അവരുടേത് അതുല്യ നേട്ടം :ആറ് ഇന്ത്യൻ താരങ്ങൾക്ക് ഥാർ എസ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര ഗ്രൂപ്പ്


ഓസ്‌ട്രേലിയയിലെ  ഐതിഹാസിക ടെസ്റ്റ് പരമ്പര നേട്ടത്തിന് പിന്നാലെ ആറ് ഇന്ത്യൻ താരങ്ങൾക്ക് ഥാർ-എസ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര ഗ്രൂപ്പ്. ടെസ്റ്റ് പരമ്പരയിൽ മുന്നും  പ്രകടനം കാഴ്ച്ചവച്ച ആറ് പേർക്കാണ് ആനന്ദ് മഹീന്ദ്രയുടെ സമ്മാനം. ഓപ്പണർ ശുഭ്മാൻ ഗിൽ, ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ, ബൗളർമാരായ സിറാജ്, ടി നടരാജ്, നവ്ദീപ് സൈനി, ഷാർദുൽ താക്കൂർ എന്നിവർക്കാണ് അപ്രതീക്ഷിത സമ്മാനം നൽകുവാൻ മഹീന്ദ്ര ഗ്രൂപ്പ് തീരുമാനം കൈകൊണ്ടത് .

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ ആറ് ഇന്ത്യന്‍ താരങ്ങള്‍ക്ക് മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്‌യുവി വാഹനമായ ‘ഥാര്‍’ സമ്മാനമായി നല്‍കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര തന്റെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു .
അസാധ്യമായത് നേടിയെടുക്കാന്‍ ഇനി വരുന്ന ഭാവി തലമുറക്ക് കൂടി പ്രചോദനം ആകും എന്നതിനാലാണ്  ആറ് യുവതാരങ്ങള്‍ക്കും സമ്മാനം നല്‍കുന്നതെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റിലൂടെ അറിയിച്ചു .

പ്രതിസന്ധികളെയെല്ലാം മറികടന്ന് വിജയസോപാനത്തില്‍ കയറിയ ഈ ഇന്ത്യൻ  താരങ്ങളെല്ലാം  പരമ്പരയിലെ മികവാർന്ന പ്രകടനത്തിലൂടെ ജീവിതത്തിന്‍റെ ഏത് തരം  മേഖലയിലുള്ളവര്‍ക്കും യഥാര്‍ത്ഥ പ്രചോദനമാണെന്നും ഇവര്‍ക്കെല്ലാം മഹീന്ദ്രയുടെ ഏറ്റവും പുതിയ ഥാര്‍ എസ്‌യുവി സമ്മാനമായി നല്‍കുന്നതില്‍ വ്യക്തിപരമായും തനിക്കും  ഏറെ സന്തോഷമുണ്ടെന്നും ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി.സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിച്ച് അധികമാരും സഞ്ചരിക്കാത്ത പാതയിലൂടെ യാത്ര ചെയ്ത് വിജയം വെട്ടിപ്പിടിച്ചതിനാലാണ് ഇവര്‍ക്ക് സമ്മാനം നല്‍കുന്നതെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പറഞ്ഞു.

നേരത്തെ  പേസർ താക്കൂർ ഒഴികെയുള്ള അഞ്ച് പേരും ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യയ്ക്കായി ടെസ്റ്റിൽ  ആദ്യമായി കളത്തിലിറങ്ങിയത്. 13 വിക്കറ്റ് സ്വന്തമാക്കിയ താരമാണ് സിറാജ്. ഷാർദുൽ താക്കൂറും സുന്ദറും നിർണായക പ്രകടനം കാഴ്ചവച്ചു. ശുഭ്മാന്റെ ബാറ്റിംഗും ടി നടരാജന്റെ  ബൗളിംഗും കളിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓസീസ് പര്യടനത്തിന് ശേഷം നാട്ടിൽ തിരികെയെത്തിയ ഇന്ത്യൻ താരങ്ങൾക്കെല്ലാം വലിയ സ്വീകരണമാണ് ജന്മനാടുകളിൽ ലഭിക്കുന്നത് .