ഓസീസ് മണ്ണിൽ ഇതിഹാസ വിജയം :5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ഓസീസ് മണ്ണിൽ സ്വപ്ന തുല്യമായ  പരമ്പര  വിജയം സ്വന്തമാക്കിയ ടീം ഇന്ത്യക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 5 കോടി രൂപയാണ് ടീം ഇന്ത്യക്കായി ബിസിസിഐ  പാരിതോഷികം പ്രഖ്യാപിച്ചത്. ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ ട്വിറ്ററിലൂടെയാണ് ഇക്കാര്യം  ഏവരെയും അറിയിച്ചത്.

നാലാം ടെസ്റ്റിന്റെ അവസാന ദിനം 324 എന്ന കൂറ്റൻ വിജയ ലക്ഷ്യവുമായി കരുത്തുറ്റ  ഓസീസ്   ബൗളിംഗ് നിരയെ നേരിടുവാൻ ഇറങ്ങിയ  ഇന്ത്യൻ ടീം  യുവനിരയുടെ ഒട്ടും  ചോരാത്ത  പോരാട്ട വീര്യത്തിലാണ് ജയം പിടിച്ചെടുത്തത്. പ്രമുഖ താരങ്ങളില്ലാതെയാണ് ഇന്ത്യ 4 മത്സരങ്ങളടങ്ങിയ  ടെസ്റ്റ് പരമ്പര 2-1ന് സ്വന്തമാക്കിയത്.  നേരത്തെ മൂന്നാം ടെസ്റ്റിൽ സിഡ്‌നിയിൽ  ഇന്ത്യ പൊരുതി നേടിയ സമനിലക്ക് വിജയത്തിന്റെ മധുരമുണ്ടായിരുന്നു .

നേരത്തെ ഒന്നാം ടെസ്റ്റിന് ശേഷം നായകൻ വിരാട് കോഹ്‌ലി നാട്ടിലേക്ക് മടങ്ങിയിരുന്നു .  ഒന്നാം ടെസ്റ്റിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ നായകന്റെ മടക്കവും   ഇന്ത്യൻ ടീമിന് ആശങ്കയായിരുന്നു

എന്നാൽ ഇന്ത്യക്ക് മുൻപിൽ പരമ്പരയിൽ യഥാർത്ഥ വില്ലനായി നിന്നത് പരിക്കാണ് . ഒന്നാം ടെസ്റ്റ് പിന്നാലെ  മുഹമ്മദ് ഷമി, ജസ്പ്രീത് ബൂമ്ര, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ എന്നീ പ്രമുഖ താരങ്ങൾക്ക്  പരിക്കേറ്റു. ഇതോടെ മുഹമ്മദ് സിറാജ്, ടി. നടരാജൻ, വാഷിംഗ്ടൺ സുന്ദർ എന്നിവർക്ക് പ്ലെയിങ് ഇലവനിൽ   ഇടം ലഭിച്ചു. വിദേശ മണ്ണിൽ ആവശ്യത്തിന് മത്സര പരിചയം പോലുമില്ലാത്ത ടീമിനെ ഇറക്കിയാണ് ഇന്ത്യ പരമ്പര പിടിച്ചതെന്നതാണ് മറ്റൊരു സവിശേഷത. ഗാബ്ബയിൽ ഓസ്ട്രേലിയ 32 വർഷങ്ങൾക്ക് ശേഷമാണ് ഒരു ടെസ്റ്റ് മത്സരം തോൽക്കുന്നത് എന്നതും ഇന്ത്യൻ ടീമിന്റെ വിജയത്തിന്  ഇരട്ടി മധുരം പകരുന്നു .