“എന്നെ വിളിച്ച് അവൻ കുറെ കരഞ്ഞു, അച്ഛൻ സന്തോഷവാനാണോ എന്ന് മാത്രം ചോദിച്ചു”.. ജയസ്വാളിന്റെ പിതാവിന്റെ വാക്കുകൾ.

തന്റെ അരങ്ങേറ്റമത്സരത്തിൽ ത്രസിപ്പിക്കുന്ന ഇന്നിംഗ്സ് കാഴ്ചവച്ചാണ് യുവതാരം ജയസ്വാൾ ഇന്ത്യൻ ടീമിലേക്ക് എത്തിയിരിക്കുന്നത്. വിൻഡിസിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ജയസ്വാൾ ആദ്യ മത്സരത്തിൽ നേടിയത് 171 റൺസ് ആണ്. മത്സരത്തിൽ ജയസ്വാളിന്റെ മികവിൽ ഇന്നിങ്സിനും 141 റൺസിനും വെസ്റ്റിൻഡീസ് നിരയെ പരാജയപ്പെടുത്താൻ ഇന്ത്യക്ക് സാധിച്ചു. മാത്രമല്ല തന്റെ ആദ്യ മത്സരത്തിൽ തന്നെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡും ജയസ്വാൾ സ്വന്തമാക്കുകയുണ്ടായി. ഇന്ത്യക്കായി അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടുന്ന പതിനേഴാമത്തെ താരമാണ് ജയിസ്‌വാൾ. എന്നാൽ സെഞ്ചുറി സ്വന്തമാക്കിയതിനുശേഷമുള്ള ജയസ്വാളിന്റെ വൈകാരിക നിമിഷങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ പിതാവ് ഭൂപേന്ദ്ര ഇപ്പോൾ. മത്സരത്തിൽ മികച്ച ഇന്നിങ്സ് കാഴ്ചവച്ചതിനുശേഷം ജയസ്വാൾ തന്നെ ഫോൺ ചെയ്ത് സംസാരിച്ച കാര്യങ്ങളാണ് പിതാവ് വെളിപ്പെടുത്തിയിരിക്കുന്നത്.

മത്സരത്തിൽ സെഞ്ചുറി കണ്ടെത്തിയശേഷം ജയസ്വാൾ ഫോണിൽ തന്നെ വിളിച്ചിരുന്നുവെന്നും, ഒരുപാട് സമയം കരയുകയാണ് ഉണ്ടായതെന്നും അദ്ദേഹത്തിന്റെ പിതാവ് പറയുന്നു. “വെളുപ്പിനെ 4.30നോട് അടുത്താണ് അവൻ എന്നെ വിളിച്ചത്. രണ്ടാം ദിവസം സെഞ്ചുറി സ്വന്തമാക്കിയതിനുശേഷം ആയിരുന്നു കോൾ. അവന് അവന്റെ കണ്ണീരിനെ അടക്കി നിർത്താൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഞാനും ഒരുപാട് കരഞ്ഞു. അതൊരു വൈകാരിക നിമിഷം തന്നെയായിരുന്നു. ഫോൺ എടുത്ത ശേഷവും ഒരുപാട് സമയം സംസാരിക്കാൻ അവന് സാധിച്ചിരുന്നില്ല. അവൻ നന്നായി ക്ഷീണിതനായിരുന്നു. അച്ഛൻ സന്തോഷവാനാണോ എന്നത് മാത്രമാണ് അവൻ എന്നോട് ചോദിച്ചത്.”- ഭൂപേന്ദ്ര പറയുന്നു.

തന്റെ അരങ്ങേറ്റ മത്സരത്തിലെ പറ്റി ജയസ്വാളും മത്സരശേഷം സംസാരിക്കുകയുണ്ടായി. “എന്റെ ചെറുപ്പകാലം മുതൽ ഞാൻ ഇന്ത്യയ്ക്കായി കളിക്കാൻ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ച് അതി വൈകാരികമായി നിമിഷമാണിത്. ഇതൊരു തുടക്കം മാത്രമാണ്. ഈ യാത്രയിൽ ഒരുപാട് ആളുകൾ എന്നെ സഹായിക്കുകയുണ്ടായി. എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ഒപ്പം ഇന്ത്യൻ ടീം സെലക്ടർമാർക്കും ക്യാപ്റ്റനും നന്ദി പറയുന്നു. അവർ എന്നെ വിശ്വസിക്കുകയുണ്ടായി.”- ജയസ്വാൾ കൂട്ടിച്ചേർക്കുന്നു.

എന്തായാലും ജയസ്വാളിന്റെ കരിയറിന് തകർപ്പൻ തുടക്കം തന്നെയാണ് ലഭിച്ചിരിക്കുന്നത്. അരങ്ങേറ്റ ടെസ്റ്റിൽ ഇന്ത്യക്കായി ഏറ്റവുമധികം റൺസ് നേടുന്ന മൂന്നാമത്തെ താരമായി ജയസ്വാൾ മത്സരത്തിൽ മാറുകയുണ്ടായി. അതിനാൽ തന്നെ വരുന്ന മത്സരത്തിലും ഇത്തരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ ടീമിലെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ജയസ്വാൾ. ജൂലൈ 20നാണ് വെസ്റ്റിൻഡീസിനെതിരായ ഇന്ത്യയുടെ അവസാനത്തെ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.