വിവാഹ ചിത്രങ്ങൾ പങ്കുവെച്ച്‌ ജസ്പ്രീത് ബുംറ : ആശംസകളോടെ ക്രിക്കറ്റ് ലോകം

ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര വിവാഹിതനായി. പ്രമുഖ  സ്പോര്‍ട്സ് അവതാരകയും മുന്‍ മിസ് ഇന്ത്യ ഫൈനലിസ്റ്റുമായ സഞ്ജന ഗണേശനാണ് വധു. വിവാഹ വാര്‍ത്തയും ബന്ധപ്പെട്ട  ചിത്രങ്ങളും ജസ്പ്രീത്  ബുമ്ര തന്നെയാണ് ഇന്ന് സോഷ്യൽ മീഡിയയിലൂടെ  ആരാധകരുമായി പങ്കുവെച്ചത്.

2014ലെ മിസ് ഇന്ത്യ  ഫൈനലിലെ താരമായിരുന്നു  സഞ്ജന.ഐപിഎല്ലിലെ മത്സരങ്ങളിൽ  സ്റ്റാര്‍ സ്പോര്‍ട്സിലെയും പ്രീമിയര്‍ ബാഡ്മിന്‍റണ്‍ ലീഗിലെയും അവതാരകയായും 28കാരിയായ  സഞ്ജന എത്തിയിട്ടുണ്ട്. റിയാലിറ്റി ടിവി ഷോ ആയ എം ടിവി സ്‌പ്ലിറ്റ്‌വില്ല-7ലെ മത്സരാര്‍ത്ഥിയായിരുന്നു. നേരത്തെ വിവാഹ ഒരുക്കങ്ങൾക്കായി ബുമ്രക്ക് ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലും ടി20 പരമ്പരയിലും വിശ്രമം അനുവദിച്ചിരുന്നു.

ഞായറാഴ്ച ഗോവയില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ചടങ്ങിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇപ്പോൾ നടക്കുന്ന ഇന്ത്യ  : ഇംഗ്ലണ്ട്   ടി:20 പരമ്പരക്ക് ശേഷമുള്ള ഏകദിന പരമ്പരയിലും ബുംറ കളിക്കില്ല എന്നാണ് ലഭിക്കുന്ന സൂചനകൾ . ഇന്ത്യൻ താരങ്ങൾക്കായി ഐപിഎല്ലിന് മുൻപ് പ്രത്യേക വിരുന്നൊരുക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ .