മുംബൈയുടെ അർദ്ധ സെഞ്ച്വറി മെഷീനായി ഡികോക്ക് : മറികടന്നത് രോഹിത് ശർമയുടെ റെക്കോർഡ്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ വീണ്ടും വിജയ വഴിയിൽ തിരികെ എത്തിയിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് .തുടർ തോൽവികൾക്ക് ശേഷം മുംബൈ ഇന്നലെ  ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാന്‍  റോയൽസ്  ടീമിനെ  മുംബൈ  ഏഴ്  വിക്കറ്റിനാണ് തോൽപ്പിച്ചത് . ഇന്നലെ മത്സരത്തിൽ ഓപ്പണർ ഡികോക്ക് അർദ്ധ സെഞ്ച്വറി പ്രകടനത്തോടെ ഫോം വീണ്ടെടുത്തത് മുംബൈ  ടീമിന് പ്രതീക്ഷ പകരുന്നു .

സീസണിലാദ്യമായി ഫോമിലേക്കുയര്‍ന്ന ഡികോക്ക്  50 പന്തിൽ 6 ഫോറും   രണ്ടു സിക്‌സറുമടക്കം 70 റണ്‍സോടെ പുറത്താവാതെ നിന്നു . മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌ക്കാരവും ഡികോക്ക് സ്വന്തമാക്കി .മത്സരത്തിൽ മറ്റൊരു റെക്കോർഡും ഡികോക്ക് സ്വന്തം പേരിൽ കുറിച്ചു .2019 സീസൺ  മുതൽ  ഐപിഎല്ലില്‍ മുംബൈക്കായി ഏറ്റവും  കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ് ഡികോക്ക് സ്വന്തമാക്കിയത് .

ഡികോക്ക് 2019 ഐപിൽ ശേഷം ഒൻപതാം തവണയാണ് ഇപ്പോൾ അർദ്ധ സെഞ്ച്വറി പ്രകടനം അടിച്ചെടുത്തത് .
ഈ പട്ടികയിൽ ഏഴ്  ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമായി സൂര്യകുമാര്‍ യാദവാണ് ഡീകോക്കിന് പിന്നിൽ. നായകന്‍ രോഹിത് ശര്‍മ (ആറ്), ഇഷാന്‍ കിഷന്‍ (4), ഹാര്‍ദിക് പാണ്ഡ്യ (2), കിറോൺ  പൊള്ളാര്‍ഡ് (2), മുന്‍ താരം യുവരാജ് സിങ് (1) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.