന്തും നേരിട്ട ചഹര്‍ 2 ഫോറും 1 സിക്സുമായി 21 റണ്‍സ് നേടി. മറുവശത്ത് ഓള്‍റൗണ്ടര്‍ ആക്ഷര്‍ പട്ടേലിനെ സാക്ഷിയാക്കിയായിരുന്നു ദീപക്ക് ചഹറിന്‍റെ ഫിനിഷിങ്ങ്.

ആദം മില്‍നയുടെ ഓവറില്‍ 19 റണ്‍സ് കണ്ടെത്തി ഇന്ത്യയെ 184 റണ്‍സില്‍ എത്തിച്ചു. ആദം മില്‍നയുടെ ഓവറില്‍ സിക്സടിച്ചടതിനെ തുടര്‍ന്ന് രോഹിത് ശര്‍മ്മ, ചഹറിനെ സല്യൂട്ട് ചെയ്യുന്നത് വൈറലായി കഴിഞ്ഞു.