ക്രിക്കറ്റിലും റെഡ് കാർഡ് വരുന്നു. നിയമം ലംഘിച്ചാൽ കളിക്കാർ മൈതാനത്തിന് പുറത്ത്.

ഫുട്ബോളിന് സമാനമായി ക്രിക്കറ്റിലും റെഡ് കാർഡ് ഉപയോഗിക്കാൻ തയ്യാറാവുകയാണ് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ്. വരാനിരിക്കുന്ന കരീബിയൻ പ്രീമിയർ ലീഗിലാണ് സ്ലോ ഓവർ റേറ്റിന് ശിക്ഷയായി റെഡ് കാർഡ് സിസ്റ്റം കൊണ്ടുവരാൻ തയ്യാറായിരിക്കുന്നത്. ഈ നിയമപ്രകാരം നിശ്ചിത സമയത്തിനുള്ളിൽ ഫീൽഡിംഗ് ടീമിന് ഇന്നിംഗ്സിലെ ഇരുപതാം ഓവർ ആരംഭിക്കാൻ സാധിച്ചില്ലെങ്കിൽ, തങ്ങളുടെ കളിക്കാരിൽ ഒരാൾ മൈതാനത്തിന് പുറത്തു പോകണം. വളരെ വ്യത്യസ്തമായ ഈ നിയമം കരീബിയൻ പ്രീമിയർ ലീഗിന്റെ പുരുഷ- വനിത ടൂർണമെന്റുകളിൽ നടപ്പിലാക്കാനാണ് ശ്രമം.

ഇഎസ്പിഎൻ ക്രിക്കിൻഫോ റിപ്പോർട്ട് പ്രകാരം സമയക്രമത്തിനനുസരിച്ചാണ് ഈ നിയമം കൊണ്ടുവരുന്നത്. ഒരു ബോളിംഗ് ടീം മത്സരം ആരംഭിച്ച് 72 മിനിറ്റുകൾക്കുള്ളിൽ തന്നെ തങ്ങളുടെ പതിനേഴാം ഓവർ എറിയാൻ ആരംഭിക്കണം. അതുപോലെ തന്നെ 76 മിനിറ്റ് 30 സെക്കൻഡിനുള്ളിൽ പതിനെട്ടാം ഓവറും, 80 മിനിറ്റ് 45 സെക്കൻഡിനുള്ളിൽ 19 ആം ഓവറും എറിഞ്ഞിരിക്കണം.

ഇന്നിംഗ്സ് ആരംഭിച്ച് 85 മിനിറ്റിനു മുൻപാണ് അവസാന ഓവർ തുടങ്ങേണ്ടത്. ടീമുകൾ ഈ അനുപാതത്തിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ സമയമെടുക്കുകയാണെങ്കിൽ സ്ലോ ഓവർ റേറ്റിന്റെ പേരിൽ ശിക്ഷ നൽകാനാണ് കരീബിയൻ പ്രീമിയർ ലീഗ് തയ്യാറായിരിക്കുന്നത്.

നിശ്ചിത സമയത്തിനുള്ളിൽ ഫീൽഡിംഗ് ടീമിന് പതിനെട്ടാം ഓവർ ആരംഭിക്കാൻ സാധിച്ചില്ലെങ്കിൽ 5 കളിക്കാരെ 30 വാര സർക്കിളിനുള്ളിൽ നിർത്തേണ്ടിവരും. പത്തൊമ്പതാം ഓവറിൽ ഫീൽഡിങ് ടീം സ്ലോ ഓവർ റൈറ്റ് മെയിന്റയിൻ ചെയ്താൽ, 6 ഫീൽഡർമാരെ 30 വാര സർക്കിളിനുള്ളിൽ നിർത്താൻ തയ്യാറാവണം. ഇരുപതാം ഓവർ ആരംഭിക്കുന്നതിനു മുൻപ് ഇത്തരത്തിൽ സ്ലോ ഓവർ റൈറ്റ് ഫീൽഡിങ് ടീം മെയിന്റൈൻ ചെയ്താൽ, ക്യാപ്റ്റൻ തിരഞ്ഞെടുക്കുന്ന ഒരു കളിക്കാരൻ മൈതാനത്തിന് പുറത്തേക്ക് പോകാൻ തയ്യാറാവണം. ഒപ്പം ടീമിലെ ആറുപേരും 30 വാര സർക്കിളിനുള്ളിൽ ഫീൽഡ് ചെയ്യേണ്ടിയും വരും.

ബോളിംഗ് ടീമിന് മാത്രമല്ല ബാറ്റിംഗ് ടീമിനും പെനാൽറ്റി ഏർപ്പെടുത്താനാണ് കരീബിയൻ പ്രീമിയർ ലീഗിന്റെ ശ്രമം. മൈതാനത്ത് സമയം നഷ്ടപ്പെടുത്തുകയാണെങ്കിൽ അമ്പയർമാർ ബാറ്റിംഗ് ടീമിന് കൃത്യമായ മുന്നറിയിപ്പ് നൽകും. ശേഷം വീണ്ടും ഇത് ശ്രദ്ധയിൽ പെട്ടാൽ ഓരോ തവണ സമയം നഷ്ടപ്പെടുത്തുന്നതിനായി 5 റൺസ് വീതം പെനാൽറ്റിയായി കണക്കാക്കും. എന്തായാലും വ്യത്യസ്തമായ നിയമങ്ങളുമായാണ് കരീബിയൻ പ്രീമിയർ ലീഗ് ഇത്തവണ ആരംഭിക്കുന്നത്.