അശ്വിനെ ഇന്ത്യ പരിഗണിച്ചില്ല, നല്ല യാത്രയയപ്പും നൽകിയില്ല. മുൻ ഇന്ത്യൻ താരം പറയുന്നു.

ഗാബ ടെസ്റ്റ് മത്സരത്തിന് ശേഷമാണ് ഇന്ത്യൻ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ എല്ലാത്തരം ക്രിക്കറ്റിൽ നിന്നുമുള്ള തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. എന്നാൽ അശ്വിൻ അർഹിച്ച രീതിയിലുള്ള ഒരു യാത്രയയപ്പ് അദ്ദേഹത്തിന് നൽകാൻ ഇന്ത്യൻ ടീമിന് സാധിച്ചില്ല എന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ സുബ്രഹ്മണ്യം ബദരീനാഥ്.

ഇന്ത്യ കുറച്ചുകൂടി ആഘോഷപരമായി അശ്വിനെ യാത്രയയക്കേണ്ടതുണ്ടായിരുന്നു എന്നാണ് ബദരീനാഥ് പറയുന്നത്. അശ്വിന്റെ പെട്ടെന്നുള്ള വിരമിക്കൽ പ്രഖ്യാപനം തന്നെ ഞെട്ടിച്ചു എന്ന് ബദരിനാഥ് പറയുന്നു. മാത്രമല്ല കുറച്ചുകൂടി നല്ല രീതിയിൽ ടെസ്റ്റ് ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാൻ യോഗ്യനായ വ്യക്തിയായിരുന്നു അശ്വിൻ എന്നും ബദരിനാഥ് കൂട്ടിച്ചേർത്തു.

ബോർഡർ- ഗവാസ്കർ ട്രോഫി പോലെ ഒരു നിർണായകമായ പരമ്പരയുടെ മധ്യഭാഗത്ത് വച്ച് അശ്വിൻ വിരമിച്ചത് തന്നെ ഒരുപാട് അത്ഭുതത്തിലാക്കി എന്നാണ് ബദരിനാഥ് പറഞ്ഞത്. “അതെന്നെ ഞെട്ടിച്ചു. സത്യസന്ധമായി പറഞ്ഞാൽ അവന് വേണ്ട രീതിയിൽ ഒരു യാത്രയയപ്പ് ലഭിച്ചു എന്ന് ഞാൻ കരുതുന്നില്ല. പെർത്തിലെ ടെസ്റ്റ് മത്സരത്തിന് ശേഷമാണ് അശ്വിൻ തന്റെ കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നത് എന്ന് രോഹിത് ശർമ പറയുകയുണ്ടായി. വാഷിംഗ്ടൺ സുന്ദർ അവനെക്കാൾ മുകളിൽ പെർത്ത് ടെസ്റ്റ്‌ മത്സരത്തിൽ കളിച്ചതിന് പിന്നാലെയാണ് അശ്വിൻ വിരമിക്കാൻ തീരുമാനിച്ചത്. അതിനർത്ഥം അശ്വിൻ അത്ര സന്തോഷവാനായിരുന്നില്ല എന്നതാണ്.”- ബദരിനാഥ് പറയുന്നു.

“തമിഴ്നാട് നിന്ന് വന്ന ഒരു ക്രിക്കറ്ററെ സംബന്ധിച്ച് ഇത്ര മികച്ച ഒരു കരിയർ ഉണ്ടാക്കിയെടുക്കുക എന്നത് വലിയ കാര്യമാണ്. അതിന് പിന്നിൽ ഒരുപാട് കാരണങ്ങളുമുണ്ട്. മറ്റുപല സംസ്ഥാനങ്ങളിൽ നിന്നും വരുന്ന താരങ്ങൾക്ക് ഇവിടെ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ ബാക്കി എല്ലാവരെയും മാറ്റിനിർത്തിക്കൊണ്ട് 500 വിക്കറ്റുകൾ ടെസ്റ്റ് ക്രിക്കറ്റിൽ സ്വന്തമാക്കാൻ അശ്വിന് സാധിച്ചു. അങ്ങനെയാണ് അവൻ ഒരു ഇതിഹാസമായി മാറിയിരിക്കുന്നത്.”- ബദരിനാഥ് കൂട്ടിച്ചേർക്കുകയുണ്ടായി.

“ഒരുപാട് വലിയ പ്രശ്നങ്ങളിൽ കൂടിയാണ് അശ്വിൻ ഇത്തരമൊരു നിലയിൽ എത്തിയത് എന്നെനിക്ക് ഉറപ്പാണ്. അവൻ പല സമയത്തും ഒരുപാട് പ്രതിസന്ധികൾ അനുഭവിച്ചിട്ടുണ്ടാവുമെന്ന് എനിക്കറിയാം. പലപ്പോഴും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും സൈഡ് ലൈനിൽ ഇരിക്കാനാണ് അവന് സാധിച്ചിട്ടുള്ളത്. എന്നാൽ എപ്പോഴൊക്കെ അവഗണിക്കപ്പെട്ടാലും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ അവൻ ഉയർത്തെഴുന്നേൽക്കുകയാണ് ഉണ്ടായിട്ടുള്ളത്. അവന് ക്രിക്കറ്റ് അവസാനിപ്പിക്കാം. പക്ഷേ ഈ രീതിയിൽ ആയിരുന്നില്ല അവന് യാത്രയയപ്പ് നൽകേണ്ടിയിരുന്നത്. അവനെ മികച്ച രീതിയിൽ തന്നെ എല്ലാവരും പരിഗണിച്ചു എന്ന് എനിക്ക് തോന്നിയിട്ടില്ല. അശ്വിനെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് വിഷമമുണ്ട്. കാരണം ഇത്തരമൊരു യാത്രയായിരുന്നില്ല അവൻ അർഹിച്ചിരുന്നത്.”- ബദരീനാഥ് പറഞ്ഞുവെക്കുന്നു.

Previous articleഇന്ത്യൻ ടെസ്റ്റ്‌ ടീമിൽ അശ്വിന് പകരക്കാരനാവാൻ സാധിക്കുന്ന 3 താരങ്ങൾ.