ഇനി ഇന്ത്യയ്ക്ക് WTC ഫൈനൽ കളിക്കാൻ പറ്റുമോ? കടമ്പകൾ ഇങ്ങനെ.

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മൂന്നാമത്തെ ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ദിവസങ്ങളിൽ ഓസ്ട്രേലിയ കൃത്യമായ രീതിയിൽ ഇന്ത്യയ്ക്ക് മേൽ ആധിപത്യം പുലർത്തുകയുണ്ടായി. ശേഷം മഴയെത്തുകയും ഇന്ത്യ മത്സരത്തിൽ പരാജയത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു.

പരമ്പരയിലെ 3 ടെസ്റ്റ് മത്സരങ്ങൾ അവസാനിക്കുമ്പോൾ 1-1 എന്ന നിലയിലാണ്. ഡിസംബർ 26ന് മെൽബണിലാണ് പരമ്പരയിലെ നാലാം ടെസ്റ്റ് മത്സരം നടക്കാൻ പോകുന്നത്. മത്സരത്തിൽ സമനില കണ്ടെത്താൻ സാധിച്ചതോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പ്രതീക്ഷകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

ഇന്ത്യയ്ക്ക് ഇനി ഓസ്ട്രേലിയക്കെതിരെ അവശേഷിക്കുന്നത് രണ്ട് ടെസ്റ്റ് മത്സരങ്ങളാണ്. ആദ്യ ടെസ്റ്റ് മത്സരം മെൽബണിലും രണ്ടാമത്തേത് സിഡ്നിയിലുമാണ് നടക്കുന്നത്. ഈ 2 മത്സരത്തിലും വിജയം സ്വന്തമാക്കാൻ സാധിച്ചാൽ ഇന്ത്യയ്ക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്താൻ സാധിക്കും. കാരണം 3-1 എന്ന നിലയിൽ പരമ്പരയിൽ വിജയം സ്വന്തമാക്കിയാൽ 60.5 ശതമാന പോയിന്റുകൾ ഇന്ത്യക്ക് സ്വന്തമാവും. അതിന് ശേഷം ശ്രീലങ്കയ്ക്കെതിരായ 2 ടെസ്റ്റ് മത്സരങ്ങളിൽ ഓസ്ട്രേലിയ വിജയം സ്വന്തമാക്കിയാലും ഇന്ത്യയുടെ ഈ പോയിന്റിനെ മറികടക്കാൻ സാധിക്കില്ല.

എന്നിരുന്നാലും തുടർച്ചയായി 2 മത്സരങ്ങളിൽ ഓസ്ട്രേലിയൻ ടീമിനെ പരാജയപ്പെടുത്തുക എന്നത് ഇന്ത്യയെ സംബന്ധിച്ച് അത്ര അനായാസ കാര്യമല്ല. അതുകൊണ്ടുതന്നെ 2- 2 എന്ന നിലയിൽ ഈ പരമ്പര അവസാനിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. ആ നിലയിലാണ് പരമ്പര അവസാനിക്കുന്നതെങ്കിൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാവും. മറ്റു ടീമുകളുടെ ഫലങ്ങൾ കൂടി ഇന്ത്യയ്ക്ക് ആശ്രയിക്കേണ്ടി വരും. പരമ്പര 2-2 എന്ന നിലയിൽ അവസാനിച്ചെങ്കിൽ ഇന്ത്യക്ക് ശ്രീലങ്കയുടെ വിജയമാണ് ആവശ്യമായി വരിക. 1-0 എന്ന നിലയിൽ ഓസ്ട്രേലിയയെ ശ്രീലങ്ക പരാജയപ്പെടുത്തിയാൽ ഇന്ത്യക്ക് ഫൈനലിൽ കളിക്കാൻ സാധിക്കും.

അതേപോലെ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പര 2- 2 എന്ന നിലയിൽ അവസാനിക്കുകയാണെങ്കിൽ ഇന്ത്യയ്ക്ക് ഫൈനലിലെത്താൻ മറ്റൊരു വഴി കൂടിയുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ പാക്കിസ്ഥാൻ 2- 0 എന്ന നിലയിൽ വിജയിച്ചാൽ ഇന്ത്യയ്ക്ക് ഫൈനലിൽ സ്ഥാനം കണ്ടെത്താൻ സാധിക്കും. എന്നാൽ ഇതിലൊക്കെയും പ്രധാനപ്പെട്ടത് അടുത്ത മത്സരങ്ങളിൽ ഇന്ത്യ വിജയം സ്വന്തമാക്കുക എന്നതാണ്. മെൽബണിൽ ഏതുതരത്തിലും വിജയം നേടിയാൽ മാത്രമേ ഇന്ത്യയ്ക്ക് മുൻപോട്ടുള്ള യാത്ര കൂടുതൽ സുഖകരമായി മാറു.

Previous articleസമനിലയിൽ ഞങ്ങൾക്ക് നിരാശയില്ല. മെൽബണിൽ തിരിച്ചടിക്കും. രോഹിത് ശർമ്മ