രണ്ട് തവണ കുത്തി ഡേവിഡ് വാര്‍ണറിന്‍റെ അടുത്ത്. പന്ത് വീണത് ഗ്യാലറിയില്‍

ഐസിസി ടി20 ലോകകപ്പിലെ ആവേശകരമായ സെമിഫൈനല്‍ മത്സരത്തില്‍ രസകരമായ സംഭവം ഉണ്ടായി. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയക്ക് മോശം തുടക്കമാണ് ലഭിച്ചത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ഫിഞ്ച് പുറത്തായെങ്കിലും മിച്ചല്‍ മാര്‍ഷിനോടൊപ്പം ഡേവിഡ് വാര്‍ണര്‍ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു.

മത്സരത്തിന്‍റെ എട്ടാം ഓവര്‍ എറിയാനെത്തിയത് മുഹമ്മദ് ഹഫീസായിരുന്നു. എന്നാല്‍ ഹഫീസിന്‍റെ ആദ്യ പന്ത് തന്നെ രണ്ട് തവണ പിച്ചില്‍ കുത്തിയാണ് ഡേവിഡ് വാര്‍ണറിന്‍റെ അടുത്ത് എത്തിയത്. കിട്ടിയ അവസരം മുതലാക്കിയ ഡേവിഡ് വാര്‍ണര്‍, ഡീപ്പ് മിഡ് വിക്കറ്റിലൂടെ കൂറ്റന്‍ സിക്സ് പായിച്ചു.

അംപയര്‍ കെറ്റില്‍ബെറോ ആ പന്ത് നോബോള്‍ വിളിക്കുകയും ചെയ്തു. പക്ഷേ ലഭിച്ച ഫ്രീഹിറ്റില്‍ നിന്നും രണ്ട് റണ്‍സ് മാത്രമാണ് നേടാനായത്. ഹഫീസിന്‍റെ ആദ്യ ഓവറില്‍ 13 റണ്‍സാണ് പിറന്നത്.

മത്സരത്തില്‍ 30 പന്തില്‍ 49 റണ്‍ നേടി ഡേവിഡ് വാര്‍ണര്‍ പുറത്തായി. 3 വീതം ഫോറും സിക്സുമാണ് അടിച്ചെടുത്തത്.