ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ഗാബ ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുമ്ര. ഓസ്ട്രേലിയൻ മണ്ണിൽ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കിയ ഇന്ത്യൻ താരമായി മാറാൻ ബുമ്രയ്ക്ക് മത്സരത്തിൽ സാധിച്ചു. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ 2 വിക്കറ്റുകൾ സ്വന്തമാക്കിയതോടെയാണ് ബൂമ്ര ഈ റെക്കോർഡിൽ മുൻപിലെത്തിയത്. ഇന്ത്യയുടെ ഇതിഹാസ താരം കപിൽ ദേവിനെ മറികടന്നാണ് ബൂമ്ര ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കുന്ന ഇന്ത്യൻ താരമായി മാറിയത്.
ഇതുവരെ ഓസ്ട്രേലിയയിൽ 52 ടെസ്റ്റ് വിക്കറ്റുകളാണ് ബൂമ്ര സ്വന്തമാക്കിയിട്ടുള്ളത്. 17.21 എന്ന കിടിലൻ ശരാശരിയിലാണ് ബൂമ്രയുടെ വിക്കറ്റ് നേട്ടം. 51 വിക്കറ്റുകളായിരുന്നു ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യയുടെ ഓൾറൗണ്ടറായ കപിൽ ദേവ് സ്വന്തമാക്കിയത്. 24.58 എന്ന ശരാശരിയിലായിരുന്നു കപിൽ ഈ നേട്ടം കൊയ്തത്. ഇന്ത്യയുടെ ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലെ 49 വിക്കറ്റുകൾ ഓസ്ട്രേലിയൻ മണ്ണിൽ സ്വന്തമാക്കി ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. എന്നാൽ 37.73 എന്ന ശരാശരിയാണ് കുംബ്ലെയ്ക്ക് ഓസ്ട്രേലിയൻ മണ്ണിൽ ഉണ്ടായിരുന്നത്.
ഇന്ത്യക്കായി ഈ പരമ്പരയിൽ അണിനിരക്കുന്ന സ്പിന്നർ രവിചന്ദ്രൻ അശ്വിനാണ് ഈ ലിസ്റ്റിൽ നാലാം സ്ഥാനത്ത് ഉള്ളത്. ഇതുവരെ ഓസ്ട്രേലിയൻ മണ്ണിൽ 40 വിക്കറ്റുകൾ സ്വന്തമാക്കാൻ അശ്വിന് സാധിച്ചിട്ടുണ്ട്. എന്നാൽ 42.42 എന്ന ഉയർന്ന ശരാശരിയിലാണ് അശ്വിൻ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ലിസ്റ്റിൽ അഞ്ചാം സ്ഥാനത്തുള്ളത് 35 വിക്കറ്റുകൾ ഓസ്ട്രേലിയൻ മണ്ണിൽ സ്വന്തമാക്കിയ ബിഷൻ ബേദിയാണ്. ഏതായാലും ഈ ബോളർമാരെ ഒക്കെയും മറികടന്നാണ് ഇന്ത്യയുടെ സൂപ്പർ പേസർ വമ്പൻ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇത്തവണത്തെ ബോർഡർ- ഗവാസ്കർ ട്രോഫിയിൽ മികച്ച പ്രകടനങ്ങളാണ് ബൂമ്ര കാഴ്ചവയ്ക്കുന്നത്.
മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയയുടെ 6 വിക്കറ്റുകളാണ് ബൂമ്ര സ്വന്തമാക്കിയത്. കേവലം 76 റൺസ് മാത്രം വിട്ടു നൽകിയായിരുന്നു ബൂമ്രയുടെ ഈ നേട്ടം. പിന്നാലെ രണ്ടാ ഇന്നിങ്സിന്റെ തുടക്കത്തിലും ബൂമ്ര ബോളിങ്ങിൽ മികവ് കാട്ടി. ഓസ്ട്രേലിയയുടെ ഓപ്പണർ ഉസ്മാൻ ഖവാജയെ സ്റ്റംപ്പ് പറത്തിയാണ് ബുമ്ര കൂടാരം കയറ്റിയത്. ശേഷം അപകടകാരിയായ ലബുഷൈനെയും പന്തിന്റെ കൈകളിൽ എത്തിക്കാൻ ബുമ്രയ്ക്ക് സാധിച്ചിരുന്നു