കളിച്ചത് വെറും 86 ടെസ്റ്റുകൾ. എന്നാൽ ലോക ക്രിക്കറ്റിലെ ബോളിംഗ് പതാകാവാഹകരിൽ അയാളുടെ സ്ഥാനം പ്രഥമഗണനീയമാണ്

Dale Steyn

വലിഞ്ഞ് മുറുകിയ മുഖഭാവത്തോടെ തീക്കട്ട പോലെ ജ്വലിക്കുന്ന കണ്ണുകളോടെ വളരെ അനായാസമായ ആക്ഷനിൽ ബാറ്റ്സ്മാനെ ഭയപ്പെടുത്തുന്ന എല്ലാ ചേരുവകളും ചാലിച്ച് അയാൾ പന്തെറിയുമ്പോൾ ബാറ്റ്സ്മാൻ്റെ മനസ്സിൽ ഒരു ഭയം ഉടലെടുക്കും .ഒടുവിൽ ആ സമ്മർദ്ദത്തെ സ്വയം ഇല്ലാതാക്കാൻ ബാറ്റ്സ്മാന് മുന്നിലെ അവസാന വഴി വിക്കറ്റ് ബലി കഴിക്കുക എന്നത് മാത്രം .

അയാൾ പന്തെറിയുമ്പോൾ അത്തരം കാഴ്ചകൾ 2000 കാലഘട്ടത്തിലെ പ്രേക്ഷകർക്ക് ഒരു സാധാരണ കാഴ്ച ആയിരുന്നു. ഡെയിൽ സ്റ്റെയിൻ എന്ന പ്രതിഭാസത്തിൻ്റെ ബൗളിംഗ് ഒരിക്കലെങ്കിലും കണ്ടുവെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാരാണ്. കാരണം ബാറ്റ്സ്മാൻ്റെ മാത്രം കളിയായി മാത്രം മാറുന്നു എന്ന പരാതികൾക്കിടയിൽ സ്റ്റെയ്ൻ വരുന്നു .ബാറ്റ്സ്മാൻമാരെ അത്ഭുതപ്പെടുത്തുന്നു .ഒരുപക്ഷേ ബൗളിങ്ങിറ്റ് പ്രാധാന്യം കൊടുക്കുന്ന ഗെയിം ആയിരുന്നു ക്രിക്കറ്റ് എങ്കിൽ അതിലെ സച്ചിനും ലാറയും പോണ്ടിംഗും എല്ലാം അവരുടെ സമകാലികനായ സ്റ്റെയിനിൽ മാത്രം ഒതുങ്ങുമായിരുന്നു

Dale Steyn with fans

ഇടതടവില്ലാതെ ഇത്രമാത്രം കൃത്യതയോടെ ഔട്ട് സ്വിങ്ങറും ഇൻസ്വിങ്ങറും റിവേഴ്സ് സ്വിങ്ങും അപാരമായ സീം പൊസിഷനും റിസ്റ്റും ഉപയോഗിച്ച് പന്തെറിയുന്ന സ്റ്റെയിന് വെറുതെയല്ല 400 ടെസ്റ്റ് വിക്കറ്റുകൾ നേടാൻ വെറും 16334 പന്തുകൾ മാത്രം വേണ്ടി വന്നത്

കളിച്ചത് വെറും 86 ടെസ്റ്റുകൾ. എന്നാൽ ലോക ക്രിക്കറ്റിലെ ബോളിംഗ് പതാകാവാഹകരിൽ അയാളുടെ സ്ഥാനം പ്രഥമഗണനീയമാണ്. ലോക ക്രിക്കറ്റിൽ 10000 പന്തുകളെറിഞ്ഞവരിൽ മറ്റൊരാൾക്കും സ്റ്റെയിനിനേക്കാൾ മികച്ച ഒരു സ്ട്രൈറ്റ് റേറ്റ് മറ്റൊരു പേസർക്കുമില്ല .

