ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ കനത്ത പരാജയം നേരിട്ടതിന് പിന്നാലെ ഇന്ത്യൻ ടീമിന് വലിയ രീതിയിലുള്ള നിയന്ത്രണങ്ങളാണ് ബിസിസിഐ നിർദ്ദേശിച്ചിരിക്കുന്നത്. സ്ക്വാഡിൽ ഉൾപ്പെടുന്ന താരങ്ങളുടെ കുടുംബങ്ങൾക്കോ പേഴ്സണൽ സ്റ്റാഫുകൾക്കോ പര്യടന സമയത്ത് താരത്തിനൊപ്പം സാന്നിധ്യമാവാൻ സാധിക്കില്ല എന്ന നിയമമാണ് ബിസിസിഐ കൊണ്ടുവന്നിരിക്കുന്നത്.
ടീമിന്റെ അച്ചടക്കവും കൂട്ടായ്മയും ഉയർത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം ബിസിസിഐ കൈകൊണ്ടിരിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം ഗൗതം ഗംഭീറിന്റെ കൃത്യമായ നിർദ്ദേശ പ്രകാരമാണ് ഇത്തരം കടുത്ത നടപടികൾക്ക് ബിസിസിഐ തയ്യാറായിരിക്കുന്നത്. കഴിഞ്ഞ സമയങ്ങളിൽ ചില ഇന്ത്യൻ താരങ്ങൾ അനാവശ്യമായി തങ്ങൾക്ക് ലഭിച്ച സ്വാതന്ത്ര്യം ഉപയോഗിച്ചതിന് പിന്നാലെയാണ് ഇത്തരമൊരു നീക്കമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യയുടെ കഴിഞ്ഞ പര്യടനങ്ങളിൽ ഒരു വിക്കറ്റ് കീപ്പർ താരം ടീമിനൊപ്പം, തന്റെ വ്യക്തിഗത പാചകക്കാരനെയും കൂടെ കൊണ്ടുപോയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. മാത്രമല്ല മറ്റൊരു ഇന്ത്യൻ ബാറ്റർ തന്റെ സെക്യൂരിറ്റി ഗാർഡിനേയും, കുട്ടിയെ നോക്കുന്ന ആയയെയും കൂടെ കൊണ്ടുപോയിരുന്നു. മത്സരങ്ങളിൽ ഇത്തരത്തിലുള്ള ആളുകളെ കൂടെ കൊണ്ടുപോകുന്നത് ടീമിനെ ബാധിക്കുന്നുണ്ട് എന്നാണ് ബിസിസിഐയുടെ വിലയിരുത്തൽ. ഇത്തരമൊരു സ്റ്റാർ കൾച്ചർ പൂർണമായും ഇല്ലാതാക്കാനാണ് നിലവിലെ പരിശീലകനായ ഗൗതം ഗംഭീർ ശ്രമിക്കുന്നത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
“ടീമിനുള്ളിൽ അച്ചടക്കം കൊണ്ടുവരുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ് എന്ന് ഒരു ബിസിസിഐ വൃത്തം അറിയിക്കുകയുണ്ടായി. മാത്രമല്ല നിലവിൽ ഇന്ത്യൻ ടീമിൽ നിലനിൽക്കുന്ന സ്റ്റാർ കൾച്ചർ ഇല്ലാതാക്കുക എന്ന ലക്ഷ്യവും ഗൗതം ഗംഭീറിനുണ്ട്. ഇന്ത്യയുടെ ഒരു വിക്കറ്റ് കീപ്പർ തന്റെ പേഴ്സണൽ പാചകക്കാരനെ കഴിഞ്ഞ പര്യടനത്തിൽ കൂടെ കൂട്ടിയിരുന്നു. മറ്റൊരു ഇന്ത്യൻ ബാറ്റർ സെക്യൂരിറ്റി ഗാർഡിനെയും കുട്ടിയെ നോക്കുന്ന സ്ത്രീയെയും പര്യടനത്തിന് കൊണ്ടുപോയി. ഇത്തരം കാര്യങ്ങൾ ടീമിൽ നെഗറ്റീവായ ഇമ്പാക്ട് ഉണ്ടാക്കും എന്നാണ് കരുതുന്നത്.”- ഒരു ബിസിസിഐ വൃത്തം സൂചിപ്പിച്ചു.
ഇത്തരത്തിൽ ഒരു പര്യടനത്തിൽ ആരെയൊക്കെ ടീമിനൊപ്പം ഉൾപ്പെടുത്തണമെന്ന തീരുമാനം പൂർണമായും കൈക്കൊള്ളുന്നത് സെലക്ഷൻ കമ്മിറ്റി ചെയർമാൻ ആയിരിക്കും എന്ന് റിപ്പോർട്ടുകൾ പറയുന്നു. ചെയർമാനോടും ഹെഡ് കോച്ചിനോടും അനുവാദം വാങ്ങിയതിന് ശേഷമേ താരങ്ങൾക്ക് തങ്ങളുടെയൊപ്പം മറ്റുള്ളവരെ പര്യടന സമയത്ത് കൊണ്ടുപോകാൻ സാധിക്കൂ. അല്ലാത്തപക്ഷം താരങ്ങൾക്ക് വലിയ ശിക്ഷ നൽകാൻ തയ്യാറായിരിക്കുകയാണ് ബിസിസിഐ. എന്തായാലും ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം വലിയ മാറ്റങ്ങൾക്കാണ് ബിസിസിഐ ചുവട് വച്ചിരിക്കുന്നത്.