ബോർഡർ- ഗവാസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ച ഓസ്ട്രേലിയൻ ഓപ്പണർ സാം കോൺസ്റ്റാസ് ഇതിനോടകം തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. തന്റെ ആദ്യ മത്സരത്തിൽ തന്നെ ഇന്ത്യയുടെ ഏറ്റവും മികച്ച ബോളറായ ജസ്പ്രീത് ബുമ്രയ്ക്കെതിരെ ആക്രമണം അഴിച്ചുവിട്ടാണ് കോൺസ്റ്റാസ് ഞെട്ടിച്ചത്.
52 പന്തുകളിൽ നിന്നായിരുന്നു കോൺസ്റ്റാസ് തന്റെ മത്സരത്തിലെ അർധസെഞ്ച്വറി സ്വന്തമാക്കിയത്. 6 ബൗണ്ടറികളും 2 സിക്സറുകളും ഇന്ത്യയ്ക്കെതിരെ നേടാനും താരത്തിന് സാധിച്ചു. ബുമ്രയ്ക്കെതിരെ കോൺസ്റ്റാസ് കളിച്ച റാമ്പ് ഷോട്ടുകളാണ് ഇതിൽ ഏറ്റവും ശ്രദ്ധയാകർഷിച്ചത്.
മത്സരത്തിൽ ബൂമ്ര എറിഞ്ഞ ആദ്യ ഓവറിൽ ബോളർക്ക് വേണ്ട ബഹുമാനം കോൺസ്റ്റാസ് നൽകുകയുണ്ടായി. എന്നാൽ അതിന് ശേഷം ബുമ്രയുടെ അടുത്ത ഓവറിലെ അവസാന പന്തിൽ താരം ഒരു റാമ്പ് ഷോട്ടിന് ശ്രമിച്ചു പരാജയപ്പെട്ടു. എന്നാൽ 3 ഓവറുകൾക്ക് ശേഷം വീണ്ടും താരം ഇത്തരം ഷോട്ടുകൾ പരീക്ഷിക്കുകയും വിജയം കാണുകയും ചെയ്തു. ഒരു ബൗണ്ടറിയും ഒരു സിക്സറുമാണ് ഏഴാം ഓവറിൽ താരം ബുമ്രയ്‌ക്കെതിരെ നേടിയത്. ഇതോടെ ഒരു വമ്പൻ റെക്കോർഡും താരം സ്വന്തമാക്കുകയുണ്ടായി. ഇന്ത്യയുടെ ഏറ്റവും മികച്ച ബോളറായ ബൂമ്ര 2021ന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഒരു സിക്സർ വഴങ്ങിയിരുന്നില്ല. 4484 പന്തുകൾക്ക് ശേഷമാണ് ബൂമ്ര ടെസ്റ്റിൽ ഇപ്പോൾ ഒരു സിക്സർ വഴങ്ങിയിരിക്കുന്നത്.
ഇതു മാത്രമല്ല, ഇതിന് ശേഷവും താരം ബുമ്രയ്ക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. മത്സരത്തിന്റെ 11ആം ഓവറിൽ ബുമ്രയ്ക്കെതിരെ 19 റൺസാണ് കോൺസ്റ്റാസ് സ്വന്തമാക്കിയത്. ഓവറിൽ 2 ബൗണ്ടറികളും ഒരു സിക്സറും കോൺസ്റ്റാസ് നേടിയിരുന്നു. ബൂമ്രയ്ക്കെതിരെ 33 പന്തുകളിൽ നിന്ന് 34 റൺസാണ് ഈ യുവതാരം സ്വന്തമാക്കിയത്. തുടക്കത്തിൽ തന്നെ കോൺസ്റ്റാസ് ആക്രമണം അഴിച്ചുവിട്ടത് ഇന്ത്യൻ ബോളർമാരെ ഞെട്ടിക്കുകയുണ്ടായി. ഇതോടെ വിരാട് കോഹ്ലി അടക്കമുള്ളവർ മൈതാനത്തെ വളരെ നിരാശയോടെയാണ് കാണപ്പെട്ടത്.
മത്സരത്തിൽ 65 പന്തുകൾ നേരിട്ട കോൺസ്റ്റാസ് 60 റൺസ് സ്വന്തമാക്കുകയുണ്ടായി. ഇന്ത്യൻ സ്പിന്നർ രവീന്ദ്ര ജഡേജയുടെ പന്തിലാണ് കോൺസ്റ്റാസ് കൂടാരം കയറിയത്. മത്സരത്തിന്റെ ആദ്യ വിക്കറ്റിൽ ഖവാജയ്ക്കൊപ്പം ചേർന്ന് 89 റൺസിന്റെ കൂട്ടുകെട്ടാണ് താരം കെട്ടിപ്പടുത്തത്. ഇത് ഓസ്ട്രേലിയക്ക് വലിയൊരു പ്ലാറ്റ്ഫോം തന്നെ സമ്മാനിച്ചിട്ടുണ്ട്. ശേഷം ആദ്യ ദിവസം മികച്ച ബാറ്റിംഗ് പ്രകടനമാണ് ഓസ്ട്രേലിയ മെൽബൺ വിക്കറ്റിൽ കാഴ്ച വച്ചിരിക്കുന്നത്. ഇന്ത്യൻ ബോളർമാർ മത്സരത്തിൽ പൂർണ്ണമായും പ്രതിസന്ധിയിലാവുന്നതാണ് ഇതുവരെ കാണാൻ സാധിച്ചത്.