ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ മുന്‍തൂക്കം ആര്‍ക്ക് ? അഭിപ്രായം പറഞ്ഞ് ബ്രണ്ടന്‍ മക്കല്ലം

പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയേക്കാള്‍ നേരിയ മുന്‍തൂക്കം ന്യൂസിലന്‍റിനാണെന്ന് അഭിപ്രായം പറഞ്ഞ് മുന്‍ കീവിസ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം. ഇംഗ്ലണ്ടിനെതിര നടക്കുന്ന രണ്ട് ടെസ്റ്റ് പരമ്പരക്ക് ശേഷമാണ് ന്യൂസിലന്‍റ് ഇന്ത്യയെ നേരിടാന്‍ പോകുന്നത്. ജൂൺ 18 മുതൽ സതാംപ്ടണില്‍ നടക്കുന്ന മത്സരത്തെ ശ്രേഷ്ഠമായ മത്സരമായിരിക്കും എന്നാണ് മക്കല്ലം വിശേഷിപ്പിച്ചത്.

” 60 ശതമാനം ന്യൂസിലന്‍റിനു അനുകൂലമായിരിക്കും. പക്ഷേ മത്സരം വളരെ ക്ലോസായിരിക്കും. ഫൈനലിനു മുന്നോടിയായി നടക്കുന്ന പ്രാക്ടീസ് മത്സരം ( ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര ) ന്യൂസിലന്‍റിനു കുറച്ച് അനുകൂലമാക്കും ” മക്കല്ലം പറഞ്ഞു.

”ന്യൂസിലാന്റ് ഇന്ത്യയെ ബഹുമാനിക്കുന്നതുപോലെ, ഒരു ആരാധകനെന്ന നിലയിൽ, അവരുടെ പോരാട്ട വീര്യം കാരണം ഞാൻ ഇന്ത്യയെ ബഹുമാനിക്കുന്നു. മികച്ച ടീം വിജയവും മികച്ച കളിയും ഉണ്ടാകട്ടെ” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ vs ന്യൂസിലന്‍റ്

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്‍റെ ഒരുക്കത്തിനായി മുംബൈയില്‍ ക്വാറന്‍റീനിലാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍. ജൂണ്‍ 3 ന് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ എത്തും. അതേ സമയം ന്യൂസിലന്‍റ് ടീം ഇംഗ്ലണ്ടിലെത്തി പരിശീലനം ആരംഭിച്ചു. ഇംഗ്ലണ്ടിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പര ജൂണ്‍ 2 ന് ആരംഭിക്കും