ദിനേശ് കാര്‍ത്തികോ ? റിഷഭ് പന്തോ ? ടീമില്‍ വരേണ്ടത് ആര് എന്ന് ചൂണ്ടികാട്ടി ഓസ്ട്രേലിയന്‍ ഇതിഹാസം

ഈ വര്‍ഷം നടക്കുന്ന ഓസ്ട്രേലിയന്‍ ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ രണ്ട് വിക്കറ്റ് കീപ്പര്‍മാരാണ് ഇടം പിടിച്ചത്. റിഷഭ് പന്തും ദിനേശ് കാര്‍ത്തികുമാണ് ടീമില്‍ ഇടം നേടിയത്. എന്നാല്‍ ഇരുവര്‍ക്കും ഒരുമിച്ച് പ്ലേയിങ്ങ് ഇലവനില്‍ ഇടം നേടാന്‍ അവസരം ലഭിച്ചട്ടില്ലാ. ഇപ്പോഴിതാ ഇവര്‍ രണ്ട് പേരില്‍ നിന്നും ആര് പ്ലേയിങ്ങ് ഇലവനില്‍ എത്തണം എന്ന് അഭിപ്രായപെടുകയാണ് ഓസ്ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്.

സാഹചര്യം എന്തുതന്നെയായാലും പന്തിനെ ബെഞ്ചിലാക്കുന്നതിനെ താൻ അനുകൂലിക്കുന്നില്ലെന്ന് ഗിൽക്രിസ്റ്റ് പറഞ്ഞു

“റിഷഭ് പന്തിന്റെ ധൈര്യം അവൻ ബൗളിംഗ് ആക്രമണങ്ങൾ ഏറ്റെടുക്കുന്ന രീതിയാണ്. ആ ഇന്ത്യൻ നിരയിൽ അവൻ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് ഞാൻ കരുതുന്നു. അവർക്ക് ഒരുമിച്ച് കളിക്കാൻ കഴിയും, പക്ഷേ ഋഷഭ് പന്തിന് തീർച്ചയായും അവസരം ലഭിക്കണം എന്ന് ഞാൻ കരുതുന്നു. അവന്‍ അവിടെ ഉണ്ടായിരിക്കണം,” ഗിൽക്രിസ്റ്റ് ഐസിസിയോട് പറഞ്ഞു.

”ഇരുവർക്കും ഒരേ ടീമിൽ കളിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. ദിനേശ് കാര്‍ത്തിക് വൈവിധ്യമുള്ള ബാറ്ററാണ്. ടോപ് ഓര്‍ഡറിലും മധ്യ, സ്ലോഗ് ഓവറുകളിലും ബാറ്റ് ചെയ്യാം” മൂന്ന് തവണ ലോകകപ്പ് നേടിയ ഓസ്‌ട്രേലിയൻ ഇതിഹാസം കൂട്ടിച്ചേർത്തു.