സോറി ഡാ…എല്ലാം ഞാന്‍ കാരണമാണ്. ഡേവിഡ് മില്ലറോട് മാപ്പ് പറഞ്ഞ് സഹ താരം

സൗത്താഫ്രിക്കന്‍ പരമ്പരയിലെ രണ്ടാം മത്സരത്തിലും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 237 റണ്‍സ് പിന്തുടര്‍ന്ന സൗത്താഫ്രിക്കക്ക് 221 റണ്‍സില്‍ എത്താനാണ് കഴിഞ്ഞത്. 16 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്.

ഒരു ഘട്ടത്തില്‍ 47 ന് 3 എന്ന നിലയില്‍ നിന്നുമാണ് സൗത്താഫ്രിക്ക വിജയത്തിനടുത്ത് എത്തിയത്. സെഞ്ചുറിയുമായി അവസാനം വരെ പൊരുതിയ ഡേവിഡ് മില്ലറായിരുന്നു അതില്‍ പ്രധാനി. 47 പന്തില്‍ 8 ഫോറും 7 സിക്സുമായി 106 റണ്‍സാണ് ഡേവിഡ് മില്ലര്‍ നേടിയത്.

മത്സരത്തില്‍ താന്‍ കാരണമാണ് തോറ്റത് എന്ന് മനസ്സിലാക്കിയ ഡീകോക്ക് മത്സരശേഷം തന്നോട് സോറി പറഞ്ഞതായി മില്ലര്‍ വെളിപ്പെടുത്തി. ” ക്വിന്‍റണ്‍ തുടക്കം പതറിയെങ്കിലും അവസാനം വരെ നിന്നു. ഞങ്ങള്‍ 16 റണ്‍സ് അകലെയാണ് വീണത്. നീ നന്നായി ബാറ്റ് ചെയ്തു. എന്നോട് ക്ഷമിക്കണം എന്നാണ് അവന്‍ പറഞ്ഞത്. ” ചിരിച്ചുകൊണ്ട് ഡേവിഡ് മില്ലര്‍ പറഞ്ഞു.

മത്സരത്തില്‍ 48 പന്തില്‍ 69 റണ്‍സാണ് ഡീകോക്ക് സ്കോര്‍ ചെയ്തത്. ഒരു ഘട്ടത്തില്‍ 33 പന്തില്‍ 32 റണ്‍സ് എന്ന നിലയിലായിരുന്നു ഡീക്കോക്ക്. പിന്നീടായിരുന്നു സൗത്താഫ്രിക്കന്‍ താരം ഇന്നിംഗ്സിന്‍റെ വേഗത കൂട്ടിയത്.