സെഞ്ചുറി നേടാൻ രാഹുൽ നടത്തിയ ശ്രമം ഇന്ത്യയുടെ പരാജയത്തിന് കാരണമായോ?? ഗിൽ പറയുന്നു..

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ ഏറ്റവുമധികം ചർച്ചയായ ഒന്ന് റിഷഭ് പന്തിന്റെ ആദ്യ ഇന്നിങ്സിലെ റൺഔട്ട് ആയിരുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 141 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ രാഹുലിനും പന്തിനും സാധിച്ചിരുന്നു. ഈ സമയത്ത് ഇന്ത്യ 248 റൺസിന് 4 വിക്കറ്റ് എന്ന നിലയായിരുന്നു. അതിനാൽ ഇന്ത്യയ്ക്ക് ലീഡ് സ്വന്തമാക്കാൻ എല്ലാ വഴികളും മുൻപിലുണ്ടായിരുന്നു.

പക്ഷേ നിർണായക സമയത്ത് പന്ത് റണ്ണൗട്ടായി മടങ്ങിയത് ഇന്ത്യയെ ബാധിച്ചു. രാഹുൽ തന്റെ സെഞ്ച്വറി, ലഞ്ച് ബ്രേക്കിന് മുൻപ് സ്വന്തമാക്കാൻ ശ്രമിച്ചതിനാലാണ് പന്ത് പുറത്തായത് എന്ന രീതിയിൽ വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിനിപ്പോൾ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ നായകനായ ഗിൽ.

ആ സമയത്ത് അത്തരമൊരു റണ്ണൗട്ട് ഉണ്ടായത് കേവലം ജഡ്ജ്മെന്റിൽ വന്ന പിഴവുകൊണ്ടു മാത്രമാണ് എന്ന് ഗിൽ പറയുന്നു. “ഈ മത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം റിഷഭ് പന്തിന്റെ റൺഔട്ട് തന്നെയായിരുന്നു. ആ നിമിഷത്തിന് മുൻപു വരെ ഞങ്ങൾക്ക് ആദ്യ ഇന്നിങ്സിൽ 50ഓ 100ഓ ലീഡ് സ്വന്തമാക്കാൻ സാധിക്കുമെന്ന ബോധ്യമുണ്ടായിരുന്നു. മാത്രമല്ല അഞ്ചാം ദിവസം ബാറ്റിംഗ് എന്നത് അനായാസം ആയിരിക്കില്ല എന്ന കാര്യവും ഞങ്ങൾ ചിന്തിച്ചിരുന്നു. പക്ഷേ അവിടെ ജഡ്ജ്മെന്റിൽ വന്ന ഒരു പ്രശ്നം മൂലമാണ് പന്തിന് പുറത്താകേണ്ടി വന്നത്.”- ഗിൽ പറയുന്നു.

“ആ സമയത്ത് രാഹുലും അല്പം സമ്മർദ്ദത്തിലായിരുന്നു. തന്റെ സെഞ്ച്വറി ലഞ്ച് ബ്രേക്കിന് മുൻപ് സ്വന്തമാക്കണമെന്ന കാര്യം പന്തിനോട് രാഹുൽ പറഞ്ഞിരിക്കണമായിരുന്നു. എന്നിരുന്നാലും രാഹുൽ തന്റെ വ്യക്തിഗതമായ നാഴികക്കല്ല് സ്വന്തമാക്കാൻ ഇത്തരമൊരു റൺഔട്ട് സൃഷ്ടിച്ചു എന്ന് ഞാൻ കരുതുന്നില്ല. അത് ജഡ്ജ്മെന്റിൽ വന്ന പിഴവായി മാത്രമേ ഞാൻ കാണൂ. കാരണം ബോൾ ബാറ്റിൽ കൊണ്ട് ഉടൻതന്നെ റിഷഭ് പന്ത് റണ്ണിനായി ശ്രമിക്കുകയായിരുന്നു. എന്തായാലും അത്തരം ഒന്ന് സംഭവിക്കേണ്ടതായിരുന്നു.”- ഗിൽ കൂട്ടിച്ചേർക്കുന്നു.

മത്സരത്തിൽ റിഷഭ് പന്തിന് വിരലിന് പരിക്കേറ്റിരുന്നു. ഇതിന് ശേഷം താരം വിക്കറ്റ് കീപ്പറായി മൈതാനത്ത് ഉണ്ടായിരുന്നില്ല. ഇതേ സംബന്ധിച്ച് ഗിൽ പത്രസമ്മേളനത്തിൽ സംസാരിച്ചു. “പരിക്കേറ്റതിന് ശേഷം പന്തിനെ സ്കാനുകൾക്കായി കൊണ്ടുപോകുകയുണ്ടായി. വലിയ പരിക്കുകൾ ഒന്നും നിലവിൽ പന്തിനില്ല. അതുകൊണ്ടു തന്നെ അടുത്ത ടെസ്റ്റ് മത്സരത്തിൽ പന്ത് കളിക്കും എന്നാണ് ഞാൻ കരുതുന്നത്.”- ഗിൽ പറഞ്ഞുവയ്ക്കുന്നു.