ബാറ്റ്സ്മാന് അനുകൂലമായി തിരക്കഥയെഴുതുന്ന ഈ കാലഘട്ടത്തിൽ പക്ഷേ 1970 കളിലും 80 കളിലും നിറഞ്ഞാടിയ പേസർമാർക്ക് സാധിക്കാത്ത ഒരു കാര്യം സ്റ്റെയിന് സാധിക്കാൻ പറ്റുമ്പോൾ അയാളെ ഇതിഹാസം എന്നു വിശേഷിപ്പിക്കുന്നത് ചെറിയ വാക്കായി തോന്നിയേക്കാം .

dale steyn run up

ലോകം കണ്ട ഏറ്റവും മികച്ച ബൗളർ ആരെന്ന് ചോദിക്കുമ്പോൾ പലരും ആ സ്ഥാനത്ത് സ്റ്റെയിനെ പ്രതിഷ്ഠിക്കുന്നുവെങ്കിൽ അതിന് ഒരുപാട് കാരണങ്ങളും കണക്കുകളും ഉണ്ടാകും. 2004ൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റ ടെസ്റ്റിനിറങ്ങി 4 ടെസ്റ്റുകൾക്ക് ശേഷം മോശംപ്രകടനത്തിൻ്റെ പേരിൽ ഒഴിവാക്കപ്പെട്ട അതേ ആൾ തന്നെ ലോകത്ത് എണ്ണിയാലൊടുങ്ങാത്ത അതുല്യ പേസർമാരും സ്പിന്നർമാരും അരങ്ങുവാണ 2008 മുതൽ 2014 വരെയുള്ള 263 ആഴ്ചകൾ അല്ലെങ്കിൽ 2356 ദിവസങ്ങൾ അല്ലെങ്കിൽ ആറര വർഷം ഐസിസി റാങ്കിംഗിൽ ഒന്നാമനായിരുന്നു എന്നത് പലപ്പോഴും നമ്മുടെ ചിന്തകൾക്ക് പോലും നിരക്കാതെ പോയേക്കാം .

93 ടെസ്റ്റുകളിൽ 22.95 ശരാശരിയിൽ 439 വിക്കറ്റുകൾ 5 തവണ 10 വിക്കറ്റ് നേട്ടം 26 തവണ 5 വിക്കറ്റ് നേട്ടങ്ങൾ .സ്ഥിതി വിവരകണക്കുകൾ മഹത്തരമാണ്. എന്നാൽ അതിനെ ഒന്നു കൂടി ഇഴകീറി പരിശോധിക്കുമ്പോൾ കണക്കുപുസ്തകത്തിന് ഉൾക്കൊള്ളാൻ പറ്റാത്ത വിധത്തിലേക്ക് സംഖ്യകൾ ബൗൺസ് ചെയ്തു പോകുന്നത് കാണാം .

പേസ് ബൗളർമാരുടെ വിക്കറ്റുകൾ വിയർപ്പുതുള്ളികളുടെ അളവും കുടിക്കുന്ന വെള്ളത്തിൻറെ അളവും കൂടുന്ന ,വിക്കറ്റുകൾ മരീചികയാകുന്ന ഏഷ്യൻ പിച്ചുകളിൽ 20 ടെസ്റ്റ് കളിച്ച സ്റ്റെയിൻ്റ ശരാശരി 22.63 ആണ് .കരിയർ ശരാശരിയേക്കാൾ മികച്ചത് .90 വിക്കറ്റുകൾ നേടിയപ്പോൾ അതിൽ ഒരു 10 വിക്കറ്റ് നേട്ടവും 5 അഞ്ച് വിക്കറ്റ് നേട്ടവും .

