ഏറ്റവും മികച്ച 3 വിക്കറ്റ് കീപ്പർമാരെ തിരഞ്ഞെടുത്ത് ഗില്‍ക്രിസ്റ്റ്. ലിസ്റ്റിൽ ഇന്ത്യൻ താരവും.

20240821 172911

ലോകക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളാണ് ഓസ്ട്രേലിയൻ താരം ആദം ഗില്‍ക്രിസ്റ്റ്. തന്റെ കരിയറിൽ ഒരുപാട് നേട്ടങ്ങൾ വിക്കറ്റിന് പിന്നിൽ നേടിയെടുക്കാൻ ഗില്ലിയ്ക്ക് സാധിച്ചിട്ടുണ്ട്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരെ തിരഞ്ഞെടുത്തിരിക്കുകയാണ് ആദം ഗില്‍ക്രിസ്റ്റ് ഇപ്പോൾ.

ക്രിക്കറ്റിലെ ഏറ്റവും മികച്ച 3 വിക്കറ്റ് കീപ്പർമാരെയാണ് ഗില്ലി തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയുടെ മുൻനായകൻ മഹേന്ദ്ര സിംഗ് ധോണിയും ഗില്ലിയുടെ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ഓസ്ട്രേലിയയുടെ മുൻ വിക്കറ്റ് കീപ്പർ റോഡ്നി മാർഷ്, മഹേന്ദ്ര സിംഗ് ധോണി, ശ്രീലങ്കൻ വിക്കറ്റ് കീപ്പർ കുമാർ സംഗക്കാര എന്നിവരാണ് താൻ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാർ എന്ന് ഗില്‍ക്രിസ്റ്റ് പറഞ്ഞു

ഇവരെ തിരഞ്ഞെടുക്കാനുള്ള കാരണവും ഗില്ലി വ്യക്തമാക്കുകയുണ്ടായി. “ഒന്നാമത്തേത് റോഡ്നി മാർഷ് ആണ്. അദ്ദേഹമാണ് എന്റെ റോൾ മോഡൽ. അദ്ദേഹത്തെപ്പോലെ ആവണം എന്നായിരുന്നു എന്റെ ആഗ്രഹം. രണ്ടാമതായി ഞാൻ തിരഞ്ഞെടുക്കുന്ന വിക്കറ്റ് കീപ്പർ മഹേന്ദ്ര സിംഗ് ധോണിയാണ്. ധോണിയുടെ ശാന്തതയുള്ള സ്വഭാവം എനിക്ക് വളരെ ഇഷ്ടമാണ്.”

”തന്റേതായ വഴിയിൽ ശാന്തത പുലർത്തി കൃത്യമായി മത്സരങ്ങളിൽ വിജയം സ്വന്തമാക്കാൻ ധോണിയ്ക്ക് സാധിക്കാറുണ്ട്. മൂന്നാമതായി ഞാൻ തിരഞ്ഞെടുക്കുന്ന വിക്കറ്റ് കീപ്പർ കുമാർ സംഗക്കാരയാണ്. എല്ലാ തരത്തിലും ഒരു ക്ലാസ് താരമാണ് സംഗക്കാര. മുൻനിരയിൽ ബാറ്റിംഗിനിറങ്ങി മികച്ച പ്രകടനം കാഴ്ചവയ്ക്കാനും വിക്കറ്റിന് പിന്നിൽ മികവ് പുലർത്താനും സംഗക്കാരയ്ക്ക് കരിയറിൽ സാധിച്ചിട്ടുണ്ട്.”- ഗില്ലി പറഞ്ഞു.

Read Also -  2025 ഐപിഎൽ ലേലത്തിൽ ഏറ്റവും ഡിമാൻഡുള്ള ബോളർമാർ. ബുംറയടക്കം 3 പേർ.

ഓസ്ട്രേലിയക്കായി 1970 മുതൽ 1984 വരെ കളിച്ച താരമാണ് റോഡ്നി മാർഷ്. 96 ടെസ്റ്റ് മത്സരങ്ങളാണ് മാർഷ് ഓസ്ട്രേലിയക്കായി കളിച്ചിട്ടുള്ളത്. ഇതിനിടെ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഇക്കാരണത്താൽ കൂടിയാണ് ഗില്‍ക്രിസ്റ്റ് മാർഷിനെ താൻ കണ്ട മികച്ച വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്തതും. 2024ൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കാനിരിക്കുന്ന ബോർഡർ- ഗവാസ്കർ ടെസ്റ്റ് പരമ്പരയിൽ ആര് വിജയം സ്വന്തമാക്കും എന്നും ഗില്‍ക്രിസ്റ്റ് ഇതിനോടൊപ്പം പ്രവചിക്കുകയുണ്ടായി. ഓസ്ട്രേലിയ പരമ്പരയിൽ വിജയം സ്വന്തമാക്കുമെന്ന് താൻ കരുതുന്നതായി ഗില്ലി പറഞ്ഞു.

“വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയയ്ക്ക് ഒരുപാട് കാര്യങ്ങൾ തെളിയിക്കാനുണ്ട്. തങ്ങളുടെ നാട്ടിൽ തങ്ങൾക്ക് കൃത്യമായി ആധിപത്യം പുലർത്താൻ സാധിക്കുമെന്ന് ഓസ്ട്രേലിയ തെളിയിക്കണം. മറുവശത്ത് വിദേശ പിച്ചുകളിൽ ഏത് തരത്തിൽ വിജയം സ്വന്തമാക്കാമെന്ന് കൃത്യമായി ഉറപ്പുള്ള ടീമാണ് ഇന്ത്യ. എന്നിരുന്നാലും പരമ്പരയിൽ ഓസ്ട്രേലിയ വിജയം സ്വന്തമാക്കുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷേ വളരെ മികച്ച മത്സരങ്ങൾ തന്നെയാവും നടക്കാൻ പോകുന്നത്.”- ഗില്‍ക്രിസ്റ്റ് കൂട്ടിച്ചേർക്കുന്നു.

Scroll to Top