ഞങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല : പന്ത് ചുരണ്ടൽ വിവാദത്തിൽ സംയുക്ത പ്രസ്താവനയുമായി ഓസ്‌ട്രേലിയൻ ബൗളർമാർ

ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ പിടിച്ച് കുലുക്കിയ പന്തുചുരണ്ടൽ വിവാദം ഒരു നീണ്ട ഇടവേളക്ക് ശേഷം  വീണ്ടും ക്രിക്കറ്റ് ലോകത്ത് സജീവ ചർച്ചയാക്കുന്നത്  ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡിനെയും ഒപ്പം ഓസീസ്  ക്രിക്കറ്റ് ആരാധകരെയും ഒരുപോലെ വിഷമിപ്പിക്കുന്നു .ഒപ്പം  പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കാമറോണ്‍ ബാന്‍ക്രോഫ്റ്റ് രംഗത്തെത്തിയത് ഇപ്പോൾ അന്ന് മത്സരത്തിൽ ഓസീസ് ടീമിനായി പന്തെറിഞ്ഞ ബൗളർമാരെയും  സംശയത്തിന്റെ നിഴലിലാക്കുന്നുണ്ട് .

അതേസമയം ബാൻക്രോഫ്റ്  നടത്തിയ വെളിപ്പെടുത്തലിനെ തള്ളിയും ഒപ്പം പന്തുചുരണ്ടൽ  വിവാദത്തിൽ യാതൊരു പങ്കും ഇല്ലായെന്നും തുറന്ന് പറഞ്ഞ് ഓസീസ് ബൗളർമാർ രംഗത്ത് വന്നു .
നാല് താരങ്ങളും  ഒരുമിച്ച് സംയുക്ത പ്രസ്താവനയിലൂടെയാണ് ഇപ്പോൾ തങ്ങൾക്ക് പറയുവാനുള്ളത് ഏവരോടും വിശദമാക്കുന്നത്.ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റില്‍ കളിച്ച ഓസീസ് ബൗളര്‍മാരായ പാറ്റ് കമിന്‍സ്, ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ മാര്‍ഷ്, നേഥന്‍ ലിയോണ്‍ എന്നിവരുടെ വാക്കുകളാണ്  ക്രിക്കറ്റ് ലോകത്തെ പ്രധാന  ചർച്ച .

“അന്നത്തെ ടെസ്റ്റിൽ കൃത്രിമ പദാര്‍ത്ഥം
ഉപയോഗിച്ച്  ബാൻക്രോഫ്റ്റ് പന്ത് ചുരണ്ടുന്നതായി  ബിഗ് സ്ക്രീനില്‍ ആ ദൃശ്യങ്ങള്‍ കാണിക്കുന്നതുവരെ ഞങ്ങള്‍ക്കറിയില്ലായിരുന്നു. എന്നാല്‍ ഞങ്ങളുടെ അറിവില്ലാതെ അത് നടക്കില്ലെന്ന് ഇപ്പോള്‍  ഏതാനും ചില മാധ്യമങ്ങളും ഒപ്പം മുൻ താരങ്ങളും അഭിപ്രായപ്പെടുന്നു .എന്നാൽ ഞങ്ങൾ ആരും തന്നെ ഇത്  അറിഞ്ഞിട്ടില്ല  എന്നതാണ് സത്യം .മത്സരം അന്ന്  നിയന്ത്രിച്ച അനുഭവസമ്പത്തുമുള്ള നീല്‍ ഒലോംഗും റിച്ചാര്‍ഡ് ഇല്ലിംഗ്‌വര്‍ത്തും   മത്സരത്തിൽ പന്ത് പരിശോധിച്ചപ്പോഴും സംശയകരമായി യാതൊന്നും തന്നെ  കണ്ടെത്തിയിരുന്നില്ല.എന്നാൽ ഞങ്ങൾ ബൗളർമാർ ഇത് അറിഞ്ഞിരിക്കാം എന്നാണ് പലരുടെയും വാദം .അന്ന് സംഭവിച്ചത്  ഒരിക്കലും  നടക്കുവാൻ പാടില്ലാത്ത ഒന്നാണ് .പക്ഷേ ഇത്തരം വിവാദങ്ങളും അഭ്യൂഹങ്ങളും ഇനിയും തുടരരുത് എന്നാണ്  പറയുവാനുള്ളത്  ” താരങ്ങൾ അഭിപ്രായം വിശദമാക്കി .