സഞ്ചു സാംസണ്‍ നിരാശപ്പെടുത്തി. ചെന്നൈ സൂപ്പര്‍ കിംഗ്സിനു വിജയം.

319835 1

ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിനു നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സില്‍ എത്താനേ സാധിച്ചുള്ളു. 45 റണ്‍സിന്‍റെ വിജയമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയത്.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സ്, മോശം ഷോട്ടുകള്‍ കളിച്ചാണ് വിക്കറ്റുകള്‍ നഷ്ടപെടുത്തിയത്. 35 പന്തില്‍ 5 ഫോറും 2 സിക്സുമായി 49 റണ്‍സ് നേടിയ ജോസ് ബട്ട്ലറാണ് ടോപ്പ് സ്കോറര്‍. ക്യാപ്റ്റന്‍ സഞ്ചു സാംസണ്‍ 1 റണ്‍ നേടി പുറത്തായി. ജോസ് ബട്ട്ലര്‍ പുറത്തായതോടെ രാജസ്ഥാന്‍ താരങ്ങള്‍ പവിലിയനിലേക്ക് ഘോഷയാത്ര നടത്തി.

ഡൂബെ (15), മില്ലര്‍ (2), പരാഗ് (3), ക്രിസ് മോറിസ് (0) എന്നിവര്‍ അതിവേഗം പുറത്തായതോടെ 95 ന് 7 എന്ന നിലയിലേക്ക് വീണു. ടെവാട്ടിയ (20) ഉനദ്ഘട്ട് (24) എന്നിവര്‍ മാത്രമാണ് ചെന്നൈ ബോളര്‍മാര്‍ക്കെതിരെ പൊരുതിയത്. ചെന്നൈയുടെ സ്പിന്‍ ജോഡിയായ ജഡേജ – മൊയിന്‍ അലി സംഖ്യമാണ് വിഷമത്തിലാക്കിയത്. മൊയിന്‍ അലി 3 വിക്കറ്റ് നേടിയപ്പോള്‍ ജഡേജയും സാം കറനും 2 വിക്കറ്റ് വീതം നേടി. ബ്രാവോ, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് പങ്കിട്ടു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടി. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും റുതുരാജ് ഗെയ്ക്വാദ് ഓപ്പണിംഗില്‍ പരാജയപ്പെട്ടു. 10 റണ്‍സുമായി ഓപ്പണര്‍ പുറത്താകുമ്പോള്‍ സ്കോര്‍ബോഡില്‍ 25 റണ്‍സ് മാത്രം. പിന്നാലെ തകര്‍ത്തടിച്ച ഫാഫ് ഡുപ്ലെസിസിനെ ആറാം ഓവറില്‍ ക്രിസ് മോറിസ് മടക്കി. 17 പന്തില്‍ നിന്ന് രണ്ടു സിക്സും നാലു ഫോറുമടക്കം 33 റണ്‍സ് നേടിയ ഡുപ്ലെസിസാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍.

See also  കൂകിവിളിച്ച ആരാധകരെ കൊണ്ട് കയ്യടിപ്പിക്കാൻ ഹർദിക്കിനറിയാം. പിന്തുണയുമായി ഇഷാൻ കിഷൻ.

മൊയീന്‍ അലി (20 പന്തില്‍ 26), സുരേഷ് റെയ്ന (15 പന്തില്‍ 18), അമ്പാട്ടി റായുഡു (17 പന്തില്‍ 27), എം എസ് ധോണി (17 പന്തില്‍ 18) എന്നിവരെല്ലാം പ്രതീക്ഷ നല്‍കിയ ശേഷമാണ് പവലിയനിയില്‍ തിരിച്ചെത്തിയത്. വെറും എട്ടു പന്തില്‍ നിന്ന് 20 റണ്‍സെടുത്ത ഡ്വെയ്ന്‍ ബ്രാവോയാണ് ചെന്നൈ സ്‌കോര്‍ 188-ല്‍ എത്തിച്ചത്. രവീന്ദ്ര ജഡേജ (8), സാം കറന്‍ (13), ശാര്‍ദുല്‍ താക്കൂര്‍ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

രാജസ്ഥാന് വേണ്ടി ചേതന്‍ സക്കറിയ 36 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്രിസ് മോറിസ് രണ്ടു വിക്കറ്റെടുത്തു. മുസതഫിസര്‍, ടെവാട്ടിയ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Scroll to Top