ഒരു മത്സരത്തില്‍ 3 നാഴികകല്ലുകള്‍. വാര്‍ണറിന്‍റെ അര്‍ദ്ധസെഞ്ചുറിയില്‍ പിറന്ന റെക്കോഡുകള്‍ ഇവ

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയുള്ള ഐപിഎല്‍ പോരാട്ടത്തില്‍ അര്‍ദ്ധസെഞ്ചുറി പ്രകടനം നടത്തിയ സണ്‍റൈസേഴ്സ് ഹൈദരബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ മൂന്നു നാഴികകല്ല് പൂര്‍ത്തിയാക്കി. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റിലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 55 പന്തില്‍ 3 ഫോറും 2 സിക്സുമായി 57 റണ്‍സാണ് നേടിയത്.

മത്സരത്തിന്‍റെ പതിഞ്ഞഞ്ചാം ഓവറില്‍ ടി20 ക്രിക്കറ്റില്‍ 10000 റണ്‍സ് എന്ന നേട്ടം ഡേവിഡ് വാര്‍ണര്‍ പൂര്‍ത്തിയാക്കി. ക്രിസ് ഗെയില്‍ (13839), കീറോണ്‍ പൊള്ളാര്‍ഡ് (10964), മാലീക് (10488) എന്നിവരാണ് ഇതിനു മുന്‍പ് കുട്ടി ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് പൂര്‍ത്തിയാക്കിയത്.

ലുങ്കി എന്‍ഗീഡിയെ സിക്സ് കടത്തി ഡേവിഡ് വാര്‍ണര്‍ ഐപിഎല്ലില്‍ 200 സിക്സ് നേടുന്ന എട്ടാമത്തെ താരമായി. ഗെയില്‍ (354), ഡീവില്ലേഴ്സ് (245), രോഹിത് ശര്‍മ്മ (222), ധോണി (217), വീരാട് കോഹ്ലി (204), പൊള്ളാര്‍ഡ് & റെയ്ന (202) എന്നിവരാണ് നേരത്തെ 200 സിക്സ് നേടിയട്ടുള്ള താരങ്ങളില്‍

ഐപിഎല്‍ കരിയറിലെ 50ാം ഫിഫ്റ്റിയാണ് ഡേവിഡ് വാര്‍ണര്‍ പൂര്‍ത്തിയാക്കിയത്.ഇതാദ്യമായാണ് ഒരു താരം ഐപിഎല്ലില്‍ 50 അര്‍ദ്ധസെഞ്ചുറി പൂര്‍ത്തിയാക്കുന്നത്. 43 ഫിഫ്റ്റിയുള്ള ശിഖാര്‍ ധവാനാണ് ഡേവിഡ് വാര്‍ണറിന്‍റെ പുറകില്‍ രണ്ടാമത്.