ഈ വർഷത്തെ മികച്ച ടെസ്റ്റ്‌ ഇലവനുമായി ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ ബോർഡ്‌ :നാല് ഇന്ത്യൻ താരങ്ങൾ ടീമിൽ

മറ്റൊരു സുവർണ്ണ വർഷം കൂടി ടെസ്റ്റ്‌ ക്രിക്കറ്റിൽ പിന്നിടുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റ്‌ അനേകം പ്രതിസന്ധികൾ നേരിട്ട ഈ കാലയളവിലും ടെസ്റ്റ്‌ ക്രിക്കറ്റ്‌ അതിന്റെ മനോഹാരിത നിലനിർത്തിയാണ് ഈ വര്‍ഷം കടന്നുപോകുന്നത്. ഐസിസി ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്‍റെ (2021-2023)ഭാഗമായി ടീമുകൾ എല്ലാം കനത്ത പോരാട്ടങ്ങൾ നടത്തുമ്പോൾ വരുന്ന വർഷങ്ങളിലും ആവേശം തീപാറുമെന്നാണ് ക്രിക്കറ്റ്‌ ലോകം പ്രതീക്ഷിക്കുന്നത്. എന്നാൽ ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത് ഈ വർഷത്തെ മികച്ച ടെസ്റ്റ്‌ ഇലവനെ തിരഞ്ഞെടുത്ത ക്രിക്കറ്റ് ഓസ്ട്രേലിയയാണ്. നാല് ഇന്ത്യൻ താരങ്ങളെ അടക്കം ഉൾപെടുത്തിയാണ് ഈ ബെസ്റ്റ് ടെസ്റ്റ്‌ ഇലവൻ പ്രഖ്യാപിച്ചത്.

ശ്രീലങ്കൻ നായകൻ ദിമുത് കരുണരത്ന ക്യാപ്റ്റനായി എത്തുന്ന ടെസ്റ്റ്‌ ഇലവനിൽ ഓപ്പണർ റോളിൽ കരുണരത്നക്ക്‌ ഒപ്പം എത്തുന്നത് ഇന്ത്യൻ താരം രോഹിത് ശർമ്മയാണ്.ഈ വർഷം ഇന്ത്യക്കായി ഏറ്റവും അധികം റൺസ്‌ അടിച്ച താരമാണ് രോഹിത് ശർമ്മ. മൂന്നാം നമ്പറിൽ മാർനസ് ലബുഷെയ്ൻ ടീമിൽ ഇടം പിടിച്ചപ്പോൾ മോശം ഫോമിലുള്ള സ്മിത്ത്, കോഹ്ലി എന്നിവർ ക്രിക്കറ്റ്‌ ഓസ്ട്രേലിയയുടെ ടീമിൽ സ്ഥാനം നേടിയില്ല.

ഈ വർഷം റെക്കോർഡ് റൺസ്‌ നേടിയ ജോ റൂട്ട് നാലാമനായി ടീമിലേക്ക് എത്തിയപ്പോൾ ഫവാദ് അലമാണ് പാകിസ്ഥാനിൽ നിന്നുള്ള ബാറ്റ്‌സ്മാൻ. ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്ത് ടീമിലെ ഏക കീപ്പർ ബാറ്റ്‌സ്മാനായി എത്തി. ഇന്ത്യൻ ടീമിന്റെ ഗാബ്ബ ടെസ്റ്റ്‌ ജയത്തിൽ അടക്കം റിഷാബ് പന്തിന്‍റെ പ്രകടനം ശ്രദ്ധേയമായി.

ഇന്ത്യൻ താരങ്ങളായ അശ്വിൻ, അക്ഷർ പട്ടേൽ എന്നിവർ സ്പിൻ ബൗളർമാരായി ഇടം നേടിയപ്പോൾ പാകിസ്ഥാൻ താരം ഷഹീൻ അഫ്രീഡി, ഹസൻ അലി, കെയ്ൽ ജാമിസൺ എന്നിവരാണ് ടീമിലെ ഫാസ്റ്റ് ബൗളർമാർ.

ക്രിക്കറ്റ്‌ ഓസ്ട്രേലിയയുടെ ബെസ്റ്റ് ടെസ്റ്റ്‌ ഇലവൻ : ദിമുത് കരുണരത്ന, രോഹിത് ശർമ്മ, മാർനസ് ലാബുഷെയ്ൻ, ജോ റൂട്ട്, ഫവാദ് അലം, റിഷാബ് പന്ത്, അക്ഷർ പട്ടേൽ, അശ്വിൻ, കെയ്ൻ ജാമിസൺ, ഹസൻ അലി, ഷഹീൻ അഫ്രീദി.