നാല് പന്തിൽ ഏകദിന മത്സരം ജയിച്ച് മുംബൈ :നാണംകെട്ട് നാഗാലാ‌ൻഡ്

ഏകദിന മത്സരം വിജയിക്കാൻ എതിർ ടീമിന്  വേണ്ടിവന്നത് വെറും നാല് പന്തുകൾ. സീനിയർ വനിതകളുടെ 50 ഓവർ ആഭ്യന്തര ടൂർണമെൻ്റിലാണ് ക്രിക്കറ്റിലെ അവിസ്മരണീയ  സംഭവം അരങ്ങേറിയത് . നാഗാലാൻഡിനെ  മുംബൈ ടീമാണ്  ഈ റെക്കോർഡ് പ്രകടനത്തിലൂടെ ഞെട്ടിച്ചത്  . ആദ്യം ബാറ്റ് ചെയ്ത നാഗാലാൻഡ് 17 റൺസ് നേടി ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിൽ മുംബൈ വെറും നാല് പന്തുകളിൽ വിജയലക്ഷ്യം മറികടന്നു .

ടോസ് നേടിയ നാഗലാന്‍ഡ്  ടീം ബാറ്റിങ് തിരഞ്ഞെടുക്കുകയായിന്നു. എന്നാല്‍ മുംബൈക്ക് മുന്നില്‍ ദുർബലരായ  നാഗാലാന്‍ഡ് വെറും  17 റണ്‍സിന് എല്ലാവരും പുറത്തായി. 17.4 ഓവറിലാണ് നാഗാലന്‍ഡ് താരങ്ങള്‍ എല്ലാവരും നാണംകെട്ട  സ്‌കോറിൽ പുറത്തായത് .  നാഗാലാൻഡ് ടീമിലെ ഒരാള്‍ക്ക് പോലും രണ്ടക്കം കാണാന്‍ സാധിച്ചില്ല. ആദ്യ മൂന്ന് ഓവറില്‍ സ്‌കോര്‍ബോര്‍ഡില്‍ റണ്‍സൊന്നുമില്ലാതെ തന്നെ നാഗാലാന്‍ഡിനെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഏഴ് വിക്കറ്റെടുത്ത മുംബൈ ക്യാപ്റ്റന്‍ സയലി സത്ഖാരെയാണ് തീപ്പൊരി ബൗളിങ്ങിലൂടെ  നാഗാലന്‍ഡിനെ തകര്‍ത്തത്. ഒമ്പത് റണ്‍സ് നേടിയ സരിബയാണ് നാഗാലാന്‍ഡിന്റെ  ടോപ് സ്‌കോറര്‍. എക്‌സ്ട്രാ ഇനത്തില്‍ കിട്ടിയ മൂന്ന് റണ്‍സാണ് അടുത്ത ഉയര്‍ന്ന സ്‌കോര്‍.

എന്നാൽ നാഗാലാ‌ൻഡ് ഉയർത്തിയ ചെറിയ സ്കോർ മുംബൈ ആദ്യ ഓവറിൽ തന്നെ മറികടന്നു .റ്വിസുമ്വി എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ മുംബൈ ജയിച്ചു. ആദ്യ മൂന്ന് പന്തിലും ഇഷ ഒസ മൂന്ന് ഫോറുകള്‍ നേടി. നോബൗളായ നാലാം പന്തില്‍ ഇഷ സിംഗിളെടുത്തു. നാലാം പന്ത് നേരിട്ട വൃഷാലി ഭഗത് സിക്‌സടിച്ച് വിജയം പൂര്‍ത്തിയാക്കി.


Read More  വീണ്ടും വീണ്ടും ഐസിസി പുരസ്ക്കാരം നേടി ഇന്ത്യൻ താരങ്ങൾ : ഇത്തവണ നേട്ടം ഭുവിക്ക് സ്വന്തം

LEAVE A REPLY

Please enter your comment!
Please enter your name here