ഇനി വിജയിച്ച കളികളുടെ കണക്കുകളിലേക്ക് ഊളിയിടുമ്പോൾ അവിടെ അയാൾക്ക് 291 വിക്കറ്റുകൾ എടുക്കാൻ വേണ്ടി വന്ന ശരാശരി 16.03 എന്ന അത്ഭുത കണക്കും . എന്നാൽ സ്റ്റെയ്ൻ തളരുമ്പോൾ സൗത്താഫ്രിക്ക തളരുകയായിരുന്നു എന്ന് കണക്കുകൾ പറയും .തോൽക്കുമ്പോൾ സ്റ്റെയിൻ്റെ ആവറേജ് ഇരട്ടിയിലേക്ക് പോകുന്നു .33.79

See also  കുൽദീപ് - അശ്വിൻ ഷോയിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്. 218 റൺസിന് ഓൾഔട്ട്‌.
dale steyn fast

മാരകമായ പേസിൽ പന്തിനെ ഇഷ്ടാനുസരണം ഇരുവശത്തേക്കും ചലിപ്പിച്ച് ബാറ്റ്സ്മാൻ്റെ ക്ഷമയും സമചിത്തതയും ചങ്കുറപ്പും പരീക്ഷിക്കുന്ന ഡെലിവറികളുടെ ഉടമയായതു കൊണ്ട് തന്നെയാണ് സ്വന്തം നാട്ടുകാരായ അലൻഡൊണാൾഡും ഷോൺ പൊള്ളോക്കും അടങ്ങുന്ന വൻനിരയെ മറികടന്ന് അവരെക്കാൾ മുകളിൽ സ്റ്റെയ്ൻ പ്രതീഷ്ഠിക്കപ്പെടുന്നത്. എല്ലാ ടെസ്റ്റ് രാജ്യങ്ങൾക്കെതിരെയും 5 വിക്കറ്റുകൾ കുറിച്ച് ഒരേയൊരു ബൗളർ എന്ന അവിശ്വസനീയമായ നേട്ടം സ്റ്റെയ്ൻ ഉണ്ടാക്കിയ ഇംപാക്ടിൻ്റെ തെളിവാണ്

2008 ൽ ആ കലണ്ടർ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ 78 വിക്കറ്റുകൾ വീഴ്ത്തി ഐസിസി പ്ലെയർ ഓഫ് ഓഫ് ഇയർ ബഹുമതി കരസ്ഥമാക്കുമ്പോൾ സ്റ്റെയിൻ്റെ ആവറേജ് 16.24 ആയിരുന്നു. 400 വിക്കറ്റുകൾ നേടുമ്പോൾ ആ നേട്ടത്തിൽ മുരളിക്ക് മാത്രം പിന്നിലായിരുന്ന സ്റ്റെയിൻ്റ നേട്ടം ഒരു പേസറെ സംബന്ധിച്ചിടത്തോളം അതുല്യം തന്നെയാണ്

പരിക്കുകൾ നിരന്തരം വേട്ടയാടിയിരുന്നില്ലെങ്കിൽ 100 ടെസ്റ്റുകളും 500 വിക്കറ്റുകളും എന്ന അഭൗമമായ നേട്ടം കൈവരിക്കുമായിരുന്ന സ്റ്റെയിന് അവസാന കാലത്ത് ബൗളിങ്ങ് ആക്ഷൻ മാറ്റം വരുത്തേണ്ടി വന്നത് സ്പീഡിൻ്റെയും സ്വിങ്ങിൻ്റെയും താളം തെറ്റിച്ചു

” ബ്ളെൻഡഡ് “എന്ന ഹോളിവുഡ് മൂവിയിൽ പ്രധാന റോൾ ചെയ്ത സ്റ്റെയിൻ ഫിഷിങ് ഏറെ ഇഷ്ടപ്പെടുന്നതിനൊപ്പം വളരെ മികച്ച ഒരു ഫോട്ടോഗ്രാഫർ കൂടിയാണ്

