“സഞ്ജു ഇനി ഏത് കാലത്ത് റൺസ് നേടാനാണ്?” വിമർശനവുമായി മുൻ പാക് താരം.

ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ ഇതുവരെ തിളങ്ങാൻ മലയാളി താരം സഞ്ജു സാംസണിന് സാധിച്ചിട്ടില്ല. ആദ്യ രണ്ടു മത്സരങ്ങളിലും മികച്ച അവസരങ്ങൾ സഞ്ജുവിന് ഇന്ത്യ നൽകിയിരുന്നു. എന്നാൽ ഇരു മത്സരങ്ങളിലും സഞ്ജു പരാജയപ്പെടുന്നതാണ് കാണാൻ സാധിച്ചത്.

ഇതിനുശേഷം സഞ്ജു സാംസണിന്റെ ആരാധകർ പോലും വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഇപ്പോൾ സഞ്ജുവിനെ വിമർശിച്ച് സംസാരിക്കുന്നത് മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേറിയയാണ്. മുൻപ് സഞ്ജുവിന് ടീമിൽ അവസരം ലഭിക്കുന്നതിനായി ഒരുപാട് വാദിച്ചിട്ടുള്ള ക്രിക്കറ്ററാണ് കനേറിയ. എന്നാൽ സഞ്ജു അവസരങ്ങൾ നശിപ്പിക്കുന്നു എന്നാണ് കനേറിയ ഇപ്പോൾ പറയുന്നത്.

“യുവതാരങ്ങൾക്ക് ഇന്ത്യൻ ടീമിൽ അവസരങ്ങൾ ലഭിക്കുന്നില്ല എന്ന് ഒരുപാട് പേർ വിമർശനം ഉന്നയിക്കുകയുണ്ടായി. ഈ പരാതികൾ കൂടി വരുന്ന സാഹചര്യത്തിലാണ് രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിയ്ക്കും വിശ്രമം അനുവദിച്ചുകൊണ്ട് യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാൻ ഇന്ത്യ തീരുമാനിച്ചത്. ശേഷം ഇപ്പോൾ വെസ്റ്റിൻഡീസിനേതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യ ഈ യുവതാരങ്ങൾക്കൊക്കെയും അവസരം നൽകിയിരിക്കുന്നു. എന്നാൽ സഞ്ജു സാംസണടക്കമുള്ള കളിക്കാർ നിരാശപ്പെടുത്തുകയാണ് ചെയ്തത്. ഇനിയെന്നാണ് സഞ്ജു സാംസൺ നിങ്ങൾ റൺസ് കണ്ടെത്തുക?”- ഡാനിഷ് കനേറിയ ചോദിക്കുന്നു.

“സഞ്ജുവിന് മതിയായ അവസരങ്ങൾ ഇപ്പോൾ ലഭിക്കുന്നുണ്ട്. അദ്ദേഹത്തെ മോശം സമയങ്ങളിൽ ഒരുപാട് പിന്തുണച്ച ഒരാളാണ് ഞാൻ. അയാൾക്ക് തുടർച്ചയായി അവസരം നൽകണമെന്ന് ഞാൻ ഒരുപാട് വാദിച്ചിരുന്നു. അത് എന്റെ ആവശ്യമായിരുന്നു. പക്ഷേ ഇപ്പോൾ അവസരം ലഭിച്ചപ്പോഴൊക്കെയും അത് മുതലാക്കാൻ സഞ്ജുവിന് സാധിക്കുന്നില്ല.”- ഡാനിഷ് കനേറിയ കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഡാനിഷ് കനേറിയ ഇക്കാര്യം വ്യക്തമാക്കിയത്.

ഏകദിന കരിയറിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സഞ്ജുവിന് ഇതുവരെ സാധിച്ചിട്ടുണ്ട്. ഇന്ത്യക്കായി ഇതുവരെ 13 ഏകദിനങ്ങൾ കളിച്ച സഞ്ജു 390 റൺസ് നേടിയിട്ടുണ്ട്. മൂന്ന് അർത്ഥസെഞ്ച്വറികൾ സഞ്ജുവിന്റെ പേരിൽ ചേർക്കപ്പെട്ടു. എന്നാൽ ട്വന്റി20കളിൽ സഞ്ജു നിരന്തരം പരാജയപ്പെടുകയാണ്. ഇതുവരെ 20 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള സഞ്ജു 320 മാത്രമാണ് നേടിയിട്ടുള്ളത്. എന്തായാലും ഇതിൽനിന്ന് ഒരു മുന്നോട്ടു പോക്ക് ഉണ്ടായാൽ മാത്രമേ സഞ്ജു സാംസണ് ട്വന്റി20 ലോകകപ്പ് അടക്കമുള്ള വലിയ ടൂർണമെന്റുകളിൽ സാന്നിധ്യം അറിയിക്കാൻ സാധിക്കൂ.