പഞ്ചാബ് കിങ്‌സ് എന്തുകൊണ്ട് തോൽക്കുന്നു :കാരണം കണ്ടെത്തി നെഹ്‌റ

ക്രിക്കറ്റ് പ്രേമികളുടെ എല്ലാം ആവേശം ഇപ്പോൾ ഐപിൽ പതിനാലാം സീസൺ മത്സരങ്ങൾ വീണ്ടും ആരംഭിക്കുന്ന ഒരൊറ്റ കാര്യത്തിലാണ്. വളരെ അധികം അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ രൂക്ഷ കോവിഡ് വ്യാപന സാഹചര്യത്തിലും ബാക്കിയുള്ള ഐപിൽ മത്സരങ്ങൾ എല്ലാം ഭംഗിയായി നടത്താമെന്നാണ് ബിസിസിഐയുടെ വിശ്വാസം. ടീമുകൾ എല്ലാം ഐപിൽ കിരീടം ലക്ഷ്യമാക്കി പരിശീലനം ആരംഭിച്ചെങ്കിലും യൂഎഇ പിച്ചുകളിലെ സാഹചര്യം ഏതൊക്കെ ടീമുകൾക്ക് സഹായകമാകുമെന്നത് പ്രവാചനാതീതമാണ്. സീസണിൽ പല ടീമുകളും പോയിന്റ് ടേബിളിൽ ഇപ്പോൾ താഴെയാണെങ്കിലും തുടർജയങ്ങൾ പ്ലേഓഫ്‌ പ്രവേശനം സമ്മാനിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരു ടീമാണ് പഞ്ചാബ് കിങ്‌സ്. ലോകേഷ് രാഹുൽ നയിക്കുന്ന ടീം നിലവിൽ ആറാം സ്ഥാനത്താണ്.

പതിനാലാം സീസണിൽ കളിച്ച എട്ടിൽ 5 മത്സരങ്ങളും തോറ്റ പഞ്ചാബ് കിങ്‌സ് മാറ്റവും തുടർ ജയങ്ങളുമാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.സീസണിലെ ബാക്കി ആറിൽ എല്ലാ മത്സരങ്ങളും ജയിക്കണം എന്നോരു അവസ്ഥയിലാണ് പഞ്ചാബ് ടീം. എന്നാൽ പഞ്ചാബ് കിങ്‌സ് ടീം ഐപിൽ സീസണുകളിൽ തുടർച്ചയായി അവസാന സ്ഥാനങ്ങളിൽ എത്തുന്നതിന്റെ കാരണം വിശദമാക്കുകയാണിപ്പോൾ മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്‌റ.

“ഐപിഎല്ലിൽ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ ഒരിക്കലും നമുക്ക് വിശ്വസിക്കാൻ കഴിയാത്ത ടീമാണ് പഞ്ചാബ് കിങ്‌സ് എന്നത് വ്യക്തം.പല മത്സരങ്ങളിലും വെടിക്കെട്ട് ബാറ്റിങ് പ്രകടനത്താൽ എത്ര വലിയ സ്കോറും അവർ മറികടക്കും.200ലധികം സ്കോർ അവർ മറികടക്കുന്നത് നാം ഐപിൽ മത്സരങ്ങളിൽ കണ്ടിട്ടുണ്ട്. അതേസമയം വെറും ചെറിയ സ്കോറുകളിൽ പോലും അവർ ദയനീയമായി പുറത്താകുന്നത് കാണുവാനും സാധിക്കും. ഒരിക്കലും ടീം മാനേജ്മെന്റ് അവരുടെ കളിക്കാരിൽ വിശ്വസിക്കുന്നില്ല എന്നതാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഒരു സീസൺ അവസാനിക്കുമ്പോൾ താരങ്ങളെ കൂടി മാറ്റുന്ന രീതി പഞ്ചാബ് ഇനിയെങ്കിലും ഉപേക്ഷിക്കണം “നെഹ്‌റ അഭിപ്രായം വിശദമാക്കി