സ്വന്തം രാജ്യത്തിനുവേണ്ടിയല്ല ഏകദിന അരങ്ങേറ്റം നടത്തിയതെന്ന കൗതുകകരമായ ഒരു പ്രത്യേകത കൂടി സ്റ്റെയിനുണ്ട് . ആഫ്രിക്കൻ ഇലവനു വേണ്ടി ഏഷ്യൻ ഇലവനെതിരെ അരങ്ങേറിയ സ്റ്റെയിൻ പാകിസ്ഥാൻ്റെ മുഹമ്മദ് ഹഫീസിൻ്റെ പേടി സ്വപ്നം കൂടിയാണ് .ആകെ 23 മേച്ചിൽ ഹഫീസിനെ 15 തവണ പുറത്താക്കിയ സ്റ്റെയിൻ 2013 ൽ മാത്രം 10 തവണയാണ് അദ്ദേഹത്തെ പവലിയനിലേക്കയച്ചത്

വാലറ്റത്ത് അത്യാവശ്യം ബാറ്റിങ്ങ് സംഭാവനകൾ നൽകാൻ പ്രാപ്തിയുള്ള സ്റ്റെയിൻ 2009ൽ ആസ്ട്രേലിയക്കെതിരെ 141 ന് 6 എന്ന നിലയിൽ തകർന്ന് വീണപ്പോൾ 76 റൺ നേടിയ സ്റ്റെയിൻ ജെ.പി. ഡുമിനിക്കൊപ്പം 9 ആം വിക്കറ്റിൽ 180 റൺ കുറിച്ചപ്പോൾ സൗത്താഫ്രിക്ക ആസ്ട്രേലിയയിൽ ആദ്യ പരമ്പര വിജയമാണ് നേടിയത്

കണക്കുകൾ പ്രകാരം ഓരോ 6.5 ഓവറിലും ഒരുവിക്കറ്റ് വീഴ്ത്തുന്ന സ്റ്റെയ്ൻ താൻ 400 വിക്കറ്റുകൾ നേടുമ്പോൾ ആ നേട്ടം കുറിച്ച മറ്റ് 13 പേരുടെയും സട്രൈക്ക് റേറ്റിനേക്കാൾ എത്രയോ മുന്നിലായിരുന്നു എന്നതിനേക്കാൾ അതിശയകരം 200 വിക്കറ്റുകൾ നേടിയവരിലും ആ നേട്ടം അദ്ദേഹത്തിനു തന്നെ എന്നതാണ് .

പലരും ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് നഷ്ടങ്ങൾ എബി ഡിവില്ലിയേഴ്സിലും ജാക്ക് കാലിസിലുമൊക്കൊ ഒതുക്കുമ്പോൾ അതിന് ഏറ്റവും അർഹതയുള്ള ഡെയ്ൽ സ്റ്റെയ്ൻ്റ പേര് പരാമർശിക്കുന്നില്ല എന്നത് അത്ഭുതകരമാണ് . 2015 ലോകകപ്പ് സെമിയിൽ അവസാന ഓവറിലെ സ്റ്റെയിനിൻ്റെ 5 ആം പന്ത് ഗ്രാൻ്റ് ഇലിയട്ട് സിക്സറിന് പറത്തിയപ്പോൾ സ്റ്റെയിനിനൊപ്പം ദക്ഷിണാഫ്രിക്കയുടെ ഹൃദയം കൂടിയാണ് തകർന്നത്

സ്റ്റെയിൻ ഗൺ എന്നറിയപ്പെടുന്ന സ്റ്റെയിൻ 100 ടെസ്റ്റുകൾ കളിക്കാതെയും 500 വിക്കറ്റുകൾ നേടാതെയും അയാളുടെ അപദാനങ്ങൾ പാണൻ പാട്ടുപോലെ മുഴങ്ങുന്നുവെങ്കിൽ അതിൻറെ അലകൾൾ പറയും ഡേയിൽ സ്റ്റെയിൻ എന്ന അതുല്യ പ്രതിഭ ആരായിരുന്നുവെന്ന്.

എല്ലാവിധ ക്രിക്കറ്റിൽ നിന്നും അയാൾ മടങ്ങുമ്പോൾ അവസാനിക്കുന്നത് പേസ് ബൗളിങ്ങിൻ്റെ വർണ്ണാഭമായ കാഴ്ചകൾ കൂടിയാണ്

എഴുതിയത് – Danesh Damodharan

Scroll to Top