ആ യുഗം അവസാനിക്കുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാള്‍ കളി അവസാനിപ്പിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഗാബയിൽ നടന്ന ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന് ശേഷമാണ് അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചത്. മഴമൂലം മൂന്നാം ടെസ്റ്റ് മത്സരം സമനിലയിൽ കലാശിച്ചിരുന്നു. ഇതിന് ശേഷം രോഹിത് ശർമയ്ക്കൊപ്പം വാർത്താസമ്മേളനത്തിൽ എത്തിയ അശ്വിൻ അവിടെ വച്ച് തന്റെ വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. മാധ്യമങ്ങളിൽ നിന്നും മറ്റ് ചോദ്യങ്ങൾ ഒന്നുംതന്നെ സ്വീകരിക്കാൻ തയ്യാറാവാതെ അശ്വിൻ നേരിട്ട് വിരമിക്കൽ കാര്യത്തിലേക്ക് കടക്കുകയാണ് ഉണ്ടായത്.

“നിങ്ങളുടെ വിലപ്പെട്ട സമയം ഞാൻ കളയാൻ ഉദ്ദേശിക്കുന്നില്ല. ഇന്ത്യൻ ക്രിക്കറ്റർ എന്ന നിലയ്ക്ക് എന്റെ അവസാന ദിവസമായിരുന്നു ഇത് എന്നു മാത്രം ഞാൻ പറയുകയാണ്.”- അശ്വിൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു മടങ്ങിയ ശേഷം രോഹിത് ശർമ അശ്വിനെ പറ്റി സംസാരിക്കുകയുണ്ടായി. “അവന് അവന്റെ തീരുമാനത്തിൽ കൃത്യതയും വ്യക്തതയുമുണ്ട്. എന്താണോ അവന് വേണ്ടത് അതിനൊപ്പം നിൽക്കുക എന്നതാണ് ഞങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നത്.”- രോഹിത് ശർമ പറയുകയുണ്ടായി.

14 വർഷത്തെ അന്താരാഷ്ട്ര കരിയറാണ് അശ്വിൻ ഇതോടുകൂടി അവസാനിപ്പിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ ബോളറാണ് അശ്വിൻ 106 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 537 വിക്കറ്റുകളാണ് അശ്വിൻ തന്റ കരിയറിൽ നേടിയിട്ടുള്ളത്. 37 തവണ ടെസ്റ്റ് മത്സരങ്ങളിൽ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കാനും അശ്വിന് സാധിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഓൾറൗണ്ടർ എന്ന പേര് ഇതിനോടകം തന്നെ അശ്വിൻ നേടിയെടുത്തിട്ടുണ്ട്. 6 സെഞ്ച്വറികൾ ടെസ്റ്റിൽ നേടാനും അശ്വിന് സാധിച്ചു. ഏകദിന ക്രിക്കറ്റിലേക്ക് വന്നാൽ 116 മത്സരങ്ങളാണ് അശ്വിൻ കളിച്ചിട്ടുള്ളത്. ഇതിൽ 156 വിക്കറ്റുകൾ ഇന്ത്യയ്ക്കായി സ്വന്തമാക്കാനും താരത്തിന് സാധിച്ചു.

65 അന്താരാഷ്ട്ര ട്വന്റി മത്സരങ്ങളിൽ അണിനിരന്ന അശ്വിൻ 72 വിക്കറ്റുകളാണ് ഇന്ത്യയ്ക്കായി നേടിയത്. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ വജ്രായുധം തന്നെയായിരുന്നു അശ്വിൻ. കഴിഞ്ഞ 3 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിലും ഇന്ത്യയുടെ പ്രധാന സ്പിന്നറായി അശ്വിൻ കളിച്ചിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 100 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ ബോളറായി അശ്വിൻ മാറുകയുണ്ടായി. ഇതുവരെ ചാമ്പ്യൻഷിപ്പിൽ 41 മത്സരങ്ങളിൽ നിന്ന് 195 വിക്കറ്റുകളാണ് അശ്വിൻ നേടിയിട്ടുള്ളത്. ഇത്തവണത്തെ ഐപിഎൽ മെഗാ ലേലത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് അശ്വിനെ 9.75 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. ഇനി അശ്വിൻ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൽ മാത്രമാവും കളിക്കുക എന്ന് ഉറപ്പിച്ചിരിക്കുകയാണ്.

Previous articleചരിത്രം കുറിച്ച് ബുമ്ര.  കപിൽ ദേവിനെ പിന്തള്ളി വിക്കറ്റ് വേട്ടയിൽ ഒന്നാമത്