പുൾ ഷോട്ട് കളിച്ച് ഇനിയും സഞ്ജു പുറത്താവാതിരിക്കാൻ ഉപദേശവുമായി അമ്പാട്ടി റായുഡു.

ഇംഗ്ലണ്ടിനെതിരായ 3 ട്വന്റി20 മത്സരങ്ങളിലും മലയാളി താരം സഞ്ജു സാംസൺ ഒരേ രീതിയിലായിരുന്നു പുറത്തായത്. ജോഫ്ര ആർച്ചർക്കെതിരെ ഷോട്ട് കളിക്കാൻ ശ്രമിക്കവേ സഞ്ജുവിന് തന്റെ വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു.

ഇതിന് ശേഷം വലിയ വിമർശനങ്ങളും സഞ്ജുവിനെതിരെ ഉയർന്നു. എന്നാൽ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ തരം അമ്പാട്ടി റായിഡു. ആർച്ചർക്കെതിരെ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ, സഞ്ജു സാംസൺ മറ്റു ബോളർമാരെ ലക്ഷ്യം വയ്ക്കാനാണ് ഇനി ശ്രമിക്കേണ്ടത് എന്ന് അമ്പട്ടി റായിഡു പറയുകയുണ്ടായി.

“സഞ്ജുവിന്റെ ഈ പ്രകടനത്തിനെ ഞാൻ വലിയ നിരാശയായി കാണുന്നില്ല. പക്ഷേ ഇത്തരത്തിൽ പുറത്താകേണ്ട താരമല്ല സഞ്ജു സാംസൺ. അതുകൊണ്ടുതന്നെ ആ സ്പെൽ എങ്ങനെയെങ്കിലും സഞ്ജു കടത്തിവിടുകയാണ് ചെയ്യേണ്ടത്. അതിനുശേഷം മറ്റു ബോളർമാരെ സഞ്ജു ലക്ഷ്യം വയ്ക്കണം. സൂര്യകുമാർ യാദവിന്റെ കാര്യമെടുത്താൽ ഒരു പേസ് ബോളർ പോലും അവന് വേണ്ട രീതിയിലുള്ള പേസ നൽകുന്നില്ല. വിക്കറ്റിൽ നിന്നും അവന് പേസും ബൗൺസും ലഭിക്കുന്നില്ല. അത് മനസ്സിലാക്കി സൂര്യയും കളിക്കണം.”- റായിഡു പറഞ്ഞു.

“നിലവിൽ സൂര്യകുമാർ യാദവിനെതിരെ വ്യക്തമായ പദ്ധതികളുമായാണ് എല്ലാ ബോളർമാരും എത്തുന്നത്. അതുകൊണ്ടു തന്നെ അവന് പേസ് നൽകാൻ ആരും തയ്യാറാവുന്നില്ല. കാരണം പേസ് ഉള്ള പന്തുകൾക്കെതിരെ കൃത്യമായ ഷോട്ടുകൾ കളിച്ച് റൺസ് സ്വന്തമാക്കാൻ അവന് സാധിക്കും. ഇപ്പോൾ സൂര്യ ചെയ്യേണ്ടത് ക്രീസിൽ അല്പസമയം കൂടി ചിലവഴിക്കാൻ ശ്രമിക്കുക എന്നതാണ്. അടിസ്ഥാനപരമായ കാര്യങ്ങളിൽ കുറച്ചുകൂടി ശ്രദ്ധ ചെലുത്തിയാൽ സൂര്യയ്ക്ക് കൂടുതൽ സമയം തുടരാനും ഷോട്ടുകൾ കളിക്കാനും സാധിക്കും.”- റായുഡു കൂട്ടിച്ചേർക്കുന്നു.

“സഞ്ജുവിന്റെ മാനസിക നിലയിലും വലിയ പ്രശ്നങ്ങളുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇതൊരു ചെറിയ ടെക്നിക്കൽ പിഴവ് മാത്രമാണ്. കാരണം അവൻ എപ്പോഴും റൂം സൃഷ്ടിക്കാനായി ശ്രമിക്കുന്നു. അത്തരത്തിൽ നമ്മൾ റൂം ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ നമ്മുടെ പിന്നിലത്തെ കാല് ലെഗ്ഗ് സ്റ്റമ്പിലേക്ക് മാറുന്നു. പുൾ ഷോട്ട് കളിക്കുമ്പോൾ നമ്മുടെ കൈ പൂർണ്ണമായി ഫ്രീയായി മാറില്ല. ഈ ചലനങ്ങളോടെ പുൾ ഷോട്ട് കളിക്കുമ്പോൾ ബോൾ നമ്മളെ പിന്തുടരുകയാണെങ്കിൽ, പുറത്താവാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നിരുന്നാലും സഞ്ജു സാംസൺ ഷോട്ട് ബോളുകൾക്കെതിരെ വളരെ നന്നായി കളിക്കുന്ന താരമാണ് എന്ന കാര്യത്തിൽ സംശയമില്ല. ഈ ആംഗിളുകളാണ് സഞ്ജുവിനെ ബുദ്ധിമുട്ടിക്കുന്നത് എന്ന് ഞാൻ കരുതുന്നു.”- റായുഡു പറഞ്ഞുവെക്കുന്നു.