റെക്കോഡുകള്‍ സ്വന്തമാക്കി അര്‍ഷദീപ് സിങ്ങിന്‍റെ 5 വിക്കറ്റ് നേട്ടം.

200 നപ്പുറം പോകുമെന്ന് തോന്നിയ രാജസ്ഥാന്‍ റോയല്‍സിനെ പിടിച്ചുകെട്ടിയത് അര്‍ഷദീപ് സിങ്ങാണ്. മത്സരത്തില്‍ രാജസ്ഥാന്‍ 185 ന് എല്ലാവരും പുറത്തായപ്പോള്‍ 5 വിക്കറ്റാണ് പഞ്ചാബിനു വേണ്ടി അര്‍ഷദീപ് നേടിയത്. നാലോവറില്‍ 32 റണ്‍സ് വഴങ്ങിയാണ് അഞ്ചു വിക്കറ്റ് നേട്ടം.

36 റണ്‍സുമായി നിന്ന എവിന്‍ ലൂയിസിനെ പുറത്താക്കിയാണ് അര്‍ഷദീപ് വിക്കറ്റ് വേട്ട ആരംഭിച്ചത്. പിന്നീട് നല്ല ഫോമില്‍ നിന്ന മഹിപാല്‍ ലോംറോറെയും, ലിയാം ലിവ്ങ്ങ്സ്റ്റോണിനെയും പുറത്താക്കി രാജസ്ഥാന്‍ റണ്‍ നിരക്ക് തടഞ്ഞു. പിന്നീട് അവസാന ഓവറില്‍ ചേതന്‍ സക്കറിയെയും, കാര്‍തിക് ത്യാഗിയെയും പുറത്താക്കിയാണ് 5 വിക്കറ്റ് നേട്ടം കൈവരിച്ചത്. ഐപിഎല്ലിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമാണ് അര്‍ഷദീപ് പുറത്തെടുത്ത്. കഴിഞ്ഞ സീസണില്‍ നടത്തിയ 3 ന് 23 എന്ന പ്രകടനമായിരുന്നു ഏറ്റവും മികച്ചത്‌.

മത്സരത്തില്‍ ചില റെക്കോഡുകളും അര്‍ഷദീപ് സിങ്ങ് സ്വന്തമാക്കി. ഐപിഎല്ലില്‍ 5 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് അര്‍ഷദീപ് സിങ്ങ്. രാജസ്ഥാനെതിരെ അഞ്ച് വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമാണ് ഈ പേസ് ബോളര്‍. ഇതിനു മുന്‍പ് നിലവിലെ പഞ്ചാബ് കോച്ചായ അനില്‍ കുംബ്ലെയാണ് ഇതിനു മുന്‍പ് 5 വിക്കറ്റ് നേട്ടം കൈവരിച്ചിരിക്കുന്നത്.

ഒരു അണ്‍ക്യാപഡ് താരത്തിന്‍റെ ഏറ്റവും മികച്ച നാലാമത്തെ ബോളിംഗ് പ്രകടനമാണ് അര്‍ഷദീപ് കാഴ്ച്ചവച്ചത്. അന്‍കിത് രാജ്പുട് (5/14), വരുണ്‍ ചക്രവര്‍ത്തി (5/20), ഹര്‍ഷല്‍ പട്ടേല്‍ (5/27) എന്നിവരാണ് പഞ്ചാബ് താരത്തിനു മുന്നിലായുള്ളത്.