ആദ്യ വിജയം ഓസ്ട്രേലിയക്ക്. ആദ്യം വിറച്ചെങ്കിലും അവസാനം ലക്ഷ്യം നേടിയെടുത്തു.

Wade and Stonis

 ടി 20 ലോകകപ്പിൽ ആദ്യ സൂപ്പർ 12 മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റിന് തോൽപിച്ച് ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയർത്തിയ 119 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് നിശ്ചിത 20 ഓവർ അവസിക്കാൻ രണ്ട് പന്ത് ശേഷിക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് നേടി.

ടോസ് നേടിയ ആസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ബൗളിംഗാണ് തിരഞ്ഞെടുത്തത്. ആദ്യ ഓവറിൽ മിച്ചൽ സ്റ്റാർക്കിനെ മനോഹരമായി വൈഡ് മിഡോഫിലേക്ക് ഡ്രൈവ് ചെയ്തും പോയിന്റിലേക്ക് ഗയ്ഡ് ചെയ്തുമൊക്കെ മനോഹരമായ ബൗണ്ടറികൾ നേടി സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ ടെംബാ ബവുമാ തരക്കേടില്ലാതെ തുടങ്ങിയപ്പോൾ സൗത്ത് ആഫ്രിക്കൻ ക്യാമ്പ് ഒരു മികച്ച ടോട്ടൽ സ്വപ്നം കണ്ടു കാണണം.

പക്ഷെ ആഷ്ടൻ ആഗറിന്റെ അഭാവത്തിൽ ടീം തന്നിലർപ്പിച്ച വിശ്വാസം ശരിയാണ് എന്ന് തെളിയിക്കും വിധം ബവുമായുടെ വിക്കറ്റെടുത്ത് ഗ്ലെൻ മക്‌സ്‌വെൽ സൗത്ത് ആഫ്രിക്കക്ക് ആദ്യ പ്രഹരമേല്പിച്ചു. സ്‌കോർ ബോർഡിൽ വെറും 13 റൺസ്.

അറബി നാട്ടിൽ ഈയിടെ അവസാനിച്ച ഐ പി എലിൽ തിളങ്ങിയതിനാൽ മക്‌സ്‌വെൽ എന്ന ക്രിക്കറ്ററുടെ സ്പിരിറ്റും കോൺഫിഡൻസും എത്രത്തോളം എൻഹാൻസ് ചെയ്യപ്പെട്ടു എന്ന് നമുക്ക് ഊഹിക്കാമല്ലോ. മക്‌സ്‌വെലിന് ലഭിച്ച ആശ്വാസം സമാനരൂപത്തിൽ കിരീടം ചൂടിയ സി എസ് കെയുടെ കുന്തമുനയായിരുന്ന ജോഷ് ഹാസിൽവുഡിലും കാണാതിരിക്കുമോ. റാസി വാൻ ഡർ ഡൂസ്സനെ പുറത്താക്കി ബവുമായുടെ നഷ്ടത്തിൽ നിന്ന് കര കയറും മുൻപേ ഹാസിൽവുഡ്ഡ് സൗത്ത് ആഫ്രിക്കക്ക് അടുത്ത ആഘാതമേല്പിച്ചു.

ക്വിന്റൻ ഡികോക്കിനെക്കൂടി ഹാസിൽവുഡ് പുറത്താക്കിയതോടെ സൗത്ത് ആഫ്രിക്ക 23 ന് 3 എന്ന നിലയിലായി. 6 ഓവർ പവർ പ്ലേ കഴിഞ്ഞപ്പോൾ വെറും 29 ന് മൂന്ന് എന്ന നിലയിലായ സൗത്ത് ആഫ്രിക്കയുടെ കളി കണ്ട് അവരുടെ ആരാധകർ നെടുവീർപ്പെട്ടു. ഒരു നിമിഷം അവർ ഫാഫ് ഡ്യൂപ്ലെസിയെ ഓർത്തു കാണണം.

പിന്നീട് വന്ന ഹെൻറിച് ക്ലാസ്സൻ, ഡേവിഡ് മില്ലർ, പ്രിട്ടോറിയസ്,കേശവ് മഹാരാജ്, എന്നിവർക്കൊന്നും നിലയുറപ്പിക്കാനാവാതെ വന്നപ്പോൾ കൃത്യമായ ഇടവേളകളിൽ സൗത്ത് ആഫ്രിക്ക തിരിച്ചടികൾ നേരിട്ടു കൊണ്ടേയിരുന്നു. സാമ്പയുടെ ഒരോവറിലെ ഇരട്ടപ്രഹരം സൗത്ത് ആഫ്രിക്കയുടെ വീഴ്ചക്ക് ആക്കം കൂട്ടിയെന്ന് പറയാം. അപ്പോഴും എയ്ഡൻ മാർക്രാം മാത്രം ഒരറ്റത്ത് പിടിച്ചു നിന്നു.

ഹാസിൽവുഡിനെ സിക്സടിച്ച മാർക്രാം സൗത്ത് ആഫ്രിക്കൻ സ്കോറിനെ ജീവൻ ടോൺ നൽകും എന്ന് കരുതിയിരുന്നവരെ നിരാശരാക്കി അടുത്ത ഓവറിൽ മിച്ചൽ സ്റ്റാർക്കിന് മുൻപിൽ അദ്ദേഹം കീഴടങ്ങി. പിന്നീടങ്ങോട്ട് 20 ഓവർ തികച്ചും കളിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തിലേക്ക് സൗത്ത് ആഫ്രിക്ക ചുരുങ്ങി. പിന്നീട് ആന്ഡറിച് നോർക്കയെ നഷ്ട്ടപ്പെങ്കിലും സൗത്ത് ആഫ്രിക്ക 20 ഓവർ തികച്ചു. സ്‌കോർ 118/9.

