ടി:20 ക്രിക്കറ്റിലും കിംഗ് കോഹ്ലിയെ കടത്തിവെട്ടി ബാബർ :മറികടന്നത് വിരാടിന്റെ അപൂർവ്വ റെക്കോർഡ്

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്സ്മാന്മാരിലൊരാളാണ് പാക് ടീം നായകൻ ബാബർ അസം .താരം അടുത്തിടെ ഏകദിന റാങ്കിഗിൽ  ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്കെത്തിയിരുന്നു .
പാകിസ്ഥാൻ ടീമിന് വേണ്ടി മിന്നും ബാറ്റിംഗ് പ്രകടനമാണ് താരം ഇപ്പോൾ കാഴ്ചവെക്കുന്നത് .

എന്നാൽ ഇപ്പോൾ വിരാട് കോഹ്ലിയുടെ മറ്റൊരു  ബാറ്റിംഗ് റെക്കോര്‍ഡ് കൂടി തകര്‍ത്ത്  ക്രിക്കറ്റ് ലോകത്തിൽ ഒരിക്കൽ കൂടി തന്റെ ബാറ്റിംഗ് മികവ് കാട്ടുകയാണ് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ അതിവേഗം 2000 റണ്‍സ് അടിച്ചെടുത്ത  ബാറ്റ്സ്മാനെന്ന വിരാട്  കോലിയുടെ റെക്കോര്‍ഡാണ് ഇന്നലെ സിംബാബ്‌വെക്കെതിരെ നടന്ന ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ബാബര്‍ മറികടന്നത്. താരം ഇന്നലെ നടന്ന മത്സരത്തിൽ 46 പന്തിൽ 52 റൺസ് അടിച്ചെടുത്തു .

വെറും 52 ഇന്നിംഗ്സുകളിലാണ് ബാബര്‍ അസം ടി20 ക്രിക്കറ്റില്‍ 2000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്.  ഇന്ത്യൻ നായകൻ കോഹ്ലി 56 ഇന്നിംഗ്സുകളില്‍ നിന്നാണ്  2000 റൺസ് അടിച്ചെടുത്തത് .62 ഇന്നിംഗ്സുകളില്‍ 2000 പിന്നിട്ട ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചാണ് മൂന്നാം സ്ഥാനത്ത്. ബ്രണ്ടന്‍ മക്കല്ലം(66 ഇന്നിംഗ്സ്), മാര്‍ട്ടിന്‍ ഗപ്ടില്‍(68) എന്നിവരാണ്  ടി:20യിലെ അതിവേഗ 2000 റൺസ് വേട്ടക്കാരുടെ പട്ടികയിലെ ആദ്യ 5 സ്ഥാനക്കാർ .

Read More  ഇന്ത്യ ഇപ്പോൾ പ്രാധാന്യം നൽകേണ്ടത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് : ലോകകപ്പ് ഇന്ത്യയിൽ നിന്ന് മാറ്റിയാലും കുഴപ്പമില്ല -വിമർശനവുമായി കമ്മിൻസ്