പുതിയ ചുമതല ഏറ്റെടുത്ത് പെട്ടന്ന് രാജി പ്രഖ്യാനവുമായി ചാമിന്ദ വാസ് : താരത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി ലങ്കൻ ക്രിക്കറ്റ് ബോർഡ്‌

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്‍റെ ബൗളിംഗ് കോച്ചായി അടുത്തിടെ  നിയമിതനായ മുൻ ലങ്കൻ താരം ചാമിന്ദ വാസ്  ടീം വിന്‍ഡീസിലേക്ക് പര്യടനത്തിനായി  യാത്ര തിരിക്കുന്നതിന്   മുൻപായി പരിശീലക സ്ഥാനം രാജിവച്ചു. ശ്രീലങ്കന്‍ ടീം വിന്‍ഡീസിലേക്ക് മത്സരം കളിക്കുവാൻ  വിമാനം കയറുന്നതിന് മണിക്കൂറുകൾ   മുൻപാണ് വാസിന്‍റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം . പ്രതിഫലത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് വാസിന്‍റെ അപ്രതീക്ഷിത രാജിക്ക് കാരണമെന്നാണ് ലഭിക്കുന്ന റിപോർട്ടുകൾ .

നേരത്തെ 2009ല്‍ അന്താരാഷ്ട്ര  ക്രിക്കറ്റില്‍ നിന്ന് സമ്പൂർണ്ണമായി  വിരമിച്ച  ചാമിന്ദ വാസ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഹൈ പെര്‍ഫോമന്‍സ് സെന്ററില്‍ ബൗളിംഗ് കോച്ചായി പ്രവര്‍ത്തിക്കുകയായിരുന്നു.  ലങ്കന്‍  ടീമിന്റെ ഭാവിക്കായി യുവതാരങ്ങളെ പരിശീലിപ്പിക്കുകയായിരുന്ന വാസിനെ അപ്രതീക്ഷിതമായിട്ടായിരുന്നു ബോര്‍ഡ് പുതിയ ചുമതല ഏല്‍പ്പിച്ചത്. താരത്തെ ബൗളിംഗ് കോച്ചായി  ക്രിക്കറ്റ് ബോർഡ്‌ കുറച്ച് ദിവസം മുൻപാണ് തീരുമാനിച്ചത് .

എന്നാൽ ചാമിന്ദ വാസിനെതിരെ രോഷം വിമർശനവുമായി ലങ്കൻ ക്രിക്കറ്റ് ബോർഡ്‌ രംഗത്തെത്തി കഴിഞ്ഞു .  ഒട്ടും ഉത്തരവാദിത്തമില്ലാത്ത നടപടിയാണ് വാസിന്‍റേതെന്നും സാമ്പത്തിക ലാഭം മാത്രമാണ് താരത്തിന്‍റെ ലക്ഷ്യമെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തുറന്നടിച്ചു. ശ്രീലങ്കന്‍ ക്രിക്കറ്റ്  ടീമിന്‍റെ ബൗളിംഗ് കോച്ചായിരുന്ന ഡേവിഡ് സര്‍ക്കാര്‍  വ്യക്തിപരമായ കാരണങ്ങളാല്‍ കഴിഞ്ഞ ആഴ്ച രാജിവെച്ചതിനെത്തുടര്‍ന്നാണ് വാസിനെ ബൗളിംഗ് പരിശീലകനായി ബോര്‍ഡ് നിയമിച്ചത്.

അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മികച്ച ഇടംകൈയൻ ബൗളറാണ് ചാമിന്ത വാസ് .  111 ടെസ്റ്റില്‍ നിന്ന് 355 വിക്കറ്റാണ് താരത്തിന്റെ  സമ്പാദ്യം. 322 ഏകദിന  മത്സരങ്ങൾ കളിച്ചപ്പോള്‍ 400 വിക്കറ്റും സ്വന്തം പേരിലെഴുതി. 19 റണ്‍സിന് എട്ട് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.