ഇന്ത്യയെ തോൽപ്പിച്ചത് എക്സ്ട്രാകൾ. 63 എക്സ്ട്രാകൾ വഴങ്ങി. 24 ബൈ റൺസ് നിർണായകമായി.

ലോഡ്സിൽ നടന്ന മൂന്നാം ടെസ്റ്റ്‌ മത്സരത്തിൽ 22 റൺസിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത്. അവസാന ഇന്നിങ്സിൽ 193 റൺസ് ആയിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. മുൻനിരയിൽ കെഎൽ രാഹുൽ ഒഴികെയുള്ള ബാറ്റർമാരൊക്കെയും മത്സരത്തിൽ പരാജയപ്പെട്ടതോടെ ഇന്ത്യയുടെ പക്കൽ നിന്ന് വിജയം അകലുകയായിരുന്നു. ശേഷം രവീന്ദ്ര ജഡേജ ഇന്ത്യക്കായി പോരാട്ടം നായിച്ചെങ്കിലും, ടീമിനെ വിജയിപ്പിക്കാൻ സാധിച്ചില്ല. മത്സരത്തിലെ ഇന്ത്യയുടെ പരാജയത്തിന് പ്രധാന കാരണമായി മാറിയത് അമിതമായി എക്സ്ട്രാ റണ്ണുകൾ വഴങ്ങിയതാണ്. മത്സരത്തിൽ 63 എക്സ്ട്രാ റണ്ണുകളാണ് ഇന്ത്യ വഴങ്ങിയത്.

മാത്രമല്ല രണ്ടാം ഇന്നിംഗ്സിൽ ബൈകളായി തന്നെ 24 റൺസുകൾ ഇന്ത്യ വഴങ്ങുകയുണ്ടായി. രണ്ടാം ഇന്നിങ്സിലെ രണ്ടാം ഓവറിലും പന്ത്രണ്ടാം ഓവറിലും 24ആം ഓവറിലും 25ആം ഓവറിലും 34ആം ഓവറിലും 36ആം ഓവറിലും ഇന്ത്യ ബൈ ആയി 4 റണ്ണുകൾ വീതം വഴങ്ങി. ഇതൊക്കെയും ഇന്ത്യയുടെ പരാജയത്തിൽ വലിയ കാരണമായി മാറുകയായിരുന്നു. ഒരുപക്ഷേ ഇത്രയധികം എക്സ്ട്രാകൾ നൽകിയില്ലായിരുന്നുവെങ്കിൽ ഇന്ത്യയ്ക്ക് മത്സരത്തിൽ വിജയിക്കാൻ സാധിക്കുമായിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ ഇന്നിങ്സിൽ 387 റൺസാണ് സ്വന്തമാക്കിയത്. സെഞ്ച്വറി സ്വന്തമാക്കിയ ജോ റൂട്ടിന്റെ ബലത്തിലായിരുന്നു ഇംഗ്ലണ്ടിന്റെ കുതിപ്പ്. ശേഷം മറുപടി ബാറ്റിംഗിൽ ഇന്ത്യയും 387 റൺസ് തന്നെ സ്വന്തമാക്കുകയുണ്ടായി. ഇന്ത്യക്കായി കെഎൽ രാഹുലാണ് ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി സ്വന്തമാക്കിയത്. ഒപ്പം മധ്യനിരയിൽ ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവർ അർധ സെഞ്ച്വറികൾ സ്വന്തമാക്കി മികച്ച പ്രകടനവും പുറത്തെടുത്തിരുന്നു. എന്നാൽ അവസാന ഭാഗങ്ങളിൽ റൺസ് കണ്ടെത്തുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു. ഇത് മൂലമാണ് ഇന്ത്യയ്ക്ക് ലീഡ് ലഭിക്കാതിരുന്നത്.

ശേഷം രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുകാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു. 4 വിക്കറ്റുകൾ സ്വന്തമാക്കിയ വാഷിംഗ്ടൺ സുന്ദർ മികവ് പുലർത്തിയപ്പോൾ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 192 റൺസിൽ അവസാനിക്കുകയായിരുന്നു. 193 എന്ന വിജയലക്ഷ്യം മുന്നിൽകണ്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി രാഹുൽ 39 റൺസ് നേടിയ മികവ് പുലർത്തി. എന്നാൽ മറ്റു മുൻനിര ബാറ്റർമാർ പരാജയപ്പെട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. ശേഷം രവീന്ദ്ര ജഡേജ മാത്രമാണ് ഇന്ത്യക്കായി പിടിച്ചുനിന്നത്. 61 റൺസ് നേടിയ ജഡേജ പുറത്താവാതെ നിന്നു. വാലറ്റ ബാറ്റർമാരുടെ സഹായത്തോടെ ഇന്ത്യയെ വിജയത്തിന് അടുത്തേക്ക് എത്തിക്കാൻ ജഡേജയ്ക്ക് സാധിച്ചിരുന്നു. എന്നാൽ നിർഭാഗ്യത്താൽ ഇന്ത്യ പരാജയപ്പെടുകയാണ് ഉണ്ടായത്.