എന്തുകൊണ്ടാണ് ധോണി നായകസ്ഥാനം ഒഴിഞ്ഞത്. ജഡേജ എങ്ങനെ ക്യാപ്റ്റനായി. രഹസ്യം വെളിപ്പെടുത്തി ചെന്നൈ സി.ഈ.ഓ

ഐപിഎൽ പതിനഞ്ചാം പതിപ്പ് പടിവാതിൽക്കൽ നിൽക്കെ ചെന്നൈ ആരാധകരെയും എല്ലാ ക്രിക്കറ്റ് ആരാധകരെയും ഒരുപോലെ ഞെട്ടിക്കുന്ന മാറ്റവുമായി എത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. ഒരു യുഗത്തിന് വിരാമമിട്ടുകൊണ്ട് ക്യാപ്റ്റൻസിയിൽ നിന്നും എംഎസ് ധോണിയെ മാറ്റി നായകപദവി രവീന്ദ്ര ജഡേജക്ക് കൈമാറിയിരിക്കുകയാണ്.

എല്ലാവരെയും ഞെട്ടിച്ച തീരുമാനത്തെക്കുറിച്ച് വിശദീകരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ് സി ഇ ഓ കാശി വിശ്വനാഥൻ. അദ്ദേഹത്തിൻറെ വാക്കുകളിലൂടെ.. “ക്യാപ്റ്റൻസി മാറ്റത്തെക്കുറിച്ച് എംഎസ് ധോണി ചിന്തിക്കുന്നുണ്ടായിരുന്നു. ജഡ്ഡുവിന് ക്യാപ്റ്റൻ പദവി കൈമാറാനുള്ള ഏറ്റവും ഉചിതമായ സമയമാണ് ഇത് എന്ന് ധോണിക്ക് തോന്നി. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ജഡേജ എന്നും ധോണിക്ക് അറിയാം.”

images 95 1

”അതിനാൽ സിഎസ്ക്കെയെ ജഡേജ നയിക്കേണ്ട കൃത്യമായ സമയമാണിത്. ജഡേജയെ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞവർഷം തന്നെ ഇങ്ങനെയൊരു പദ്ധതി ഉണ്ടായിരുന്നു. ധോണിയുടെ പിൻഗാമി ആവാൻ ഏറ്റവും ഉചിതനാണ് ജഡേജയെന്ന് നമുക്കറിയാം. രാജ്യാന്തര ക്രിക്കറ്റിൽ വളർത്തിയെടുത്തതിനുശേഷം വിരാട് കോഹ്ലിക്ക് ഇന്ത്യൻ ക്യാപ്റ്റൻസി ധോണി കൈമാറിയതിന് സമാനമാണിത്. അതേപോലെ അനായാസം ക്യാപ്റ്റൻസി മാറ്റം ചെന്നൈ സൂപ്പർ കിംഗ്സിലും ധോണി ആഗ്രഹിച്ചിരുന്നു. ഫ്രാഞ്ചൈസിക്കായി മികവുകാട്ടാൻ ജഡേജയ്ക്കാവും. മികച്ച ഓൾറൗണ്ടർ ആണ് അദ്ദേഹം. ടീമിനെ ഒന്നിച്ചു കൊണ്ടുപോകാൻ സാധിക്കും. ധോണിയുടെ പിന്തുണ എപ്പോഴുമുണ്ടാകും.”- ചെന്നൈ സൂപ്പര്‍ കിംഗ്സ് സി.ഈ.ഓ കാശി വിശ്വനാഥന്‍ പറഞ്ഞു.

images 93 1


ഐപിഎല്ലിലെ അരങ്ങേറ്റ സീസൺ മുതൽ ചെന്നൈയുടെ കപ്പിത്താൻ ആണ് എം എസ് ധോണി. രോഹിത് ശർമയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ഐപിഎൽ നേടിയ നായകനും ധോണിയാണ്. 204 മത്സരങ്ങളിൽ നിന്നും 121 വിജയവും 82 തോൽവിയും ധോണിയുടെ അക്കൗണ്ടിൽ ഉണ്ട്. ധോണിക്ക് കീഴിൽ ഒരു തവണ മാത്രമാണ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായത്.