See also  എന്ത് ആലോചിക്കാനാണ്. ബാഗ് പാക്ക് ചെയ്ത് ഇപ്പോള്‍ തന്നെ പൊയ്ക്കോ. അശ്വിന്‍റെ മടക്കയാത്രയില്‍ രോഹിത് ശര്‍മ്മ ഇടപെട്ടത് ഇങ്ങനെ.

പക്ഷെ ഒട്ടും ഫോമിലല്ലാത്ത ഓസ്‌ട്രേലിയൻ ടോപ്പ് ബാറ്റിംഗ് ഓർഡർ സൗത്ത് ആഫ്രിക്കക്ക് ഒരു പിടിവള്ളിയായിരുന്നു. സ്‌കോർ കുറവാണെങ്കിലും മികച്ച ബൗളിംഗ് അറ്റാക്കുള്ള സൗത്ത് ആഫ്രിക്ക പൊരുതുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

വ്യക്തിഗത റൺസിൽ എന്തെങ്കിലും നേടും മുൻപേ ക്യാപ്റ്റൻ ഫിഞ്ചിനെ പുത്താക്കി നോർക്കിയ സൗത്ത് ആഫ്രിക്കക്ക് വേണ്ടി മത്സരം കടുത്തതായിരിക്കും എന്ന് ആസ്‌ട്രേലിയൻ ആരാധകർക്ക് മുന്നറിയിപ്പ് നൽകി. ഐ പി എലിലെ ക്ഷീണം വേൾഡ് കപ്പിലെ ആദ്യമത്സരത്തോടെ ഡേവിഡ് വാർണർ തീർക്കും എന്ന് ഓസ്‌ട്രേലിയൻ ആരാധകർ കരുതിയിരിക്കുമ്പോഴാണ് വാർണർ റബാഡാക്ക് മുന്നിൽ വീണത്.
6 ഓവർ പവർ പ്ലേ കഴിയുമ്പോൾ ഓസ്‌ട്രേലിയ 28 ന് 2. ഏതാണ്ട് സൗത്ത് ആഫ്രിക്കയോട് സമാനമായ സ്ഥിതി.

സ്ലോർ 38 ഇൽ എത്തിയപ്പോഴേക്കും മിച്ചൽ മാർഷിനെക്കൂടി നഷ്ട്ടപ്പെട്ടതോടെ മത്സരം ആവേശകരം ആകുമെന്ന തോന്നൽ ശക്തമായി. അപ്പോഴും ഐ പി എലിൽ തിളങ്ങിയ മക്‌സ്‌വെൽ ഉണ്ടെന്നുള്ളന്നതായിരുന്നു ആസ്ട്രേലിയയുടെ ആരാധകരുടെ ആശ്വാസം.

സൂക്ഷിച്ചു മുന്നേറിയ സ്റ്റീവൻ സ്മിത്ത് , ഗ്ലെൻ മക്‌സ്‌വെൽ സഖ്യം പതിയെ പതിയെ ഇന്നിംഗ്സ് ബിൽഡ് ചെയ്ത് മത്സരം ഓസ്‌ട്രേലിയക്ക് അനുകൂലമാക്കുമെന്ന് തോന്നിച്ചിടത്താണ് സ്മിത്തിനെയും മാക്സിയെയും പുറത്താക്കി നോർക്കിയയും ഷംസിയും സൗത്ത് ആഫ്രിക്കയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നത്. സ്മിത്തിനെ ക്യാച് ചെയ്ത് പുറത്താക്കിയ മാർക്രമിന്റെ ഫീൽഡിങ് ഗംഭീരമായിരുന്നു എന്ന് തന്നെ വേണം പറയാൻ. സ്കോർ 15.1 ഓവറിൽ 81 ന് 5 . 29 ബോളിൽ 38 റൺസ് ഓസ്ട്രേലിയക്ക് ജയിക്കാൻ. കളി എങ്ങോട്ടും തിരിയാമെന്ന അവസ്‌ഥ.

പക്ഷെ കുറഞ്ഞ സ്‌കോർ ആയിരുന്നെകിലും കിണഞ്ഞു പരിശ്രമിച്ച സൗത്ത് ആഫ്രിക്കയുടെ ജയമോഹങ്ങൾ വിഫലമാക്കിക്കൊണ്ട് മാത്യു വേയ്ഡും മാർക്കസ് സ്റ്റോയ്നസും കൂടി ഓസ്‌ട്രേലിയയെ മത്സരത്തിലെ വിജയികളാക്കി.

കളി ജയിച്ചെങ്കിലും ടോപ്പ് ഓർഡർ ഫെയ്‌ലിയർ ഓസ്‌ട്രേലിയക്ക് തലവേദന തന്നെയാണ്. തോറ്റെങ്കിലും ജയത്തിനരികെയെങ്കിലും എത്തിയെന്ന് സൗത്ത് ആഫ്രിക്കക്ക് ആശ്വസിക്കാം. മരണ ഗ്രൂപ്പിൽ ഇനി എന്തൊക്കെ സംഭവിക്കും എന്ന് കാത്തിരുന്നു തന്നെ കാണണം.

Scroll to Top